ശ്രീനിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം, വീണ്ടെടുക്കാനാവാത്ത നഷ്ടം: മുഖ്യമന്ത്രി

0
40

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ പ്രതിഭയാണ് ഇതിലൂടെ മറയുന്നത്. പച്ചമനുഷ്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും, ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധതലങ്ങളിലേക്ക് നയിക്കുന്നതിലും ഇത്രത്തോളം വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ തന്‍റെ ചുവടുവെപ്പുകൾ നടത്തിയത്.

താൻ പ്രകാശിപ്പിക്കുന്ന ആശയങ്ങൾ കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ളവർ പോലും ആ പ്രതിഭയെ ആദരിച്ചിരുന്നു. മലയാള ചലച്ചിത്രരംഗത്തെ ആസ്വാദനതലത്തെ ഭാവാത്മകമാംവിധം മാറ്റുന്നതിനായി ശ്രീനിവാസൻ പ്രയത്നിച്ചു. തന്‍റെ സാമൂഹിക കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം പൂർണ്ണമായും വിജയിച്ചു.

കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യാപരിക്കുകയും, പ്രവർത്തിച്ച ഇടങ്ങളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്‍റെ സിനിമകളിലെ ഒട്ടേറെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കും.

വ്യക്തിപരമായി കൂടി വലിയൊരു നഷ്ടമാണ് ശ്രീനിവാസന്‍റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും, നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഇന്നും ഓർക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ, സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകം കൂടിയായിരുന്നു. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന്, സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്‍റെ ജീവിതം പരിശ്രമശാലികൾക്കുള്ള ഒരു പാഠപുസ്തകമാണെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മലയാളിയുടെ മനസറിയുന്ന എഴുത്തുകാരൻ: എം. മോഹനൻ

മലയാളികളുടെ മനസ്സറിഞ്ഞ് എഴുതാൻ ശ്രീനിവാസനോളം മറ്റാർക്കും സാധിക്കില്ല എന്നാണ് സംവിധായകൻ എം. മോഹനൻ അഭിപ്രായപ്പെട്ടത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കഥ പറയുമ്പോൾ’ എന്ന ചിത്രം. ഈ സിനിമ ഹിന്ദിയിലും തമിഴിലും പുനർനിർമ്മിച്ചിട്ടും വിജയിക്കാതെ പോയത്, ആ കഥയിലെ വൈകാരികത അതാത് ഭാഷകളിലെ സംവിധായകർക്ക് കൃത്യമായി ഉൾക്കൊള്ളാൻ സാധിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി എന്ന താരം അതിഥിയായി എത്തുന്ന ആ ഒറ്റ ക്ലൈമാക്സ് രംഗത്തിലുള്ള ശ്രീനിവാസന്‍റെ വിശ്വാസത്തിലാണ് ആ സിനിമ സംഭവിച്ചത്. മമ്മൂട്ടിയുമായുള്ള ആത്മബന്ധമാണ് ഈ സിനിമ യാഥാർത്ഥ്യമാക്കിയതെന്നും, ശ്രീനിവാസന്‍റെ വിവാഹത്തിന് സാമ്പത്തികമായി സഹായിച്ചത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

പത്മരാജന് ശേഷമുള്ള മികച്ച എഴുത്തുകാരൻ:സത്യൻ അന്തിക്കാട്

പത്മരാജൻ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരൻ ശ്രീനിവാസനാണെന്ന് സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. അനാരോഗ്യ വേളയിലും ശ്രീനിവാസന്‍റെ തമാശകൾക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ലെന്ന് അദ്ദേഹം ഓർക്കുന്നു. ഒരിക്കൽ അസുഖത്തെക്കുറിച്ച് ചോദിച്ച നാട്ടുകാരിയോട് “അസുഖമൊക്കെ വളരെ നന്നായി പോകുന്നു” എന്ന് അദ്ദേഹം മറുപടി നൽകിയത് സത്യൻ അന്തിക്കാട് അനുസ്മരിച്ചു. കൂടാതെ, ‘ഹൃദയപൂർവ്വം’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ശ്രീനിവാസൻ മോഹൻലാലിനോട് മുൻപത്തെ വിമർശനങ്ങളിൽ ക്ഷമ ചോദിച്ച കാര്യവും അവർക്കിടയിലെ സൗഹൃദം വീണ്ടും ദൃഢമായതും അദ്ദേഹം വെളിപ്പെടുത്തി.

