വിജയ്‌യെ അഭിനന്ദിച്ച് മോഹന്‍ലാല്‍,ജനങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞു,അവരുടെ വിശ്വാസം

0
25

ചെന്നൈ: തമിഴ്‌നാടിന്‍റെ രാഷ്‌ട്രീയത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ തമിഴക വെട്രി കഴകത്തിനും അതിന്‍റെ നേതാവ് നടന്‍ വിജയ്‌ക്കും അഭിനന്ദനങ്ങളുമായി മലയാളത്തിന്‍റെ ഇതിഹാസ നടന്‍ മോഹന്‍ലാല്‍. 108 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ പാര്‍ട്ടിയാണ് വിജയ്‌യുടെ ടിവികെ.

സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ തന്‍റെ അഭിനന്ദനം വിജയ്‌യെ അറിയിച്ചത്. “ജനവിശ്വാസം ഒരു യഥാർത്ഥ ബഹുമതിയാണ്. സേവനത്തിൻ്റെ ഈ പുതിയ യാത്രയിൽ നിങ്ങൾ അഭിമാനത്തോടെയും ലക്ഷ്യബോധത്തോടെയും അത് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” തമിഴകത്തിൻ്റെ വരുംകാല മുഖ്യമന്ത്രിയെ മോഹൻലാൽ പ്രശംസിച്ചു.

നേരത്തെ ഇന്ത്യന്‍ സിനിമാലോകത്തെ നിരവധി പേര്‍ വിജയ്‌ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

”പ്രിയപ്പെട്ട വിജയ്, ഈ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജനങ്ങള്‍ നിങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു. അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്. സേവനത്തിന്‍റെ ഈ പുതിയ യാത്രയില്‍ അഭിമാനത്തോടെയും വ്യക്തമായ ലക്ഷ്യത്തോടെയും കൂടി മുന്നേറാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളും നിങ്ങളുടെ ടീമിനും എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു”, മോഹന്‍ലാല്‍ കുറിച്ചു.

സിനിമാ ജീവിതം അവസാനിപ്പിച്ച് വിജയ്‌ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത് മുതല്‍ വലിയ ജനപിന്തുണയാണ് ലഭിച്ചത്. മലയാളം, ടോളിവുഡ്, ബോളിവുഡ് എന്നി സിനിമാ മേഖലയിലുള്ള നിരവധി പേരാണ് വിജയ്‌ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.

തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ വൻശക്തികൾക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ടിവികെ പലയിടങ്ങളിലും മുന്നേറിയത്. വിജയ്‌ മത്സരിച്ച രണ്ടുമണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് ടിവികെ വിജയിച്ചത്. ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടിവികെയുടെ ഈ മിന്നുന്ന പ്രകടനം. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതോടെ തമിഴ് രാഷ്ട്രീയത്തിലെ പുതിയ ശക്തിയായി വിജയ് മാറിയിരിക്കുകയാണ് വിജയ്‌യുടെ ടിവികെ.

എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മക്കൾക്കിടയിലേക്ക് ഇറങ്ങിവന്ന തമിഴകത്തിൻ്റെ സ്വന്തം ‘ദളപതി’ വിജയ്, ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിൻ്റെ സമവാക്യങ്ങൾ തിരുത്തിക്കുറിച്ചിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ വന്മതിലുകളെ വിറപ്പിച്ചു കൊണ്ട് തമിഴക വെട്രി കഴകം (TVK) വൻ മുന്നേറ്റമാണ് നടത്തുന്നത്.

വിജയ്‌യുടെ ഈ വിജയത്തില്‍ വലിയ ആഘോഷമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും നൃത്തം ചെയ്‌തുമൊക്കെയാണ് ആരാധകരും ടിവികെ അണികളും വിജയം ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here