ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രാമായണ’. രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർക്കിടയിൽ വലിയ ചർച്ചയാകുകയാണ്. ഇപ്പോഴിതാ ചിത്രം വമ്പന് കാന്വാസില് ഒരുങ്ങിയതിനെ കുറിച്ച് വ്യക്തമാക്കുകയാണ് അണിയറപ്രവർത്തകർ.
ലോകമെമ്പാടുമായി 10,000ത്തിലധികം ആളുകൾ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ടെന്ന് നിർമാതാവ് നമിത് മൽഹോത്ര വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക വീഡിയോയിലാണ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, നടൻ രൺബീർ കപൂർ എന്നിവർ സിനിമയുടെ പിന്നിലെ കാഴ്ചപ്പാടുകളും നിര്മാണത്തെ കുറിച്ചുമൊക്കെ പങ്കുവെച്ചത്.
‘രാമായണ’ പോലൊരു ഇതിഹാസം വെള്ളിത്തിരയിലെത്തിക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അതിനായി ഒരുക്കിയ വലിയ സന്നാഹങ്ങളും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
ബ്രഹ്മാണ്ഡ ചിത്രം
ചിത്രത്തിന്റെ വലുപ്പം പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി കണക്കുകൾ പങ്കുവെച്ച നമിത് മൽഹോത്ര, ലോകമെമ്പാടുമായി 10,000ത്തിലധികം ആളുകൾ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
രാമായണയുടെ കഥാപരമായ ആഴത്തെയും വൈകാരികതയെയും കുറിച്ചും നമിത് മൽഹോത്ര വീഡിയോയിൽ പറയുന്നതിങ്ങനെ. “നിരവധി കഥാപാത്രങ്ങളും ആഴത്തിലുള്ള വികാരങ്ങളും അതിശയിപ്പിക്കുന്ന ദൃശ്യസങ്കൽപ്പങ്ങളും ഉൾക്കൊള്ളുന്ന ജീവിതവലുപ്പമുള്ള ഇതിഹാസമാണ് രാമായണ. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും വ്യത്യസ്ത തലങ്ങളിൽ ഈ കഥയുമായി ബന്ധപ്പെടാൻ കഴിയും”, അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രത്തിന്റെ കഥയ്ക്ക് ആഗോളതലത്തിൽ പ്രേക്ഷകരുമായി സംവദിക്കാനുള്ള സാധ്യതയുണ്ടെന്ന് സംവിധായകൻ നിതേഷ് തിവാരി വ്യക്തമാക്കി.
മികച്ച അച്ഛൻ-മകൻ ബന്ധത്തിന്റെ കഥയും പ്രതിസന്ധികളെ അതിജീവിക്കുന്ന ഒരു കഥാപാത്രത്തിന്റെ യാത്രയും ധീരമായ പ്രണയകഥയും രാമായണത്തിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പുരാണകഥ എന്നതിനപ്പുറം മനുഷ്യബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ഇതെന്ന സൂചനയാണ് അണിയറപ്രവർത്തകരുടെ വാക്കുകൾ നൽകുന്നത്.
രാമായണംപോലൊരു വലിയ പ്രോജക്ടന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും നമിത് മൽഹോത്ര പങ്കുവെച്ചു. ഈ സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ അത് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്ന് തോന്നിയെന്നും ചില സിനിമകൾ വെറുതെ നിർമ്മിക്കപ്പെടുന്നതല്ല, അവ സംഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ വലുപ്പത്തെക്കുറിച്ചും അണിയറയിൽ ഒരുമിച്ചെത്തിയ പ്രതിഭകളെക്കുറിച്ചും രൺബീർ കപൂറും സംസാരിച്ചു. തങ്ങൾക്ക് ലഭിച്ച അവസരവും സിനിമയുടെ നിർമാണത്തിനായി ഒരുക്കിയ വലിയ സൗകര്യങ്ങളും സർഗാത്മക പ്രതിഭകളുടെ പങ്കാളിത്തവും സിനിമാ വ്യവസായത്തിൽ അപൂർവമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. രൺബീർ കപൂർ ശ്രീരാമനായി എത്തുമ്പോൾ സായി പല്ലവിയാണ് സീതയുടെ വേഷം അവതരിപ്പിക്കുന്നത്. യാഷ് രാവണനായും സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും അഭിനയിക്കുന്നു. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരങ്ങൾ ഒന്നിക്കുന്ന ചിത്രം പ്രഖ്യാപനസമയം മുതൽ തന്നെ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് ഓസ്കർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള വിഷ്വൽ എഫക്ട്സ് കമ്പനിയായ ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ഇന്ത്യൻ ഇതിഹാസത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകപ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം.
റിലീസ് തീയതിയും ആഗോള വിതരണവും
രണ്ട് ഭാഗങ്ങളായാണ് രാമായണം തിയേറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗം 2026 നവംബർ 5ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ടാം ഭാഗം 2027ലെ ദീപാവലി റിലീസായി എത്തും. ഹിന്ദി, തെലുഗു, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഐമാക്സ് ഉൾപ്പെടെയുള്ള വലിയ സ്ക്രീൻ ഫോർമാറ്റുകളിലും ചിത്രം റിലീസ് ചെയ്യും. ഇന്ത്യയ്ക്ക് പുറത്തുള്ള ആഗോള വിതരണച്ചുമതല സോണി പിക്ചേഴ്സിനാണ്. ഹിന്ദി സംസാരിക്കുന്ന ഇന്ത്യൻ വിപണിയിലെ വിതരണവുമായി ധർമ്മ പ്രൊഡക്ഷൻസും സഹകരിക്കുന്നു. രണ്ട് ഭാഗങ്ങളിലായി ഏകദേശം 4,000 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ദസറയോടനുബന്ധിച്ച് ആദ്യ ഭാഗത്തിന്റെ മുൻകൂർ ബുക്കിങ് ആരംഭിക്കുമെന്നാണ് പുറത്തുവന്ന വിവരം. റിലീസ് അടുത്തതോടെ ചിത്രത്തിന്റെ പ്രമോഷനുകളും സജീവമായിരിക്കുകയാണ്. വലിയ ബജറ്റില് ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ടുകളിലൊന്നായി മാറുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.








