രജനിയും കമലും ഒന്നിക്കുന്നു; സംവിധാനം നെൽസൺ! കിടിലൻ പ്രൊമോ പുറത്ത്

0
65

പലരും രഹസ്യമായി പറഞ്ഞ ആ വാർത്ത ഇനി പരസ്യം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആ വാർത്ത ഔദ്യോഗികമായി പുറത്ത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയങ്ങളായ സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും നീണ്ട 47 വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ‘KHxRK’ എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലൻ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. യാര് ഹീറോ! എന്ന ഡയലോഗ് ആണ് വീഡിയോയിലെ ഹൈലൈറ്റ്.

1970-കളിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. 1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തിയത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷമുള്ള ഈ തിരിച്ചുവരവ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.ജനികാന്തിനെ നായകനാക്കി ഒരുക്കിയ ‘ജയിലർ’ എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുൻനിര സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഇതോടെ ‘ജയിലർ’ ടീമും കമൽഹാസനും ഒന്നിക്കുമ്പോൾ വലിയൊരു സിനിമാ വിരുന്ന് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

“രജനീകാന്ത് സാറിനെയും കമൽഹാസൻ സാറിനെയും ഈ ചിത്രത്തിനായി ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചത് റെഡ് ജയന്‍റ് മൂവീസിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. 47 വർഷങ്ങൾക്ക് ശേഷമുള്ള ഈ പുനഃസമാഗമത്തിന് വേദിയൊരുക്കാൻ സാധിച്ചതിൽ ഞങ്ങൾ അതീവ കൃതാർത്ഥരും അഭിമാനമുള്ളവരുമാണ്. ഇന്ത്യൻ സിനിമയിലെ വൈകാരികവും ചരിത്രപരവുമായ ഈ നിമിഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” എന്ന് റെഡ് ജയന്‍റ് നിർമ്മാണ കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചു. സിനിമയുടെ കൂടുതൽ വിവരങ്ങളും ഔദ്യോഗിക നാമവും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ: ആതിര ദിൽജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here