രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഞാവൽപഴം;

0
32

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്

ഇന്ത്യൻ ബ്ലാക്ക്‌ബെറി എന്നും അറിപ്പെടുന്ന ഞാവൽപഴം പരമ്പരാഗതമായി അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾക്കായി, പ്രത്യേകിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. പ്രമേഹ നിയന്ത്രണത്തിൽ ഞാവൽപഴത്തിന്റെ ഫലപ്രാപ്തി അറിയാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഞാവൽപഴത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കാൻ എളുപ്പമാണ്. ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ള ആന്തോസയാനിനുകൾ, എലാജിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഈ സംയുക്തങ്ങൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ ഉൽപാദനത്തിന് ഉത്തരവാദികളായ പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നുവെന്ന്, അപ്പോളോ ഹോസ്പിറ്റൽസ് ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. പ്രിയങ്ക റോത്തഗി പറയുന്നു.

ഞാവൽപഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഇത് താരതമ്യേന ചെറിയ സ്വാധീനം ചെലുത്തുന്നു. ഇത് നാരുകളാൽ സമ്പന്നമാണ്, ഇത് ദീർഘനേരം സംതൃപ്തി നൽകുകയും രക്തപ്രവാഹത്തിലേക്ക് ഗ്ലൂക്കോസ് റിലീസ് വൈകിപ്പിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, സ്വാഭാവിക പഞ്ചസാര എന്നത് പരിഗണിക്കേണ്ടത് പ്രധാനമാണ്. അതിനാൽ അമിതമായ ഉപയോഗം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും. ഞാവൽപഴത്തിന്റെ അളവ് അനുവദനീയമായ കാർബോഹൈഡ്രേറ്റ് ദൈനംദിന ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്നു. ഇവ ഭക്ഷണത്തിൽ അധികമായി ചേർക്കുന്നതിന് പകരം, മറ്റേതെങ്കിലും ഭക്ഷ്യവസ്തുക്കൾക്ക് പകരമായി വേണം ഇവ കഴിക്കാൻ.

കൂടാതെ, ഭക്ഷണത്തിനിടയിൽ പഴങ്ങൾ ലഘുഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്. സമീകൃതാഹാരത്തിന് മിതത്വം ആവശ്യമാണ്. ഭക്ഷണത്തോടുള്ള വ്യക്തിഗത പ്രതികരണങ്ങൾ വ്യത്യാസപ്പെടാം, അതിനാൽ പ്രമേഹമുള്ളവർ അവരുടെ വ്യക്തിപരമായ സഹിഷ്ണുതയും പ്രതികരണവും വിലയിരുത്തുന്നതിന് ഞാവൽപഴം കഴിച്ചതിനുശേഷം അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നത് നല്ലതാണ്. പ്രമേഹ നിയന്ത്രണത്തിനായി ഞാവൽപഴം മാത്രമല്ല, അതിന്റെ ജ്യൂസും സത്തും ഉപയോഗിക്കാറുണ്ട്.

പബ്‌മെഡിൽ പ്രസിദ്ധീകരിച്ച ഞാവൽപഴത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പഠന അവലോകനത്തിൽ ഇങ്ങനെ പറയുന്നു. “അമിതമായി മൂത്രമൊഴിക്കുക പോലുള്ള പ്രമേഹ ലക്ഷണങ്ങളെ ഇത് ലഘൂകരിക്കുന്നു. ഇലകൾ, വിത്തുകൾ, പുറംതൊലി എന്നിവയുടെ സത്ത് പ്രമേഹ ചികിത്സയിൽ വളരെ വിജയകരമാണ്. ഇൻറർമീഡിയറ്റ് ഹൈപ്പർ ഗ്ലൈസീമിയ (പ്രീ ഡയബറ്റിസ്) ഒരു ഉപാപചയ രോഗമാണ്, അതിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയേക്കാൾ അല്പം കൂടുന്നു, പക്ഷേ പ്രമേഹത്തിന്റെ പരിധിയിലേക്ക് ഉയരുന്നില്ല. ഇത് പലതരം മൈക്രോ-മാക്രോ-വാസ്കുലാർ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.”

“ഞാവൽപഴത്തിന്റെ ഉണക്കി പൊടിച്ച വിത്ത് പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. വർഷങ്ങളായി, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിനും ഹൃദയ, ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള സ്വാഭാവിക മാർഗമായി ഞാവൽപഴത്തിന്റെ പൊടി ഉപയോഗിക്കുന്നു.”

