ഇത്തവണത്തെ ദീപാവലിക്ക് ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ പ്രേക്ഷകര്ക്കായിതാ നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുന്നത്. രൺബീർ കപൂർ, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ: പാര്‍ട്ട് 1’ ആണ് ഇത്തവണത്തെ പ്രധാന ആകർഷണം. തമിഴ്, മലയാളം, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നുണ്ട്. പ്രഭുദേവയുടെ ‘മൂൺവാക്ക്’, നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’, സൂര്യയുടെ ‘സീൻ’ എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളാണ് ഉത്സവകാല റിലീസുകളിൽ ശ്രദ്ധ നേടുന്നത്. എന്നാല്‍ ആഗോള ബോക്സ് ഓഫിസില്‍ ആരൊക്കെ തമ്മിലായിരിക്കും മത്സരമെന്നാണ് സിനിമാസ്വാദകരും ട്രേഡ് അനലിസ്റ്റുകളും ഉറ്റുനോക്കുന്നത്.
ദീപാവലിയുടെ പ്രധാന ആകർഷണമായി ‘രാമായണ’
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ: റൈസ് ഓഫ് ലെജൻഡ്’ നവംബർ 5നാണ് റിലീസ് ചെയ്യുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും സണ്ണി ഡിയോൾ ഹനുമാനായും വേഷമിടുന്നു. വമ്പൻ ബജറ്റിലും അത്യാധുനിക വിഷ്വൽ ഇഫക്ടുകളിലും ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ പുതിയ സിനിമാറ്റിക് അനുഭവമായി അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. താരനിരയും നിർമാണ മികവും കൊണ്ട് വിവിധ ഭാഷകളിലെ പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
പ്രഭുദേവയും എ.ആർ. റഹ്മാനും വീണ്ടും ഒന്നിക്കുന്ന ‘മൂൺവാക്ക്’
പ്രഭുദേവയും എ.ആർ. റഹ്മാനും വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം ‘മൂൺവാക്ക്’ നവംബർ 6ന് തിയേറ്ററുകളിലെത്തും. മനോജ് എൻ.എസ്. സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ഫാന്റസി കോമഡിയിൽ ബാബൂട്ടി എന്ന യുവ നൃത്തസംവിധായകനായാണ് പ്രഭുദേവ എത്തുന്നത്. നൃത്തവും സംഗീതവും ഹാസ്യവും കോർത്തിണക്കിയ ചിത്രത്തിൽ എ.ആർ. റഹ്മാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.
അഞ്ച് ഗാനങ്ങളടങ്ങിയ സൗണ്ട് ട്രാക്കും ചിത്രത്തിന്റെ പ്രത്യേകതയാണ്. യോഗി ബാബു 16 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അജു വർഗീസ്, അർജുൻ അശോകൻ, റെഡിൻ കിംഗ്സ്ലി, മൊട്ടൈ രാജേന്ദ്രൻ, ദീപ ശങ്കർ എന്നിവരും ചിത്രത്തിലുണ്ട്.
നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’
നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ ആണ് മറ്റൊരു പ്രധാന റിലീസ്. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 6ന് തിയേറ്ററുകളിലെത്തും. ‘മഹാശക്തി’ എന്ന പേരിൽ ഹിന്ദി, തെലുഗു ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
2020ൽ പുറത്തിറങ്ങിയ ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി പുരാണവും ത്രില്ലറും കോർത്തിണക്കിയ വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. 100 കോടി രൂപയാണ് ചിത്രത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബജറ്റ്. നയൻതാര ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ റെജീന കസാൻഡ്രയും ദുനിയ വിജയുമാണ് മറ്റ് പ്രധാന താരങ്ങൾ. ഉർവശിയും യോഗി ബാബുവും ചിത്രത്തിലുണ്ട്.
സൂര്യയുടെ ആക്ഷൻ കോമഡി ‘സീൻ
സൂര്യയെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് ചിത്രം ‘സീൻ’ നവംബർ 6ന് റിലീസ് ചെയ്യും. ആക്ഷൻ, ത്രില്ലര്‍, കോമഡി എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിൽ ഡിഎസ്പി ഇൻബരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്.
