ട്രംപിൻ്റെ വാദങ്ങൾ തള്ളി അബ്ബാസ് അരാഗ്‌ചി,ഇറാൻ ചർച്ചകളിൽ പുരോഗതിയില്ല;

0
5

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനുമായുള്ള സമാധാന ചർച്ചകൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളിയാണ് ഇറാൻ്റെ പ്രതികരണം.

പ്രമേയം പാസാക്കി യുഎസ് കോൺഗ്രസ്
ഇറാനുമായുള്ള സംഘർഷത്തിൽ പ്രസിഡൻ്റിൻ്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന സുപ്രധാന പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. ഇത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. ഫെബ്രുവരി 28നാണ് ഇതുസംബന്ധിച്ച ചർച്ചകൾ അമേരിക്കൻ കോൺഗ്രസിൽ ആരംഭിച്ചത്. ഇറാനിൽ നിന്ന് അമേരിക്കൻ സേനയെ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

കോൺഗ്രസിൻ്റെ മുൻകൂർ അനുമതി ലഭിക്കും വരെ ഇറാനെതിരായ സൈനിക നടപടികൾ പൂർണമായും നിർത്തിവയ്ക്കണമെന്നും ഔദ്യോഗിക നിർദേശമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങളുടെയും കൂടുതൽ ഡെമോക്രാറ്റുകളുടെയും പിന്തുണയോടെയാണ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയത്. പ്രമേയം ഉടൻ തന്നെ സെനറ്റിൻ്റെ പരിഗണനയ്ക്ക് വിടും. പശ്ചിമേഷ്യൻ ജനതയും അമേരിക്കക്കാരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, ഇറാനിലെ നിയമവിരുദ്ധമായ സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും ഡെമോക്രാറ്റുകൾ എക്സിൽ കുറിച്ചു.

ആണവ പദ്ധതികൾ പ്രധാന ചർച്ചാവിഷയം
ഇറാൻ്റെ ഉയർന്ന യുറേനിയം സമ്പുഷ്ടീകരണമാണ് നിലവിലെ ചർച്ചകളുടെ കേന്ദ്രബിന്ദുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. കോൺഗ്രസ് ഹിയറിങ്ങിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. സമാധാന കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണമായും കൈമാറണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ആണവ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാൻ തയാറാകണം. എണ്ണയും പാചകവാതവും കൊണ്ടുപോകുന്ന സുപ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് തടസ്സങ്ങളില്ലാതെ തുറന്നുകൊടുക്കാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അമേരിക്കയുമായുള്ള ഔദ്യോഗിക ആശയവിനിമയം പൂർണമായും നിർത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് അതിശക്തമായ തിരിച്ചടി നൽകുമെന്നാണ് അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഗസയിലും ഫലസ്തീനിലും ഇസ്രയേൽ തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ അമേരിക്ക മുൻകൈയെടുക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

യെമനിലെ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലും ആക്രമണങ്ങൾ ശക്തമാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രമേയം സെനറ്റും അനുകൂലിച്ചാൽ ട്രംപ് തൻ്റെ വിറ്റോ അധികാരം പ്രയോഗിക്കാനാണ് സാധ്യത. എങ്കിലും നിലവിലെ സാഹചര്യത്തിൽ സ്വന്തം പാർട്ടിയിൽ നിന്നുതന്നെയുള്ള എതിർപ്പുകൾ വൈറ്റ് ഹൗസിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി കാരണമായിട്ടുണ്ട്. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്കെതിരെ മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും കടുത്ത എതിർപ്പുണ്ട്. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ അത് ആഗോള തലത്തിൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സുപ്രധാന വ്യാപാര മാർഗങ്ങൾ അടയുന്നതും ഇസ്രയേൽ അതിർത്തികളിലെ ഹിസ്ബുല്ല പോരാട്ടവും പശ്ചിമേഷ്യയെ കൂടുതൽ രൂക്ഷമായ സംഘർഷത്തിലേക്ക് തള്ളിവിടുകയാണ്. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് മേഖലയിലെ മറ്റ് സമാധാന രാജ്യങ്ങളുടെയും ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here