പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെളുപ്പിന് ഒരു മണിക്കായിരുന്നു അന്ത്യം.
ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
2000-ൽ പുറത്തിറങ്ങിയ ‘സായഹ്നം’ എന്ന ചിത്രത്തിലൂടെയാണ് ശരത് സംവിധായകനും തിരക്കഥാകൃത്തുമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ഈ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിരവധി പ്രശംസകൾ നേടി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഏഴ് പുരസ്കാരങ്ങളും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും സ്വന്തമാക്കി.
2001-ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ സായാഹ്നം പ്രദർശിപ്പിക്കുകയും തുടർന്ന് മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു.
അടുത്ത ചിത്രമായ ‘സ്ഥിതി’ 2003-ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു.
മൂന്നാമത്തെ ചിത്രം ‘ശീലാബതി’ (2006)
തായ്‌വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ ചിത്രം പ്രീമിയർ ചെയ്യപ്പെട്ടു.
ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ ‘ദി ഡിസയർ – എ ജേർണി ഓഫ് എ വുമൺ’ (2011) എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
‘പറുദീസ’ (2012) മെക്സിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ആംസ്റ്റർഡാം ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടി.
‘ബുദ്ധൻ ചിരിക്കുന്നു’ എന്ന ചിത്രം ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ഈ ചിത്രം ആഘോഷമാക്കി.
അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ തന്റെ ഡോക്യുമെന്ററിയായ ‘ദി പെയിന്റഡ് എപിക്സ്’ ചിത്രീകരിക്കുന്നതിനിടയിൽ, കിലുനൂർ ക്ഷേത്രത്തിൽ നിന്ന് രാജാ രവിവർമ്മയുടെ അപൂർവമായ ചില ഭിത്തിചിത്രങ്ങൾ (മ്യൂറൽ പെയിന്റിങ്സ്) ശരത് കണ്ടെത്തി. യാദൃശ്ചികമായ ഈ കണ്ടെത്തൽ ഭിത്തിചിത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് വലിയ സംഭാവനയായി മാറി. ഭിത്തിചിത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശരത്തിന്, മ്യൂറൽ ഗവേഷണത്തിനായി 1996-ൽ ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ആർ. ശരത്, ചലച്ചിത്ര നിർമ്മാണത്തിലും ജേണലിസത്തിലും ഔദ്യോഗിക പരിശീലനം നേടിയിട്ടുണ്ട്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.സാംസ്കാരിക വകുപ്പിന് കീഴിൽ എം.പി.സി.സി ഡയറക്ടറായും ഭാരത് ഭവൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.








