മഴക്കാല രോഗങ്ങള്‍; ഡെങ്കു പെരുകുന്നു, ഇരട്ട രോഗങ്ങളോട് മല്ലിട്ട് ഇന്ത്യ,

0
2

എല്ലാ മഴക്കാലത്തും ഇന്ത്യ വലിയ ആരോഗ്യ വെല്ലുവിളികള്‍ നേരിടാറുണ്ട്. ജലജന്യരോഗങ്ങള്‍ അഭൂതപൂര്‍വമാം വിധം വര്‍ദ്ധിക്കുന്നു. കനത്ത മഴയ്ക്ക് ശേഷം കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ പറ്റിയ ഇടമാകുന്നു. അതേസമയം വര്‍ദ്ധിച്ച് വരുന്ന താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും മാറുന്ന മഴ ശൈലിയും ഈ അസുഖങ്ങളെ പ്രവചനാതീതമാക്കുന്നു ഒപ്പം നിയന്ത്രണാതീതവും.

വലിയ ആശങ്കയായി ഡെങ്കി

മിക്ക സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. ജൂലൈ മുതല്‍ തന്നെ ഡെങ്കിയുമായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. മലേറിയയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് ചിക്കുന്‍ഗുന്യയും തിരികെ എത്തുന്നുണ്ട്. ചിക്കുന്‍ഗുന്യ ആഴ്‌ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന കടുത്ത സന്ധി വേദനയ്ക്കും പനിയ്ക്കും കാരണമാകുന്നു.

ചില മേഖലകളില്‍ പ്രത്യേകിച്ച് കിഴക്കേന്ത്യയില്‍ മന്തും പടര്‍ന്ന് പിടിക്കുന്നു. ഇത് വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി നിലകൊള്ളുന്നു. ജപ്പാന്‍ ജ്വരം അടക്കമുള്ളവ പടര്‍ന്ന് പിടിക്കുന്നു. ക്യൂലക്‌സ് കൊതുകുകളാണ് ജപ്പാന്‍ ജ്വരം പടര്‍ത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന വയലുകളും മറ്റുമാണ് ക്യൂലക്‌സ് കൊതുകുകളുടെ പ്രജനന കേന്ദ്രം. മസ്‌തിഷ്‌കജ്വരം ഒരു കൂട്ടം അസുഖങ്ങളാണ് കൊണ്ടു വരുന്നത്. മസ്‌തിഷ്‌കത്തിലെ നീര്‍ക്കെട്ടിനൊപ്പം വിവിധ അണുബാധകള്‍ക്കും ഇത് കാരണമാകുന്നു. കുട്ടികളില്‍ ഈ രണ്ട് രോഗങ്ങളും അതിസങ്കീര്‍ണതകള്‍ സൃഷ്‌ടിക്കുന്നു.

ഈ മഴക്കാലം രാജ്യം രണ്ട് പൊതുജനാരോഗ്യ വെല്ലുവിളികളാണ് നേരിടുന്നത്. കൊതുകുജന്യരോഗങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തന്നെ പകര്‍ച്ചേതര വ്യാദികളും പെരുകുന്നു. രക്താതിസമ്മര്‍ദ്ദം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ രാജ്യത്തെ ദീര്‍ഘകാല ആരോഗ്യപ്രശ്‌നമായി നിലകൊള്ളുന്നു. സര്‍ക്കാര്‍ പദ്ധതികളിലൂടെ മലേറിയ കുറയ്ക്കാനും വസൂരി നിര്‍മാര്‍ജ്ജനം ചെയ്യാനും സാധിച്ചിട്ടുണ്ട്. അതേസമയം ഡെങ്കി വലിയൊരു ആരോഗ്യപ്രശ്‌നമായി നിലകൊള്ളുന്നുവെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊതുകുജനരോഗങ്ങളുടെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ (2018-2022)കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. മലേറിയയില്‍ അറുപത് ശതമാനം കുറവുണ്ടായി. 2018ല്‍ 4.30 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിരുന്നെങ്കില്‍ 2022ല്‍ ഇത് 1.74 ലക്ഷമായി ചുരുങ്ങി. മരണങ്ങളുടെ എണ്ണം 96ല്‍ നിന്ന് 64ലെത്തി. 2022ല്‍ ഏറ്റവും കൂടുതല്‍ മലേറിയ ബാധിതര്‍ പശ്ചിമബംഗാളിലായിരുന്നു(40,563). തൊട്ടുപിന്നാലെ ഛത്തീസ്‌ഗഡ്(30,028), ഒഡിഷ(23,770),ഝാര്‍ഖണ്ഡ്(19,129),മഹാരാഷ്‌ട്ര(15,437),ത്രിപുര(12,771),മിസോറാം(10,22), ഉത്തര്‍പ്രദേശ്(7,039), ഗുജറാത്ത്(4,766), മധ്യപ്രദേശ്(3,719) എന്നിങ്ങനെ ആയിരുന്നു ഡെങ്കി ബാധിതരുടെ കണക്ക്.

