തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിതരണം ചെയ്ത ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷ്യൽ അരി വാങ്ങാൻ സാധിക്കാത്തവർക്ക് ഇനിയും അവസരം. ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിതരണം ഈ മാസവും (സെപ്റ്റംബർ) തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ഓണക്കാലത്ത് വിതരണം ചെയ്ത ഒഎംഎസ്എസ് സ്‌പെഷ്യൽ അരിയുടെ സംസ്ഥാനത്തെ വിൽപ്പന സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി. റേഷൻ കടകളിലെ വിൽപ്പനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കും.
ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിതരണം ഈ മാസം തുടരുന്നതിനൊപ്പം ക്രിസ്മസ് സമയത്തും ഒഎംഎസ്എസ് സ്‌പെഷ്യൽ അരി വിതരണം നൽകുന്നതിനായി എഫ്‌സിഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ക്രിസ്മസ് – പുതുവൽസര കാലത്ത് സ്‌പെഷ്യൽ പച്ചരി നൽകാൻ നിർദേശം നൽകിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഏത് വിഭാഗങ്ങൾക്ക് നൽകണം വിതരണം ചെയ്യേണ്ട വിഹിതം എന്നിവ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചക്കഞ്ഞിക്ക് കുത്തരി നൽകുന്നതിനുള്ള നടപടി പരിശോധിച്ചു വരികയാണെന്ന നിർണായക വിവരം അധികൃതർ പങ്കുവച്ചു. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷ്യൽ അരി തുടർച്ചയായി ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി.
ആവശ്യമായ അരി വിഹിതം നൽകുന്നതിനു തടസമില്ലെന്ന് എഫ്‌സിഐ ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. ഉന്നതതലയോഗത്തിൽ എഫ്‌സിഐ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഇത്തവണത്തെ ഓണത്തിന് ഓണക്കിറ്റ് ഉൾപ്പെടെയുള്ളവയുടെ വിതരണം മികച്ച രീതിയിൽ നടത്താൻ സാധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.