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലാണ്, എന്നാൽ പ്രമേഹം എന്ന് തരംതിരിക്കാവുന്നത്ര ഉയർന്നതല്ലാത്ത ഒരു അവസ്ഥയാണ് പ്രീ ഡയബറ്റിസ്. അത് റിവേഴ്‌സ് ചെയ്യാനുള്ള സമീകൃതാഹാരത്തിന്റെ ഭാഗമായിട്ടാണ് ഞാവൽപഴത്തിനെ കണക്കാക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനോ കാലതാമസം വരുത്തുന്നതിനോ പ്രീ ഡയബറ്റിസ് നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്.

ഞാവൽപഴത്തിന്റെ ഗുണങ്ങൾ ലഭിക്കാൻ ഏറ്റവും ലളിതമായ മാർഗം പഴം അങ്ങനെതന്നെ കഴിക്കുക എന്നതാണ്. ജ്യൂസായും പലരും ഇവ ഉപയോഗിക്കാറുണ്ട്. ഫ്രൂട്ട് പൾപ്പ് വെള്ളത്തിൽ ലയിപ്പിച്ച് മിശ്രിതം അരിച്ചെടുത്ത് ഇത് ഉണ്ടാക്കാം. ചിലർ രുചി കൂട്ടാൻ അൽപം തേനോ നാരങ്ങാനീരോ ചേർക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കുന്നത് നല്ലതാണ്.

ഉണങ്ങിയ ബ്ലാക്ക് പ്ലം അല്ലെങ്കിൽ ഞാവൽ വിത്ത് പൊടി എന്നും അറിയപ്പെടുന്ന ഇവ, പഴത്തിന്റെ വിത്തുകൾ ഉണക്കി പൊടിച്ചാണ് ഉണ്ടാക്കുന്നത്. ഇത് നേരിട്ട് കഴിക്കാം അല്ലെങ്കിൽ സ്മൂത്തികൾ, തൈര്, ഓട്‌സ് പോലുള്ള വിവിധ പാചകക്കുറിപ്പുകളിൽ ചേരുവയായി ഉപയോഗിക്കാം. പഴങ്ങൾ ലഭ്യമല്ലാത്തപ്പോൾ ഇവ കഴിക്കുന്നതിനുള്ള മറ്റൊരു സൗകര്യപ്രദമായ രൂപമാണ് ഞാവൽപഴത്തിന്റെ പൊടി.

പഴത്തിന്റെ പൾപ്പ് ഉണക്കി പൊടിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഞാവൽപഴം വെള്ളത്തിലോ പാലിലോ മറ്റ് പാനീയങ്ങളിലോ ചേർക്കാം, അല്ലെങ്കിൽ സലാഡുകൾ, മധുരപലഹാരങ്ങൾ എന്നിവയിൽ ചേർക്കാം. ജാമുൻ എക്സ്ട്രാക്‌റ്റുകളും സപ്ലിമെന്റുകളും ക്യാപ്‌സ്യൂളുകൾ, ഗുളികകൾ അല്ലെങ്കിൽ പൊടികൾ എന്നിവയുടെ രൂപത്തിൽ ലഭ്യമാണ്. എന്നിരുന്നാലും ഇവ കഴിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ധനുമായി കൂടിയാലോചിക്കേണ്ടതുണ്ട്.

പ്രായം, മൊത്തത്തിലുള്ള ആരോഗ്യം, നിലവിലുള്ള ഏതെങ്കിലും മെഡിക്കൽ അവസ്ഥകൾ എന്നിങ്ങനെയുള്ള വ്യക്തിഗത ഘടകങ്ങളെ ആശ്രയിച്ച് ഞാവൽപഴം കഴിക്കുന്ന അളവ് വ്യത്യാസപ്പെടാം. പ്രമേഹ നിയന്ത്രണത്തിൽ ഞാവൽപഴത്തിന്റെ ഉപഭോഗത്തിന് പ്രത്യേകമായി പരിമിതമായ ശാസ്ത്രീയ തെളിവുകളും സ്റ്റാൻഡേർഡ് ശുപാർശകളും ഉള്ളതിനാൽ, ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കുന്നതും നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here