തമിഴ്നാട്ടിൽ ഇന്ന് വിജയ് സർക്കാരിന് വിശ്വാസ വോട്ടെടുപ്പ്; എഐഎഡിഎംകെയ്ക്കും നിർണായകം

0
24

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാനാവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിഎംകെ മുന്നണിയിലെ ഘടകകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതേസമയം പിളർപ്പിൻ്റെ വക്കിലുള്ള എഐഎഡിഎംകെ യുടെ എംഎൽഎമാരുടെ നിലപാട് ഇന്ന് സഭയിൽ നിർണായകമാകും.

തമിഴ്നാട് വിശ്വാസ വോട്ടെടുപ്പ് എഐഎഡിഎംകെയ്ക്ക് നിർണായകം

വിശ്വാസ വോട്ടെടുപ്പ് വിജയ് സർക്കാരിന് ആണെങ്കിലും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയ്ക്കാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പ് നിർണായകമാവുക. വേലുമണി-ഷൺമുഖം പക്ഷത്തുള്ള വിമത എംഎൽഎമാർ വിജയ്ക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 47 എഐഎഡിഎംകെ എംഎൽഎമാരിൽ 30 പേരുടെ പിന്തുണ വിമത പക്ഷത്തിനുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്.

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ് ഇന്നലെ വിമത എഐഎഡിഎംകെ എംഎൽഎമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എസ്‌പി വേലുമണി, സിവി ഷൺമുഖം എന്നിവരുമായാണ് വിജയ് കൂടിക്കാഴ്‌ച നടത്തിയത്. നിയമസഭാ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച. വിമത എംഎൽഎമാർ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചാൽ സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.

നേരത്തെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ വിജയിയെ പിന്തുണയ്ക്കണമെന്ന് ഷൺമുഖവും വേലുമണിയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് എഐഎഡിഎംകെയിൽ വിഭാഗീയതയും ശക്തമായത്. പാർട്ടി ജനറൽ സെക്രട്ടറി പളനിസ്വാമി ഈ നിലപാടിനെ തള്ളിയതോടെ പാർട്ടി രണ്ട് തട്ടിലാവുകയായിരുന്നു.

വിജയ് വഴിയൊരുക്കുന്നത് ബിജെപിക്കോ?

 

എഐഎഡിഎംകെ പിളരുമോ?

ഇന്ന് ടിവികെ സർക്കാരിന് എഐഎഡിഎംകെ എംഎൽഎമാർ പിന്തുണ പ്രഖ്യാപിക്കുകയാണെങ്കിൽ പാർട്ടി പളനിസ്വാമി പക്ഷമെന്നും ഷൺമുഖം-വേലുമണി പക്ഷമെന്നും രണ്ടായി പിളർന്നേക്കും. അതുകൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പ് വിജയ് സർക്കാരിനെന്നപോലെ എഐഎഡിഎംകെയ്ക്കും നിർണായകമാണ്. തെരഞ്ഞെടുപ്പിൽ തുടർച്ചയായി തിരിച്ചടികളുണ്ടായതോടെ തന്നെ പളനിസ്വാമിക്കെതിരെ എഐഎഡിഎംകെയിൽ വിമർശനങ്ങളുയർന്നിരുന്നു. ഇതാണ് വിജയ്ക്ക് പിന്തുണ നൽകുന്നതിലേക്കും വിഭാഗീയ പ്രശ്നങ്ങളിലേക്കും നയിച്ചത്.

തെരഞ്ഞെടുപ്പിന് പിന്നാലെ 107 അംഗങ്ങളുടെ പിന്തുണയായിരുന്നു വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് ലഭിച്ചത്. 11 സീറ്റുകളുടെ കുറവുണ്ടായ സാഹചര്യത്തിലാണ് പിന്തുണ പ്രഖ്യാപിക്കണമെന്ന ആവശ്യം ഷൺമുഖം-വേലുമണി പക്ഷം ഉയർത്തിയത്. എന്നാൽ എടപ്പാടി കെ പളനിസ്വാമി ഈ നിർദ്ദേശത്തെ എതിർക്കുകയായിരുന്നു.

ടിവികെ വിശ്വാസ വോട്ടെടുപ്പിൽ ജയിക്കും

അതേസമയം എഐഎഡിഎംകെ എംഎൽഎമാർ പിന്തുണച്ചില്ലെങ്കിലും ടിവികെയ്ക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകും. ടിവികെയുടെ 107 സീറ്റുകൾ പുറമേ കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെ പിന്തുണ ടിവികെയ്ക്ക് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here