ഓണം ബമ്പർ ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റ്

0
2

കൊച്ചി: ഓണം ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോഴേ ബമ്പറടിച്ച് സർക്കാർ. റെക്കോഡ് വിൽപനയാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയ്ക്ക് നടക്കുന്നത്. ഇതുവരെ 59 ലക്ഷം ടിക്കറ്റുകൾ തീർന്നു. ഏജൻ്റ് കമ്മീഷനും ജിഎസ്ടിയും ഒഴിവാക്കിയാലും സക്കാരിന് 230.10 കോടി രൂപയാണ് ലഭിക്കുന്നത്.

ഓണം ബമ്പർ ലോട്ടറിയുടെ സമ്മാനത്തുക ഇനത്തിൽ ആകെ നൽകേണ്ടത് 125.54 കോടി രൂപയാണ്. ഇതിൻ്റെ ഇരട്ടിയിലധികം സർക്കാരിന് ലോട്ടറി വിൽപനയിലൂടെ ലഭിക്കും. ഈ മാസം 26 നാണ് തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. ഇനിയും 18 ദിവസങ്ങൾ ശേഷിക്കവെ ടിക്കറ്റ് വിൽപനയിൽ വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. അവസാനത്തെ രണ്ട് ആഴ്ചകളിൽ ടിക്കറ്റ് വിൽപനയിൽ വലിയ വർധനവുണ്ടാകും.

തിരുവോണം ബമ്പർ ലോട്ടറി ഒന്നാം സമ്മാനം 30 കോടി രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് വില. ഏജൻ്റുമാർ ഒരു ടിക്കറ്റിന് സർക്കാരിന് നൽകേണ്ടത് 390 രൂപയും 28 ശതമാനം ജിഎസ്ടിയുമാണ്. സർക്കാർ സമ്മാനത്തുകയായി ആകെ നൽകേണ്ടത് 125.54 കോടി രൂപയാണ്. ഏജൻസി കമ്മീഷൻ ഇനത്തിൽ 12.55 കോടി രൂപയും നീക്കിവയ്ക്കണം.

നറുക്കെടുപ്പിന് 18 ദിവസങ്ങൾ ബാക്കിയുള്ള സാഹചര്യത്തിൽ ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിന് വലിയ ലാഭമുണ്ടാകുമെന്ന് ഉറപ്പാണ്. ഇത്തവണയാണ് ഓണം ബമ്പർ സമ്മാനം 30 കോടിയായി വർധിപ്പിച്ചത്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം കാൽക്കോടി രൂപയാണ്. ഇതും 20 പേർക്കുണ്ട്. ആകെ 5,34,670 സമ്മാനങ്ങളാണ് ഒരൊറ്റ ലോട്ടറിയിലൂടെ ഭാഗ്യാന്വേഷകർക്ക് ലഭിക്കുക.

2022 മുതലാണ് തിരുവോണം ബമ്പർ ടിക്കറ്റ് വില 500 രൂപയാക്കുകയും ഒന്നാം സമ്മാനം 25 കോടി രൂപയാക്കുകയും ചെയ്തത്.ടിക്കറ്റ് തുകയിൽ മാറ്റം വരുത്താതെയാണ് സമ്മാനത്തുക ഉയർത്തിയത്. 2021ൽ ഓണം ബമ്പർ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നപ്പോൾ ആകെ വിറ്റത് 54 ലക്ഷം ടിക്കറ്റുകളാണ്. തൊട്ടടുത്ത വർഷം സമ്മാനത്തുക 25 കോടിയാക്കിയതോടെ വലിയ സ്വീകാര്യത ലഭിച്ചു. ആ വർഷം 66.55 ലക്ഷം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പാലക്കാട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ വിൽപന.

LEAVE A REPLY

Please enter your comment!
Please enter your name here