തിരുവനന്തപുരം മെട്രോ കൊച്ചി മെട്രോ മാതൃകയിൽ; ആറ് മാസത്തിനുള്ളിൽ പണി തുടങ്ങും,

0
35

ആകെ ചെലവിന്‍റെ 20 ശതമാനം കേന്ദ്രവും 20 ശതമാനം കേന്ദ്രസര്‍ക്കാരും വഹിക്കും. ബാക്കി 60 ശതമാനം വായ്പയായിരിക്കുമെന്നും കെ.എം.ആർ.എൽ എംഡി ലോക്‌നാഥ് ബെഹ്റ ഇ ടിവി ഭാരതിനോട് പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ (നവംബർ 7) അംഗീകാരം നൽകിയ തിരുവനന്തപുരം മെട്രോ, കൊച്ചി മെട്രോയുടെ അതെ മാതൃകയിലാവും പ്രവർത്തിക്കുകയെന്ന് കെ.എം.ആർ.എൽ. ആകെ ചെലവിന്‍റെ 20 ശതമാനം കേന്ദ്രവും 20 ശതമാനം കേന്ദ്രസര്‍ക്കാരും വഹിക്കും. ബാക്കി 60 ശതമാനം വായ്പയായിരിക്കുമെന്നും കെ.എം.ആർ.എൽ എംഡി ലോക്‌നാഥ് ബെഹ്റ ഇ ടിവി ഭാരതിനോട് പറഞ്ഞു. ഡിപിആര്‍ തയാറാക്കിയ ശേഷം കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തിനു സമര്‍പ്പിക്കും. പദ്ധതിക്ക് അനുമതി ലഭിച്ചാലുടന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ബെഹ്റ വ്യക്തമാക്കി. ദേശീയപായ്ക്ക് മുകളിലൂടെയുള്ള നിര്‍മാണങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ഇതിനായി അഞ്ചു അലൈൻമെന്‍റുകളാണ് സർക്കാരിലേക്ക് സമർപ്പിച്ചതെന്നും പൊതുജനങ്ങളുടെയും മറ്റു ജനകീയ സംഘടനകളുടെയും നിർദേശം പരിഗണിച്ചാണ് ഒടുവിൽ 31 കിലോമീറ്റർ ദൈർഘ്യവും 27 സ്റ്റേഷനുകളുമുള്ള അലൈൻമെന്‍റിന് അംഗീകാരം നൽകിയതെന്നും കെ.എം.ആർ.എൽ പ്രതിനിധി ജയകുമാർ ഇ ടി വി ഭാരതിനോട് പറഞ്ഞു.

8000 കോടി രൂപയുടെ ചിലവാണ് പദ്ധതിയുടെ നിർമാണത്തിന് പ്രതീക്ഷിക്കുന്നത്. സർക്കാരിലേക്ക് സമർപ്പിച്ച എല്ലാ അലൈൻമെന്‍റുകളിലും ശ്രീകാര്യം, ഉള്ളൂര്‍, പട്ടം മേൽപ്പാലങ്ങൾ ആവശ്യമായതായി കണ്ടു. ഇതിന്‍റെ ഭാഗമായാണ് മൂന്നിടത്തേയും മേൽപ്പാല നിർമാണ ചുമതല കെ എം ആർ എല്ലിന് നേരത്തെ തന്നെ കൈമാറിയത്. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.

നിർദിഷ്ട പാതയ്ക്ക് അംഗീകാരം ലഭിച്ചതോടെ സർക്കാരിലേക്ക് വിശദമായി ഡി പി ആർ ഉടനെ സമർപ്പിക്കണം. ഡി പി ആറിന് സാങ്കേതിക്കാനുമതി (technical sanction) ലഭിച്ചാൽ ആറു മാസത്തിനകം നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയകുമാർ വിശദീകരിച്ചു.

ടെക്നോപാര്‍ക്കിന്‍റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്‍റിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയത്. പാപ്പനംകോട് നിന്നാരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്ന മെട്രോ റെയിലിന് 31 കിലോമീറ്റര്‍ ദൈര്‍ഘ്യവും 27 സ്റ്റേഷനുകളുമുണ്ടായിരിക്കും. കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കാര്യവട്ടം എന്നിവടങ്ങളിൽ ഇന്‍റര്‍ചേഞ്ച്‌ സ്റ്റേഷനുകളും ഉണ്ടാകും.

മോണോ റെയിൽ മുതൽ ലൈറ്റ് മെട്രോ വരെ

2000 മുതൽ കൊച്ചി മെട്രോയുടെ ചർച്ചകളോടൊപ്പം തന്നെയാണ് തിരുവനന്തപുരത്തും മെട്രോ എന്ന ആവശ്യം ഉയരുന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനായിരുന്നു (DMRC) മെട്രോ റെയിൽ നിർദ്ദേശം ആദ്യഘട്ടത്തിൽ മുന്നോട്ടുവെച്ചത്. പ്രധാനമായും ചെലവ് പരിഗണിച്ചായിരുന്നു ഇതു തള്ളിപ്പോയത്.

2012 ലായിരുന്നു പിന്നീട് തിരുവനന്തപുരം മെട്രോയുടെ ചർച്ചകൾ വീണ്ടും സജീവമാകുന്നത്. മെട്രോയ്ക്ക് പകരം ചിലവ് കുറഞ്ഞ മോണോ റെയിൽ നടപ്പിലാക്കാനായിരുന്നു നീക്കം. ഇതിനായി 2012-ൽ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRTL) എന്ന പ്രത്യേക കമ്പനിയും രൂപീകരിച്ചു. ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ തന്നെയായിരുന്നു മോണോ റെയിലിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) സമർപ്പിച്ചത്.

നിർമാണച്ചെലവിലുണ്ടായ വർദ്ധനവും സാങ്കേതിക വെല്ലുവിളികളും കാരണം മോണോ റെയിൽ പദ്ധതി ഉപേക്ഷിച്ചു. പകരം, കൊച്ചി മെട്രോ മാതൃകയിൽ ലൈറ്റ് മെട്രോ (LRT) മതിയെന്ന് സംസ്ഥാന സർക്കാർ 2014-ൽ തീരുമാനിച്ചു. അലൈൻമെൻ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും കേന്ദ്ര സർക്കാരിൻ്റെ പുതിയ മെട്രോ റെയിൽ നയങ്ങളും പദ്ധതിയെ കാര്യമായി ബാധിച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് 2018-ൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ താൽക്കാലിക കൺസൾട്ടൻ്റ് സ്ഥാനം ഒഴിയുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

പിന്നീട്, സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്ക് ഒരു സ്ഥാപനം മതി എന്ന കേന്ദ്ര നിർദ്ദേശത്തെത്തുടർന്ന് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് പിരിച്ചുവിട്ട് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (KMRL) ഏൽപ്പിച്ചു. മെട്രോ ചർച്ചകളുടെ 25 ആം വാർഷിക്കത്തിലാണ് ഒരു തിരഞ്ഞെടുപ്പ് കാലത്തിന് തൊട്ടു മുൻപായി സർക്കാർ മെട്രോ പാതയ്ക്ക് അംഗീകാരം നൽകുന്നത്. തലസ്ഥാന നഗരവാസികൾ കാണുന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനി എത്രനാൾ കാത്തിരിക്കണം എന്ന് കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here