ബെംഗളൂരുവിലെ ഒരു പ്രമുഖ ബിസിനസുകാരന്റെ 13 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോകുന്ന സംഭവവും അതിനെത്തുടർന്നുള്ള അന്വേഷണവുമാണ് കഥയുടെ പ്രധാന പശ്ചാത്തലം. നസ്രിയ നസീമും നസ്ലെനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സുഷിൻ ശ്യാമാണ് സംഗീതസംവിധായകൻ. പതിവ് പോലീസ് ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ നർമ്മവും അന്വേഷണവുമാണ് സിനിമയുടെ പ്രത്യേകതയെന്നാണ് സൂചന.
മലയാളത്തിൽ ‘ഡിസ്കോ’; മറ്റ് ഭാഷകളിലും റിലീസുകൾ
നവംബർ 6ന് മലയാളത്തിൽ തിയേറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ‘ഡിസ്കോ’. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ക്രൈം ത്രില്ലറിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ദേവ് മോഹൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്, ഫെമിന ജോർജ് എന്നിവർ അഭിനയിക്കുന്നു.
വ്യത്യസ്തമായ പശ്ചാത്തലവും സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകുമെന്നാണ് പ്രതീക്ഷ.
വിജയ് ആന്റണിയുടെ ‘അപ്പ കുട്ടി’
വിജയ് ആന്റണിയുടെ നായകനാകുന്ന തമിഴ് ചിത്രം ‘അപ്പ കുട്ടി’യും ശ്രദ്ധേയമായ റിലീസാണ്. തെലുഗുവില്‍ ‘നന്ന കുട്ടി’ എന്ന പേരിൽ എത്തുന്ന ചിത്രം അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നൽകുന്ന വൈകാരിക ആക്ഷൻ ഡ്രാമയാണ്.
മു. മാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകളെ സംരക്ഷിക്കാൻ അപകടകരമായ സാഹചര്യങ്ങളെ നേരിടുന്ന പിതാവായാണ് വിജയ് ആന്റണി എത്തുന്നത്.
ഇംഗ്ലീഷ് ചിത്രങ്ങളായ ‘ദി ക്യാറ്റ് ഇൻ ദി ഹാറ്റ്’, ‘വൈൽഡ് ഹോഴ്സ് നയൻ’ എന്നിവയും റിലീസ് പട്ടികയിലുണ്ട്. ഡോ. സ്യൂസിന്റെ പ്രശസ്ത ബാലസാഹിത്യകൃതിയെ ആസ്പദമാക്കിയുള്ള ആനിമേറ്റഡ് ഫാന്റസി കോമഡിയാണ് ‘ദി ക്യാറ്റ് ഇൻ ദി ഹാറ്റ്’. മാർട്ടിൻ മക്ഡൊണാഗ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘വൈൽഡ് ഹോഴ്സ് നയൻ’ പൊളിറ്റിക്കൽ ഡാർക്ക് കോമഡി ത്രില്ലറാണ്.
ബോക്സ് ഓഫിസിൽ മത്സരം കടുക്കുമോ?
രാമായണ പോലുള്ള വമ്പൻ ചിത്രത്തിനൊപ്പം നിരവധി പ്രാദേശിക സിനിമകളും റിലീസിനെത്തുന്നത് ദീപാവലി ബോക്സ് ഓഫിസില്‍ മത്സരത്തിനെത്തുന്നുണ്ട്. പുരാണം, മ്യൂസിക്കൽ കോമഡി, ആക്ഷൻ ത്രില്ലർ, കുടുംബകഥ, ആനിമേഷൻ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലുള്ള സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തും.
വലിയ താരനിരയുള്ള ചിത്രങ്ങൾക്കൊപ്പം പ്രാദേശിക സിനിമകൾക്കും പ്രേക്ഷകശ്രദ്ധ നേടാൻ കഴിയുമോ എന്നതാണ് ഇനി അറിയേണ്ടത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ഒരേ സമയത്ത് തിയേറ്ററുകളിലെത്തുമ്പോൾ ബോക്സ് ഓഫിസ് മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.








