അപ്രതീക്ഷിത മാറ്റങ്ങളോടെ ബ്രസീൽ ലോകകപ്പ് സ്ക്വാഡ്,,

0
10

റിയോ ഡി ജനീറോ: രണ്ടര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം നെയ്‌മര്‍ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരിച്ചെത്തി. അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്‍റെ 26 അംഗ അന്തിമ ടീമിനെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചു.

‘വെറുമൊരു ബാക്കപ്പ് കളിക്കാരനല്ല നെയ്‌മര്‍: കോച്ച്

നെയ്‌മറെ ടീമിലെടുത്തത് വെറുമൊരു ബാക്കപ്പ് കളിക്കാരനായിട്ടല്ല, അദ്ദേഹത്തിന്‍റെ കളിമികവ് ടീമിന് കൂടുതൽ കരുത്ത് പകരുമെന്നതിനാലാണെന്ന് റിയോ ഡി ജനീറോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആഞ്ചലോട്ടി പറഞ്ഞു. “അദ്ദേഹം ഒരു മിനിറ്റ് കളിച്ചാലും 90 മിനിറ്റ് കളിച്ചാലും, ആ സമയത്തെ കളി എത്രത്തോളം ടീമിന് ഗുണം ചെയ്യും എന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. കഠിനാധ്വാനം ചെയ്യുന്നവർക്ക് മാത്രമേ ടീമിൽ അവസരമുണ്ടാകൂ. എല്ലാ പ്രതീക്ഷകളും ഒരു കളിക്കാരനിൽ മാത്രം അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കിൽ നിന്നുള്ള രാജകീയ തിരിച്ചുവരവ്

ബ്രസീലിനായി 128 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ (79 ഗോളുകൾ) നേടിയിട്ടുള്ള നെയ്‌മര്‍, 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീൽ ജേഴ്‌സി അണിഞ്ഞത്. അന്ന് നേരിട്ട ഗുരുതരമായ ലിഗമെന്‍റ് പരിക്കാണ് താരത്തെ ഇത്രയും കാലം മൈതാനത്തുനിന്ന് അകറ്റി നിർത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ തന്‍റെ പഴയ ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയ നെയ്‌മര്‍, പരിക്കുകളോട് പൊരുതി 38 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയിരുന്നു. നിലവിലെ ഫോമിനേക്കാൾ നെയ്‌മറുടെ പരിചയസമ്പത്തും ശാരീരികക്ഷമതയുമാണ് മാനേജ്‌മെന്‍റ് പ്രധാനമായും വിലയിരുത്തിയത്.

ചില പ്രമുഖർ പുറത്ത്; സർപ്രൈസ് എൻട്രികൾ

അതേസമയം ചെൽസി താരങ്ങളായ ജോവോ പെഡ്രോ, ആൻഡ്രേ സാന്‍റോസ്, വെറ്ററൻ ഡിഫൻഡർ തിയാഗോ സിൽവ എന്നിവർക്ക് ഇത്തവണ ടീമിലിടം നേടാനായില്ല. പരിക്കേറ്റ റോഡ്രിഗോ, എസ്റ്റെവോ എന്നീ മുന്നേറ്റനിര താരങ്ങളും ടീമിൽ നിന്നൊഴിവായി. ഗ്രെമിയോ ഗോൾകീപ്പർ വെവർട്ടൺ, ബോൺമൗത്ത് വിങ്ങർ റായൻ എന്നിവരാണ് ടീമിലെ അപ്രതീക്ഷിത മുഖങ്ങൾ.

ആദ്യ പോരാട്ടം ജൂൺ 13ന്

ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന ബ്രസീൽ ജൂൺ 13ന് ന്യൂജേഴ്‌സിയിൽ മൊറോക്കോയ്‌ക്കെതിരെയാണ് തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഹെയ്‌തി, സ്കോട്ട്‌ലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ബ്രസീൽ ലോകകപ്പ് സ്ക്വാഡ്:

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സണ്‍, വെവർട്ടൺ. പ്രതിരോധനിര: അലക്‌സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിന്യോസ്, ഗബ്രിയേൽ മഗൽഹെസ്, ഡഗ്ലസ് സാൻഡ്രോ. മധ്യനിര: ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, ഡാനിലോ സാൻഡ്രോ, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ. മുന്നേറ്റനിര: എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാറ്റിയൂസ് കുൻഹ, റഫീഞ്ഞ, വിനീഷ്യസ് ജൂനിയർ, ലൂയിസ് ഹെൻറിക്, നെയ്‌മര്‍, റായൻ.

LEAVE A REPLY

Please enter your comment!
Please enter your name here