ഫിഫ ലോകകപ്പ് 2026 ആരംഭിക്കാൻ ഇനി ഏഴ് ദിവസം മാത്രമാണുള്ളത്. ആവേശത്തിന്റെയും ആരവങ്ങളുടേയും ഉറക്കമില്ലാത്ത രാത്രികളുടേയും നാളുകളാണ് ഇനി വരാനിരിക്കുന്നത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം വിശ്വകിരീടം ആര് നേടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ലോകകപ്പിനെ സവിശേഷമാക്കുന്നത് പല സൂപ്പർ താരങ്ങളുടേയും വിടവാങ്ങലാണ്.
ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമെല്ലാം തങ്ങളുടെ അവസാന ഫുട്ബോൾ ലോകകപ്പിനാണ് ഇത്തവണ ബൂട്ടുകെട്ടുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ മത്സരങ്ങളെല്ലാം ആരാധകരെ സംബന്ധിച്ച് അൽപ്പം വെെകാരികവുമാണ്.
ഇത്തവണ മെസിയും നെയ്മറും വീണ്ടും നേർക്കുനേർ എത്തുമോയെന്നതാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്. ചിരവെെരികളായ ടീമുകളിലാണെങ്കിലും രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ലോകകപ്പ് വേദിയിൽ ഇതൊന്നും കണ്ടേക്കില്ല. അർജന്റീന-ബ്രസീൽ സൂപ്പർ പോരാട്ടം വന്നാൽ തീപാറുമെന്ന കാര്യം ഉറപ്പാണ്.
ബ്രസീൽ ആരാധകരെല്ലാം തങ്ങൾക്ക് ഒരു മത്സരത്തിലെങ്കിലും എതിരാളികളായി അർജന്റീന വരണമെന്നാണ് പറയുന്നത്. അങ്ങനെ വന്നാൽ ലയണൽ മെസിയുടെ മികവിൽ അർജന്റീന ജയിക്കുമെന്നാണ് നീലപ്പട അവകാശപ്പെടുന്നത്. എന്നാൽ ബ്രസീലിനെതിരേ മെസി മിന്നിക്കുമോ?. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കാം.
മെസി ബ്രസീലിനെതിരേ ബൂട്ടണിഞ്ഞിട്ടുള്ളത് 14 മത്സരങ്ങളിലാണ്. അഞ്ച് ഗോളുകളാണ് ഇതിഹാസ താരം നേടിയെടുത്തത്. ഇതിൽ അഞ്ച് ഗോളും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളാണെന്നതാണ് എടുത്തു പറയേണ്ടത്. പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നും ബ്രസീലിനെതിരേ ഗോളടിക്കാൻ മെസിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കോപ്പാ അമേരിക്കയിലും ലോകകപ്പ് ക്വാളിഫയറിലുമടക്കം നേർക്കുനേർ എത്തിയ പോരാട്ടങ്ങളിൽ ഗോൾ നേടാനോ അസിസ്റ്റ് നേടാനോ മെസിക്കായിട്ടില്ല.
ആറ് ജയവും രണ്ട് സമനിലയും ആറ് തോൽവിയുമാണ് മെസി ഉൾപ്പെട്ട അർജന്റീന ടീം ബ്രസീലിനെതിരേ നേരിട്ടത്. ഇത്തവണ ബ്രസീലിനെ അർജന്റീനക്ക് എതിരാളികളായി ലഭിച്ചാൽ മെസിക്ക് തിളങ്ങാൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പ്രായവും ഫിറ്റ്നസും മെസിക്ക് പ്രശ്നം തന്നെയാണ്. ഖത്തർ ലോകകപ്പിലേതുപോലെ അത്ഭുത പ്രകടനത്തോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ മെസിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
അതേ സമയം നെയ്മർ ഉൾപ്പെടുന്ന ബ്രസീലിനെ അർജന്റീന ഭയക്കണം. നീലപ്പടയുടെ പ്രതിരോധ കോട്ട പല തവണ തുണച്ച് ഗോൾ നേടിയ താരമാണ് നെയ്മർ. 11 മത്സരങ്ങളിൽ അർജന്റീനക്കെതിരേ ബൂട്ടണിഞ്ഞ നെയ്മർ 977 മിനുട്ടാണ് പന്ത് തട്ടിയത്. മൂന്ന് ഗോളും നാല് അസിസ്റ്റുകളുമാണ് താരം നേടിയത്. 76 വിജയകരമായ ഡ്രിബ്ലുകൾ ചെയ്ത നെയ്മർ 26 ഗോൾ അവസരങ്ങളാണ് സൃഷ്ടിച്ചത്.
2016ലെ ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ അർജന്റീനയെ ബ്രസീൽ തോൽപ്പിച്ചപ്പോൾ നെയ്മർ ഗോളും അസിസ്റ്റും നേടി മിന്നിച്ചിരുന്നു. 2021ലെ കോപ്പാ അമേരിക്കയിൽ അർജന്റീനക്കെതിരേ ബ്രസീൽ തോറ്റെങ്കിലും കെെയടി നേടുന്ന പ്രകടനമാണ് നെയ്മർ നടത്തിയത്. നെയ്മർ ഇടവേളക്ക് ശേഷം വീണ്ടും ലോകത്തിന് മുന്നിൽ തന്റെ കളി മികവ് കാട്ടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അർജന്റീന-ബ്രസീൽ പോരാട്ടമുണ്ടായാൽ മെസി-നെയ്മർ മികവിന്റെ പരീക്ഷണം കൂടിയായി അത് മാറുമെന്നുറപ്പ്.







