ബെംഗളൂരു: കർണാടകയിൽ ആമസോണിന്റെ രണ്ട് സംഭരണ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച മരുന്നുകൾ കണ്ടെത്തി. 4 ലക്ഷം രൂപയിലധികം വില വരുന്ന മരുന്നുകളാണ് കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തത്. ലൈസൻസില്ലാതെയാണ് ഈ മരുന്നുകൾ ആമസോൺ സൂക്ഷിച്ചിരുന്നതെന്നാണ് അധികൃതർ പറയുന്നത്. റെയ്ഡ് നടന്ന രണ്ട് കേന്ദ്രങ്ങൾക്കും പ്രവര്‍ത്തിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ആമസോൺ ഗോഡൗണുകളിൽ മരുന്നുകൾ നിയമവിരുദ്ധമായി സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പിന്റെ നടപടി. സ്റ്റേറ്റ് ഇന്റലിജൻസ് വിംഗ് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഡ്രഗ് ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന 2,45,352 രൂപയുടെ മരുന്നുകൾ ഒരു കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തപ്പോൾ, ബെംഗളൂരു റൂറൽ ഡ്രഗ്സ് ഇൻസ്പെക്ടർ വിഭയുടെ നേതൃത്വത്തിൽ ആമസോണിന്റെ ലൈസൻസില്ലാത്ത മറ്റൊരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 1,57,000 രൂപയുടെ മരുന്നുകൾ കണ്ടുകെട്ടി. രണ്ട് കേന്ദ്രങ്ങളിൽ നിന്നായി ആകെ 4,02,352 രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തത്.
നിയമവിരുദ്ധമായി മരുന്നുകൾ സൂക്ഷിച്ചതിന് ആമസോണിനെതിരെ ഔഷധ നിയന്ത്രണ നിയമപ്രകാരം കേസ് നടപടികൾ സ്വീകരിക്കും. അതെസമയം മാധ്യമങ്ങൾ പ്രതികരണത്തിനായി സമീപിച്ചെങ്കിലും ആമസോൺ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഹോക്കി
ആമസോണിലൂടെ ഉമ്മത്തിൻകായ ഭക്ഷ്യവസ്തുവെന്ന നിലയിൽ വിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർത്തിയ സംഭവം കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. വിഷക്കായയായ ഉമ്മത്തിൻകായ ഭക്ഷ്യവസ്തുവായി വിൽക്കുക മാത്രമല്ല, മറ്റ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതിനൊപ്പം ഓഫറിലൂടെ സൗജന്യമായി ഈ കായ നല്‌കുകയും ചെയ്തു. സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാർ നടപടിയെടുത്തു. ആമസോൺ , സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് , ബിഗ് ബാസ്‌ക്കറ്റ് എന്നീ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ഉമ്മത്തിൻകായ വിൽപ്പനയ്ക്കുണ്ടായിരുന്നു. ഇതോടെ ഇവരുടെ ഭക്ഷ്യവല്തുക്കൾ വിൽക്കാനുള്ള ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ റദ്ദ് ചെയ്തു.
എഫ്എസ്എസ്എഐ ഫുഡ് ലൈസൻസ് നമ്പറുകളോടെയാണ് വിഷക്കായ ആമസോണിൽ വിൽപ്പന നടത്തിയിരുന്നത് എന്നത് കൂടുതൽ ഗൗരവതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്.
ആയുർവ്വേദ ഔഷധ നിർമാണത്തിനും മറ്റും ഉമ്മത്തിൻകായ ഉപയോഗിക്കാറുണ്ട്. ഇത് ഭക്ഷ്യയോഗ്യമല്ല. അകത്ത് ചെന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. മരണം വരെ സംഭവിക്കാം. 18 മുതൽ 20 രൂപ വരെ നിരക്കിൽ പഴവർഗ്ഗങ്ങളുടെ കൂട്ടത്തിലാണ് ഇവ വിറ്റഴിച്ചിരുന്നത് എന്നതിനാൽ വിഷയം ഏറെ ഗൗരവതരമായി മാറി.








