സമീപത്തായി മനുഷ്യൻ്റെ മുഖത്തിനോട് സാദൃശ്യമുള്ള അവ്യക്തമായ രൂപവും കൊത്തിവച്ചിട്ടുണ്ട്.
കാസർകോട്: ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന മടിക്കൈ പഞ്ചായത്തിലെ എരിക്കുളം വലിയപാറയിലെ ശിലാ ചിത്രമായ ‘തോരണം’ അന്വേഷിച്ച് എത്തിയ ഗവേഷകർ പരുന്തിൻ്റെയും പാമ്പിൻ്റെയും ചിത്രങ്ങൾ കണ്ടെത്തി. പുൽമേടുകൾക്കിടയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കോറിയിട്ടതെന്ന് കരുതുന്ന പരുന്തിൻ്റെയും പാമ്പിൻ്റെയും ചിത്രങ്ങളാണ് കണ്ടെത്തിയത്.
കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്‌തു ഗവേഷകൻ സതീശൻ കാളിയാനം ബറോഡ സർവ്വകലാശാലയിലെ പുരാവസ്‌തു വിഭാഗം വിദ്യാർഥികളായ അനഘ ശിവരാമകൃഷ്‌ണൻ, അസ്‌ന ജിജി എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് ശിലാ ചിത്രങ്ങൾ കണ്ടെത്തിയത്.
സമീപത്തായി മനുഷ്യൻ്റെ മുഖത്തിനോട് സാദൃശ്യമുള്ള അവ്യക്തമായ രൂപവും കൊത്തിവച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ വയനാട് വരെ ചെങ്കൽ പാറകളിൽ സമാന രീതിയിലാണ് പ്രാചീന മനുഷ്യർ ശിലാ ചിത്രങ്ങൾ വരച്ചു വച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്തിന് സമീപത്തുള്ള ചെങ്കൽ പാറകളിൽ കാണപ്പെടുന്ന ആയിരത്തിലധികം ശിലാ ചിത്രങ്ങൾക്ക് പന്ത്രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പുരാവസ്‌തു ഗവേഷകരുടെ നിഗമനം.
നൂറ്റാണ്ടുകൾക്ക് മുമ്പ് എരിക്കുളത്ത് ജീവിച്ചിരുന്ന മനുഷ്യർ വിശ്രമവേളകളിൽ പുൽമേടുകൾ നിറഞ്ഞ വിശാലമായ വലിയ പാറയിൽ ഇരതേടി പറന്നിങ്ങുന്ന പരുന്തിൻ്റെയും പുല്ലുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിൻ്റെയും രൂപങ്ങൾ കൊത്തിവച്ചതായിരിക്കാനാണ് സാധ്യതയെന്ന് ഗവേഷകർ പറയുന്നു. മരച്ചില്ലയിൽ പറന്നിറങ്ങുന്ന രീതിയിൽ ഒരു കാൽ പുറത്തേക്ക് നീട്ടിയാണ് പരുന്തിൻ്റെ ചിത്രം വരച്ചു വച്ചിട്ടുള്ളത്. നീലേശ്വരം ആലിൻകീഴിൽ പാമ്പുകൊത്തിപ്പാറയിലെ സർപ്പത്തിൻ്റെ ശിലാ ചിത്രവുമുണ്ട്
തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ വലിയ പാറയ്ക്ക് സമീപമുള്ള ഉമ്മിച്ചിയിൽ പാറപ്പുറത്ത് മൃഗങ്ങളുടെ കാൽപാടുകൾ കൊത്തിവച്ചിട്ടുണ്ട്. മൃഗങ്ങളുടെ പത്തിലധികം കാൽപ്പാടുകളാണ് പാറയിൽ കൊത്തി വച്ചിട്ടുള്ളത്. നിരീക്ഷണങ്ങളിൽ ചീമേനി അരിയിട്ട പാറയിലും മനുഷ്യൻ്റേയും മൃഗങ്ങളുടേയും ചിത്രങ്ങൾക്ക് പുറമേ മൃഗങ്ങളുടെ അറുപതിലധികം കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
കാഞ്ഞിരപൊയിലിൽ നാൽപതിലധികം ജോഡി പാദമുദ്രകൾ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലുകളോടെ കാസർകോട് ജില്ലയിൻ നിന്ന് മാത്രം കണ്ടെത്തിയ ശിലാ ചിത്രങ്ങൾ ഇരുന്നൂറ് കവിഞ്ഞു. ശിലാ ചിത്രങ്ങൾ സംരക്ഷിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വിലപ്പെട്ട ചരിത്ര ശേഷിപ്പുകളാണ് നഷ്‌ടപ്പെട്ടു പോകുകയെന്ന് ഗവേഷകർ പറയുന്നു.
നിരവധി അസ്ഥി കഷണങ്ങളും പുരാതന വസ്‌തുക്കളും
മഹാശിലാ സംസ്‌കാരത്തിന്‍റെ ഒരായിരം സ്‌മാരകങ്ങൾ കാസർകോട് ജില്ലയിൽ കാണാം. മാസങ്ങൾക്ക് മുമ്പ് ജലജീവൻ മിഷൻ പദ്ധതിയിൽ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോൾ നിരവധി അസ്ഥി കഷണങ്ങളും പുരാതന വസ്‌തുക്കളും കണ്ടെത്തിയിരുന്നു. 2000 വർഷങ്ങൾക്ക് മുമ്പുള്ള മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകളാണ് ഇവയെന്ന് ചരിത്ര ഗവേഷകർ പറഞ്ഞിരുന്നു.
ബന്തടുക്ക മണിമൂലയിൽ മണ്ണുമാന്തിയന്ത്രം കുഴിയെടുത്തതിന് താഴെയായാണ് ചെങ്കല്ലറയും മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകളും കണ്ടെത്തിയത്. മൺചട്ടികൾ, വലിയ ഒരു പാത്രത്തിൻ്റെ അടപ്പ് പോലുള്ള മൺപാത്രം, അടുപ്പിന് ഉപയോഗിക്കുന്ന രീതിയിൽ നിർമിച്ച മൂന്ന് കലോട് കൂടിയ ഇരുമ്പ് സ്‌റ്റാൻ്റ്, പേനാക്കത്തി പോലുള്ള ഇരുമ്പായുധങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിരുന്നു.
അപൂർവ്വമായി മാത്രമാണ് ചെങ്കല്ലറകളിൽ നിന്ന് അസ്ഥി കഷണങ്ങൾ ദ്രവിച്ച് പോകാതെ ലഭിക്കാറുള്ളതെങ്കിലും മണിമൂലയിൽ നിന്ന് അവശിഷ്‌ടങ്ങളുടെ കൂടെ നിരവധി അസ്ഥി കഷണങ്ങൾ ലഭിച്ചിട്ടുണ്ടെന്നതിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. മഹാശില ചരിത്ര ശേഷിപ്പുകളായ നന്നങ്ങാടികളിൽ നിന്ന് ദക്ഷിണ ഇന്ത്യയിലെ പല സ്ഥലത്ത് നിന്നും അസ്ഥി കഷണങ്ങൾ ലഭിച്ചിട്ടുണ്ട്






