കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പിൻ്റെ ആവേശം ലോകമെങ്ങും നിറഞ്ഞുനിൽക്കെ, മത്സരങ്ങൾക്ക് വേദിയാകുന്ന അമേരിക്കയിലെ കാൻസസ് സിറ്റിയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ശനിയാഴ്‌ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ലോകകപ്പിനായി ഇംഗ്ലണ്ട്, അർജൻ്റീന തുടങ്ങിയ പ്രമുഖ ടീമുകൾ തങ്ങാൻ നിശ്ചയിച്ചിരിക്കുന്ന പരിശീലന ക്യാമ്പുകൾക്ക് ഏതാനും മൈലുകൾ മാത്രം അകലെയാണ് ഈ അക്രമം നടന്നത് എന്നത് വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഇതോടെ ലോകകപ്പ് ടൂർണമെൻ്റിൻ്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
എന്നാൽ, ഈ സംഭവത്തിന് ലോകകപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ടൂർണമെൻ്റ് വേദികളിൽ നിന്നെല്ലാം ഏറെ അകലെയാണ് വെടിവയ്പ്പ് നടന്നതെന്നും അധികൃതർ വ്യക്തമാക്കി. എങ്കിലും, ഇംഗ്ലണ്ട് ടീമിൻ്റെ പരിശീലന ക്യാമ്പിൽ നിന്നും ഏതാനും മൈലുകൾ മാത്രം അകലെയാണ് ഈ അനിഷ്‌ട സംഭവം അരങ്ങേറിയത് എന്നത് സുരക്ഷാ ഏജൻസികളെ കൂടുതൽ ജാഗരൂകരാക്കുന്നു. പരിക്കേറ്റ ഒൻപത് പേരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ മധ്യഭാഗത്തായതിനാലും മികച്ച പരിശീലന സൗകര്യങ്ങളുള്ളതിനാലും ഇംഗ്ലണ്ടിന് പുറമെ അർജൻ്റീന, നെതർലൻഡ്‌സ്, അൾജീരിയ എന്നീ വമ്പൻ ടീമുകളും കാൻസസ് സിറ്റിയെയാണ് തങ്ങളുടെ ബേസ് ക്യാമ്പായി തെരഞ്ഞെടുത്തിരിക്കുന്നത്.
പരിശീലന ക്യാമ്പിന് 4.6 മൈൽ അകലെ വെടിവയ്‌പ്പ്
കാൻസസ് സിറ്റി പൊലീസിൻ്റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്‌ച പുലർച്ചെ 4 മണിയോടെ ‘ഈസ്റ്റ് 79-ാം സ്ട്രീറ്റ്’, ‘ട്രൂസ്റ്റ് അവന്യൂ’ എന്നിവയ്ക്ക് സമീപമാണ് സംഭവം നടന്നത്. വെടിയൊച്ച കേട്ട് പൊലീസ് എത്തുമ്പോഴേക്കും ആളുകൾ ചിതറിയോടുകയായിരുന്നു. വെടിയേറ്റ മൂന്ന് സ്‌ത്രീകളെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റ് ആറ് പേർ കൂടി സ്വകാര്യ വാഹനങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടിയതായി പൊലീസ് കണ്ടെത്തി.
പ്രതികളെ ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും കാൻസസ് സിറ്റി പൊലീസ് ക്യാപ്റ്റൻ ജെയ്ക്ക് ബെച്ചിന അറിയിച്ചു. ഇംഗ്ലണ്ട് ടീം ലോകകപ്പിൻ്റെ ആദ്യ ഘട്ടത്തിൽ പരിശീലനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ‘സ്വോപ്പ് സോക്കർ വില്ലേജിന്’ വെറും 4.6 മൈൽ മാത്രം അകലെയാണ് വെടിവയ്‌പ്പ് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടൽ സംഭവസ്ഥലത്ത് നിന്നും 15 മൈലോളം അകലെയാണ്.
