കെഎസ്ആർടിസിയുടെ ഏതൊക്കെ ബസുകളിൽ സൗജന്യ യാത്ര ലഭിക്കും? തീരുമാനം ഇന്നുണ്ടായേക്കും

0
16
(c) Binai Photography

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏതൊക്കെ ബസുകളിൽ നൽകണം എന്നതിൽ ഇന്ന് തീരുമാനമായേക്കും. സൗജന്യയാത്ര നടപ്പാക്കുന്നതിൽ വിഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. എന്തൊക്കെ മാനദണ്ഡങ്ങളാണ് കൊണ്ടുവരേണ്ടതെന്നും എങ്ങനെയാകണം നടപ്പാക്കേണ്ടത് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് വിഡി എസ് സർക്കാരിന്‍റെ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40 കിലോമീറ്റർ പരിധിയിൽ മാത്രമാകും സൗജന്യയാത്രയെന്നും റിപ്പോർട്ടുകളുണ്ട്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് സൗജന്യയാത്രയെങ്കിലും പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും.

ഔദ്യോഗികമായി ചുമതല ലഭിക്കാത്തതിനാൽ ഗതാഗത മന്ത്രി യോഗത്തിൽ പങ്കെടുക്കുമോ എന്നതിലും വ്യക്തതയില്ല. സിപി ജോൺ ആകും ഗതാഗത മന്ത്രിയെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം വാർത്ത നിഷേധിച്ചതുമില്ല. എന്നാൽ മനത്രിമാരുടെ വകുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

സൗജന്യ യാത്ര തീരുമാനത്തോട് ശക്തമായ പ്രതിഷേധമാണ് സ്വകാര്യ ബസുടമകൾക്കുള്ളത്. അവരുമായി ചർച്ച നടത്താനും സർക്കാർ തയ്യാറായേക്കും. ജൂൺ 15 മുതൽ സൗജന്യ യാത്ര ആരംഭിക്കും എന്നായിരുന്നു ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞത്. മാനദണ്ഡം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ; എന്തൊക്കെയാകും നിബന്ധനകൾ

ഏതൊക്കെ ബസിൽ സൗജന്യ യാത്ര ലഭിക്കും, എത്ര ദൂരം വരെ സൗജന്യ യാത്ര ലഭിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി അറിയാനുണ്ട്. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എന്നതിലും സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണയുണ്ടായേക്കും. കെഎസ്ആർടിസിയിൽ പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. തീരുമാനം നടപ്പാക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് വരുന്നത്.

രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ നിലവിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നുണ്ട്. കർണാടകയിൽ എ സി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യമുള്ളത്. നിലവിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാനായി സർക്കാർ പ്രതിമാസം കോടികളാണ് നൽകുന്നത്. ഇതിന് പുറമെ 60 കോടി രൂപ പ്രതിമാസം സബ്‌സിഡി ഇനത്തിൽ നൽകേണ്ടി വരുന്നത് വലിയ വെല്ലുവിളിയായി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here