തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകുമെന്ന് ഉറപ്പിച്ച് കെ ജയകുമാര്‍

0
32

ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ ജയകുമാറിനെ നിയമിക്കുമെന്ന് സൂചന. മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമാണ് ജയകുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാറിനെ നിയമിക്കാൻ ഒരുങ്ങുന്നു. ദേവസ്വം ബോർഡ് പ്രസിഡൻ്റായി തന്നെ നിയമിക്കാനൊരുങ്ങുന്ന കാര്യം ജയകുമാർ തന്നെയാണ് അറിയിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രി വി എൻ വാസവനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും അദ്ദേഹം ഇതുമായി സംബന്ധിച്ച കാര്യം സംസാരിച്ചുവെന്നും ജയകുമാർ പറഞ്ഞു. തിങ്കളാഴ്‌ചയോടെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങുമെന്ന് പ്രതീക്ഷക്കുന്നെന്നും ജയകുമാർ പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡൻ്റായി എത്തുമ്പോൾ പ്രഥമപരിഗണന നവംബർ 17 ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഭക്തർക്കായി സുഗമമായി നടത്തുക എന്നതാണെന്നും ജയകുമാർ പറഞ്ഞു.

ശബരിമല സ്വർണ കൊള്ള വിഷയം ഉൾപ്പെടെ വിവിധ വിവാദങ്ങളിൽ മുൻകാല ഉടമകൾ കുടങ്ങിയതിനാൽ ഈ പദവി ഏറ്റെടുക്കുന്നത് “മുൾകീരിടം” ധരിക്കുന്നതിന് തുല്യമാകുമോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോട് എല്ലാ കിരീടങ്ങൾക്കും മുള്ളുകളില്ല. നിങ്ങൾ അത് എങ്ങനെ ധരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ശബരിമല സ്വർണ വിവാദം പോലുള്ള കാര്യങ്ങൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ജയകുമാർ പറഞ്ഞു. ദൈവവിശ്വാസിയായ താൻ ഈ പദവി ഒരു ദൈവനിയോഗമായി കണക്കാക്കുന്നവെന്നും ജയകുമാർ പറഞ്ഞു.

അതേസമയം ശബരിമല ഒരു പ്രധാന ഉത്തരവാദിത്തമാണെങ്കിലും ബോർഡിന് അതിൻ്റെ അധികാരപരിധിയിലുള്ള മറ്റ് നിരവധി ക്ഷേത്രങ്ങളുടെ മേൽനോട്ടം വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജയകുമാർ മുൻപും ശബരിമലയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ജയകുമാർ. രണ്ട് തവണ സ്‌പെഷൽ കമ്മിഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്‌റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അതേസമയം ഈ മാസം 10 ന് കാലാവധി അവസാനിക്കേണ്ട ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻ്റിനെ മാറ്റുന്നത് നിലവിലെ സാഹചര്യത്തിൽ ഗുണകരമാകില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷവും ബിജെപിയും പ്രസിഡൻ്റിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഈ നടപടി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here