കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അറിയാം; 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കാൻ വിഡി സർക്കാർ

0
18

തിരുവനന്തപുരം: 10 ദിവസത്തിനുള്ളിൽ സംസ്ഥാനത്തിൻ്റെ ധവള പത്രം ഇറക്കാൻ വിഡി സതീശൻ സർക്കാർ . കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഇതിനായി ഡോ. കെഎം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യ യോഗം ചേരും.

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാന ഖജനാവ് കാലിയാണെന്ന് പ്രതിപക്ഷ നേതൃപദവിയിലിരിക്കുമ്പോൾ വിഡി സതീശൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ധവളപത്രം ഇറക്കുന്നത്.

‘സംസ്ഥാനത്തിൻ്റെ നിലവിലെ ധനസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ സാമ്പത്തിക വിദഗ്ധരുടെ പിന്തുണയോടെ ധവളപത്രം പ്രസിദ്ധീകരിക്കും.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തിനു പിന്നാലെ സെക്രട്ടേറിയറ്റിലെ നോർത്ത് മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ തയ്യാറാക്കും. കേരളം ഒരു പരിഷ്‌കൃത സമൂഹമാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയുന്ന തരത്തിൽ മുതിർന്ന പൗരന്മാരെ കരുതലോടെ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആശവർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകും. വിരമിക്കൽ ആനുകൂല്യത്തിനു വേണ്ട പണച്ചെലവ് കണക്കാക്കാനും വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഖജനാവിന്‍റെ പൊതുസ്ഥിതി വിദഗ്ധ സമിതി പഠിക്കും ഇതിനു ശേഷം 10 ദിവസത്തിനുള്ളില്‍ ധവളപത്രം ഇറക്കാനാണ് നീക്കം.



102 സീറ്റുമായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിനു തുടക്കത്തിൽ തന്നെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുള്ള പണം കണ്ടെത്തുക പ്രയാസമാകും. അഞ്ചിന ഇന്ദിരാ ഗ്യാരൻ്റി തന്നെ ചെലവേറിയ പദ്ധതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here