കൊതുകുജന്യരോഗങ്ങളായ ഡെങ്കി, മലേറിയ എന്നിവ അടിയന്തര പൊതുജനാരോഗ്യ ശ്രദ്ധ പതിയുന്നവയാണ്. കാരണം ഇവ മഴക്കാലം പോലുള്ള സമയത്ത് പൊട്ടിപ്പുറപ്പെടുന്നവയാണ് എന്നത് കൊണ്ട് തന്നെ. ആശുപത്രികള്‍ പെട്ടെന്ന് തന്നെ ഇത്തരം രോഗികളെക്കൊണ്ട് നിറയുന്നു. എന്നാല്‍ ഇതിനേക്കാള്‍ വലിയ പ്രശ്‌നമാണ് പകര്‍ച്ചേതര വ്യാധികള്‍., ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം എന്നിവ നിശബ്‌ദമായി നിരവധി വര്‍ഷം കൊണ്ട് ഉണ്ടാകുന്നു. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് ഇവയെ പ്രതിരോധിക്കാന്‍ ധാരാളം പണം ചെലവിടേണ്ടി വരുന്നു. നേരത്തെ കണ്ടെത്തുന്നതിലൂടെയും ജീവിതചര്യകള്‍ പുനഃക്രമീകരിക്കുന്നതിലൂടെയും ഇവയെ ഒരു പരിധി വരെ നേരിടാനാകുമെന്ന് ഏഷ്യന്‍ സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ മുന്‍ അധ്യക്ഷന്‍ ഡോ.തമോരിഷ് കോലെ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ കൊതുകുജന്യ രോഗം ഡെങ്കി

രാജ്യത്ത് കൊതുകുപരത്തുന്ന ഏറ്റവും വലിയ രോഗമാണ് ഡെങ്കി. ദേശീയതലത്തില്‍ ഡെങ്കി രോഗികളുടെ എണ്ണം 2018ല്‍ 1.24 ലക്ഷമായിരുന്നത് 2019ല്‍ എത്തിയപ്പോഴേക്കും 2.05 ലക്ഷമായി. എന്നാല്‍ 2020ല്‍ ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നപ്പോഴിത് 44585 ആയി കുറഞ്ഞു. എനനാല്‍ 2021ലിത് 1.93 ലക്ഷമായി കുതിച്ചുയര്‍ന്നു. 2022ല്‍ 1.67 ലക്ഷമായി. ഏതായാലും ഈ രോഗം ഉയര്‍ത്തുന്ന വെല്ലുവിളി വര്‍ഷങ്ങളായി തുടരുകയാണ്.

2023നും 2025നുമിടയില്‍ രാജ്യത്തെ ഡെങ്കി രോഗികളുടെ എണ്ണം 6,36.204 ആയിരുന്നു. 877 പേര്‍ രോഗം ബാധിച്ച് മരിച്ചു. 2023ല്‍ 2,89,235 പേര്‍ക്ക് രോഗം ബാധിച്ചു. 485 പേര്‍ മരിച്ചു. 2024ല്‍ 2,33,519 പേര്‍ക്ക് രോഗം ബാധിക്കുകയും ഇതില്‍ 297 പേര്‍ മരിക്കുകയും ചെയ്‌തു. 2025ല്‍ 1,13,450 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 95 പേര്‍ മരിച്ചു. തീവ്രനിരീക്ഷണവും ഉറവിട നിര്‍മാര്‍ജ്ജനവും മെച്ചപ്പെട്ട കൈകാര്യം ചെയ്യലും മൂലമാണ് ഇത് സാധിച്ചത്.