ഇംഗ്ലണ്ട് ടീം ഇപ്പോൾ എവിടെയാണ്?
വെടിവയ്‌പ്പ് നടക്കുമ്പോൾ തോമസ് ടുഹേലിൻ്റെ കീഴിലുള്ള ഇംഗ്ലണ്ട് ടീം കാൻസസ് സിറ്റിയിൽ ഉണ്ടായിരുന്നില്ല. ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി അവർ നിലവിൽ ഫ്ലോറിഡയിലാണുള്ളത്. ശനിയാഴ്‌ച ടാമ്പയിൽ നടന്ന സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ ഹാരി കെയ്‌നിൻ്റെ ഗോളിൽ ഇംഗ്ലണ്ട് 1-0 ന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
വരുന്ന ബുധനാഴ്‌ച ഒർലാൻഡോയിൽ വച്ച് കോസ്റ്റാറിക്കയുമായി ഏറ്റുമുട്ടിയ ശേഷമാകും ജൂൺ 13-ന് ഇംഗ്ലണ്ട് ടീം കാൻസസ് സിറ്റിയിലേക്ക് പറക്കുക. ഇംഗ്ലണ്ട് ‘സ്വോപ്പ് സോക്കർ വില്ലേജിലും’, അർജൻ്റീ ന സ്പോർട്ടിംഗ് കാൻസസ് സിറ്റിയുടെ പ്രധാന ഫെസിലിറ്റിയിലും, നെതർലൻഡ്‌സ് കാൻസസ് സിറ്റി കറന്റിന്റ ട്രെയിനിംഗ് സെൻ്ററിലുമാണ് പരിശീലനം നടത്തുക.
സുരക്ഷ ശക്തമാക്കി അധികൃതർ
48 ടീമുകൾ പങ്കെടുക്കുന്ന ഈ മഹാമേളയ്ക്ക് മുന്നോടിയായി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ലോകകപ്പ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി കാൻസസ് സിറ്റി പൊലീസ് ബോർഡിന് 17 മില്യൺ ഡോളറിൻ്റെ (ഏകദേശം 140 കോടിയിലധികം രൂപ) ഫെഡറൽ ധനസഹായം അടുത്തിടെ ലഭിച്ചിരുന്നു. ഫണ്ട് ലഭ്യമായതോടെ സുരക്ഷാ ആസൂത്രണം കൂടുതൽ ശക്തമാക്കിയതായി ഡെപ്യൂട്ടി ചീഫ് ഡെറക് മക്കോലം വ്യക്തമാക്കി. കാൻസസ് സിറ്റി മേയർ ക്വിൻ്റൺ ലൂക്കാസ് നഗരത്തിലെ ആയുധ ഭീഷണികളും വെല്ലുവിളികളും തുറന്നു സമ്മതിച്ചെങ്കിലും, വരുന്ന ടീമുകൾക്ക് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.
“ആർക്കും തോക്കുകളുമായി നടക്കാവുന്ന സാഹചര്യം വലിയൊരു പ്രശ്‌നം തന്നെയാണ്. എന്നാൽ ലോകകപ്പിൻ്റെ ഭാഗമായി നഗരത്തിലുടനീളം ശക്തമായ പൊലീസ് സാന്നിധ്യമുണ്ടാകും. നഗരത്തിലെത്തുന്ന വിഐപികൾക്കായി പ്രാദേശിക പൊലീസിൻ്റെയും പ്രത്യേക സുരക്ഷാ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ രാജ്യം കണ്ട ഏറ്റവും മികച്ച സുരക്ഷാ വലയമാകും ഞങ്ങൾ ഒരുക്കുക,” മേയർ ലൂക്കാസ് പറഞ്ഞു. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പ് സുരക്ഷിതമായി പൂർത്തിയാക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് അമേരിക്കൻ അധികൃതർ.