അവിചാരിതമായി വന്ന തിരക്കഥാകൃത്ത്: പ്രിയദർശൻ

അഭിനയിക്കണമെങ്കിൽ തിരക്കഥ എഴുതണം എന്ന പ്രിയദർശന്‍റെ നിബന്ധനയാണ് ശ്രീനിവാസനെ തിരക്കഥാകൃത്താക്കിയത്. തിരക്കഥയുടെ ‘എബിസിഡി’ അറിയാതെ അദ്ദേഹം എഴുതിയ ‘ഓടരുതമ്മാവാ ആളറിയാം’ വൻ വിജയമായി. ‘വെള്ളാനകളുടെ നാട്’ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണ വേളയിൽ സീൻ ഓർഡർ പോലുമില്ലാതെ ഫോണിലൂടെ തിരക്കഥ പറഞ്ഞു കൊടുക്കുന്ന ശ്രീനിവാസന്‍റെ അസാധ്യമായ ഓർമ്മശക്തിയെക്കുറിച്ചും പ്രിയദർശൻ മുൻപ് അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയിക്കുമ്പോൾ സൗന്ദര്യം കൂടുന്ന താരം: ഉർവശി

താൻ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ശ്രീനിവാസനെന്ന് നടി ഉർവശി പറഞ്ഞു. ഒരിക്കൽ താൻ അഭിനയിച്ചവരിൽ ഏറ്റവും സുന്ദരനായ നടൻ ആരെന്ന ചോദ്യത്തിന് ഉർവശി നൽകിയ ഉത്തരം ശ്രീനിവാസൻ എന്നായിരുന്നു. അഭിനയിക്കുമ്പോൾ സൗന്ദര്യം ഇരട്ടിയാകുന്ന പ്രത്യേക കഴിവുള്ള മനുഷ്യനാണ് അദ്ദേഹമെന്ന് അവർ സാക്ഷ്യപ്പെടുത്തി.

ജീവിതത്തെ തിരക്കഥയാക്കിയ പ്രതിഭ: കമൽ

ജീവിതത്തിലെ നിമിഷങ്ങളെ തന്‍റെ തിരക്കഥകളിലേക്ക് വിദഗ്ധമായി കൊണ്ടുവരാൻ ശ്രീനിവാസന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് സംവിധായകൻ കമൽ പറഞ്ഞു. ‘ചമ്പക്കുളം തച്ചൻ’ എന്ന സിനിമയുടെ സെറ്റിൽ നടൻ മുരളി പറഞ്ഞ കാര്യങ്ങളാണ് ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലെ സരോജ് കുമാറിന്‍റെ പ്രശസ്തമായ ഡയലോഗുകളായി മാറിയതെന്ന് അദ്ദേഹം ഓർമ്മിച്ചു.

സർക്കാസത്തിന്‍റെ ജാലവിദ്യക്കാരൻ: സിബി മലയിൽ

വാക്കുകളിൽ സർക്കാസം (Sarcasm) ഒളിപ്പിക്കുന്ന ജാലവിദ്യക്കാരനാണ് ശ്രീനിവാസനെന്നാണ് സംവിധായകൻ സിബി മലയിൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തെപ്പോലെ ഒളിഞ്ഞിരിക്കുന്ന ഹാസ്യം എഴുതാൻ മലയാള സിനിമയിൽ മറ്റാർക്കും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വം: മധുപാൽ

താൻ വേണ്ടെന്നുവെച്ച തിരക്കഥകളാണ് മലയാള സിനിമയ്ക്ക് ലഭിച്ച വലിയ സംഭാവനകളെന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് മധുപാൽ ഓർക്കുന്നു. ഒരു സംവിധായകന്‍റെ സമയത്തിന് അദ്ദേഹം നൽകിയ മൂല്യവും തനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ തുറന്നു പറയാനുള്ള അദ്ദേഹത്തിന്‍റെ ആർജ്ജവവും മധുപാൽ എടുത്തുപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here