2025ല്‍ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടായത്(20,866). തൊട്ടുപിന്നാലെ 8,926 രോഗികളുമായി ഉത്തര്‍പ്രദേശ് ഉണ്ടായിരുന്നു. തെലങ്കാനയില്‍ 8,139 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജസ്ഥാനില്‍ 4300 പേര്‍ക്ക് രോഗമുണ്ടായി. ഗുജറാത്തില്‍ 3,947 പേര്‍ക്ക് രോഗം ബാധിച്ചു. ബിഹാര്‍ 3,774,ഡല്‍ഹി3,746,ജമ്മുകശ്‌മീര്‍ 3,343, ഹരിയാന 2,554,ആന്ധ്രാപ്രദേശ് 2,386 എന്നിങ്ങനെ ആയിരുന്നു രോഗികളുടെ എണ്ണം.

മലേറിയ സാംക്രമിക രോഗമായി തുടരുന്നു

രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മലേറിയ ഇന്നും ഗോത്രമേഖലകളിലും വനമേഖലകളിലും സാംക്രമിക രോഗമായി തുടരുകയാണ്. ദക്ഷിണേഷ്യന്‍ മേഖലയില്‍ 70ശതമാനം മലേറിയ രോഗികളും ഇന്ത്യയില്‍ നിന്നാണ് മലേറിയ മരണങ്ങളാകട്ടെ 69ശതമാനവും. രാജ്യത്തെ 82ശതമാനവും ജനങ്ങളും മലേറിയ പകരല്‍ വെല്ലുവിളി മേഖലയിലാണ് ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുപത് ശതമാനം ജനങ്ങളും അതീവ വെല്ലുവിളി നേരിടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതീവ വെല്ലുവിളി നേരിടുന്ന മേഖലയിലെ 82ശതമാനം ജനങ്ങളും ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡിഷ, പശ്ചിമബംഗാള്‍, ഏഴ് ഉത്തരപൂര്‍വ സംസ്ഥാനങ്ങള്‍ തുടങ്ങിയിടങ്ങളിലെ 200 ജില്ലകളില്‍ ജീവിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ നാം നേടിയ വിജയങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ പ്രാഥമിക ആരോഗ്യ പരിരക്ഷ നാം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം ഉപദേശകസമിതി അംഗം ഡോ. സുനീല ഗാര്‍ഗ് പറയുന്നു. ഇന്ത്യയുടെ രോഗങ്ങള്‍ നമുക്ക് ഇരട്ടപ്രഹരമാണ്. ഡെങ്കുപോലുള്ള പകര്‍ച്ച വ്യാധികളെ ഉന്‍മൂലനം ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടില്ല. പകര്‍ച്ചേതര രോഗങ്ങളും വര്‍ദ്ധിക്കുന്നു. ജനതയ്ക്ക് പ്രായമേറുന്നതും നഗരവത്ക്കരണവും ജീവിതശൈലി മാറ്റങ്ങളുമാണ് ഇതിന് കാരണം.പ്രാഥമിക ആരോഗ്യപരിരക്ഷ ശക്തിപ്പെടുത്തിയും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നും കായികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയും പുകയില ഉപഭോഗം കുറച്ചും രോഗനിരീക്ഷണം മെച്ചപ്പെടുത്തിയും നമുക്ക് അകാല മരണങ്ങളും തീരാവ്യാധികളും അകറ്റാം.ഒപ്പം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പടരാതെയും കാക്കാം. അവര്‍ പറയുന്നു.

