ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസയം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക അലർട്ട് പുറപ്പെടുവിച്ചിട്ടില്ല.
കന്യാകുമാരി കടലിനു മുകളിലെ ന്യൂനമർദ്ദം നിലവിൽ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളിൽ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമർദ്ദമായി ശക്തിപ്പെടും. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് റെക്കോർഡ് മഴയാണ് പെയ്തത്. സമീപകാലത്തെ റെക്കോർഡ് മഴയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രഖപ്പെടുത്തിയത്.
സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കൊച്ചി മട്ടാഞ്ചേരിയിൽ 60 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ഒരുമണിക്കൂറിൽ പെയ്തത്. കടവന്ത്രയിൽ 56 മില്ലിമീറ്റർ മഴയും ദർബാർ ഗ്രൗണ്ടിൽ 48 മില്ലിമീറ്ററും ബോട്ട ജെട്ടിയിൽ 42 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. പള്ളുരൂത്തിയിൽ 38 മില്ലിമീറ്റർ മഴയും ചുണ്ടിയിൽ 29 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.







