തിരുവനന്തപുരത്ത് വീണാ ജോർജിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാരുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്നും തന്റെ വീട്ടിൽ പ്രതിഷേധത്തിന്റെ പേരിൽ ആക്രമണം നടത്തിയത് മന്ത്രിമാർ പറഞ്ഞിട്ടാണോ എന്നും വി.ഡി. സതീശൻ ചോദിച്ചു. തന്റെ വീട്ടിലേക്ക് ആ രീതിയിൽ കയറിവർക്കെതിരെ കേസെടുത്തിട്ടില്ല. ആരോഗ്യരംഗത്തെ സിസ്റ്റം മുഴുവൻ തകർന്നു. ഒരോ ദിവസവും സിസ്റ്റത്തിന്റെ തകരാറ് പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ചതല്ലാതെ കല്ലേറോ പ്രശ്നങ്ങളോ ഉണ്ടായി ഇല്ലെന്നായിരുന്നു കെ. മുരളീധരൻ്റെ വാദം. വീണ ജോർജ് മാർക്സിസ്റ്റ് മന്ത്രിയല്ലേ? സമരം ചെയ്യുന്നത് തെറ്റാണോ എന്നും ആരോഗ്യവകുപ്പിനെ മോർച്ചറിയിൽ ആക്കിയാൽ മിണ്ടാതിരിക്കണം എന്നാണോ എന്നും കെ. മുരളീധരൻ പറഞ്ഞു.മന്ത്രി മഹാറാണി അല്ല, തെറ്റും കുറവും ചൂണ്ടിക്കാണിക്കും. സർക്കാർ ആശുപത്രികളെ കൊലക്കളമാക്കിയത് മന്ത്രിയുടെ പിടിപ്പുകേടാണ്.
വീണാ ജോർജ് അമ്പേ പരാജയം. ആരോഗ്യമന്ത്രിമാരുടെ നിലയിൽ വട്ടപ്പൂജ്യം. സർക്കാർ ഡോക്ടർമാരുടെ സമരത്തിന് ഒത്തുതീർപ്പുണ്ടാക്കുന്നില്ല. പാവപ്പെട്ടവർ എവിടെ ചികിത്സിക്കും? ഓരോ ദിവസവും പല സംഭവങ്ങൾ നടക്കുന്നു. ഇതെല്ലാം ഒറ്റപ്പെട്ടത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. 50 വർഷം കത്രിക വയറ്റിൽ കിടന്നാലും കുഴപ്പമില്ല എന്ന് ഒരു മഹതി പറയുന്നു. എന്ത് ധിക്കാരമാണിതെന്നും കെ. മുരളീധരൻ വിമർശിച്ചു.