ചിക്കുന്‍ഗുന്യയും വസൂരിയും പ്രാദേശികമായി വര്‍ധിക്കുന്നു

ചിക്കുന്‍ഗുന്യ കേസുകളുടെ എണ്ണം ഇരട്ടിയായി. 2018ല്‍ 57,813 ആയിരുന്ന രോഗികളുടെ എണ്ണം 2022ലെത്തിയപ്പോഴേക്കും 1.38 ലക്ഷമായി കുതിച്ചുയര്‍ന്നു. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചിക്കുന്‍ഗുന്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 63,549 രോഗികള്‍,.ഗുജറാത്ത്(20,854),മേഘാലയ(14,569),പുതുച്ചേരി(11,440), തെലങ്കാന(6,608)മധ്യപ്രദേശ്(4,292),ഹരിയാന(2,425),ഝാര്‍ഖണ്ഡ്(2,113) ഉത്തരാഖണ്ഡ്(2,000)സിക്കിം(1,883) എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

Students of Bhavan’s Tripura Vidyamandir depict how mosquito nets prevent mosquitoes from entering by acting as a part of an awareness drive on World Malaria Day in Agartala on April 25, 2026 (IANS)

വസൂരി രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2018ല്‍ 4539 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌തിടത്ത് 2022ല്‍ 881 ആയി കുറഞ്ഞു. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രേദശ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

മസ്‌തിഷ്‌ക ജ്വരവും 2018ല്‍ 11,388 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 2022ല്‍ 7114 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. അസം, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ജപ്പാന്‍ ജ്വരത്തിലും കുറവുണ്ടായിട്ടുണ്ട്. 2018ല്‍ 1678കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിടത്ത് 2022ല്‍ ഇത് 1022 ആയി കുറഞ്ഞു. അസമാണ് രാജ്യത്തെ ജപ്പാന്‍ ജ്വരത്തിന്‍റെ പ്രഭവ കേന്ദ്രം. തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുമുണ്ട്.

പകര്‍ച്ചേതര വ്യാധികള്‍ വലിയ വെല്ലുവിളി

കൊതുകുജന്യരോഗങ്ങള്‍ മഴക്കാലത്തത് വലിയ ആശങ്ക ആകുമ്പോഴും പകര്‍ച്ചേതര വ്യാധികള്‍ വലിയ ആരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്ത് 7.01 കോടി ആളുകള്‍ക്ക് രക്താതിസമ്മര്‍ദ്ദവും 4.68 കോടി പേര്‍ക്ക് പ്രമേഹവും ഉണ്ടെന്നാണ് ദേശീയ പകര്‍ച്ചേതര വ്യാധി തടയല്‍ കേന്ദ്രത്തിന്‍റെ കണക്കുകള്‍ പറയുന്നത്. 2.14 ലക്ഷം പേര്‍ക്ക് വായിലെ അര്‍ബുദമുണ്ടെന്നും 77,107 പേര്‍ക്ക് സ്‌തനാര്‍ബുദമുണ്ടെന്നും 93,062 പേര്‍ ഗര്‍ഭാശയഗള അര്‍ബുദ ബാധിതരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദ്ദ രോഗികളുള്ളത്. ബിഹാര്‍, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നാലെയുണ്ട്. പ്രമേഹ രോഗികളുടെ എണ്ണത്തിലും ഉത്തര്‍പ്രദേശ് തന്നെയാണ് മുന്നില്‍. ബിഹാര്‍, മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നാലെയുണ്ട്.

മഴക്കാലത്ത് നാം ഡെങ്കിയ്ക്കും മലേറിയയ്ക്കും അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും പകര്‍ച്ചേതര വ്യാധികള്‍ മൂലമാണ് രാജ്യത്തെ മൂന്നില്‍ രണ്ട് മരണങ്ങളും. അത് കൊണ്ട് തന്നെ ഇവയ്ക്ക് രണ്ടിനും തുല്യപ്രാധാന്യം നല്‍കേണ്ടതുണഅട്. കാലാവസ്ഥാ ധിഷ്‌ഠിത രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം ആയുഷ്‌മാന്‍ ആരോഗ്യ മന്ദിരങ്ങല്‍ വഴി കൂടുതല്‍ കരുത്തുറ്റ പ്രാഥമിക ആരോഗ്യ പരിരക്ഷ നടപ്പാക്കണം. 2030ഓടെ മലേറിയ രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയാണ് നമ്മുടെ ലക്ഷ്യം. മന്തിനെ 2027ഓടെയും.

LEAVE A REPLY

Please enter your comment!
Please enter your name here