ഹൃദയാഘാതം ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും ഭയപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. ജിമ്മിലോ നൃത്തവേദിയിലോ ജോലിസ്ഥലത്തോ ഒക്കെ വെച്ച് പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത വാർത്തകൾ നമ്മെ ആശങ്കപ്പെടുത്താറുണ്ട്. ഉറക്കമില്ലായ്മയും അമിതമായ സമ്മർദവും വ്യായാമക്കുറവുമൊക്കെ ഹൃദയാരോഗ്യത്തെ ബാധിക്കുമെങ്കിലും നമ്മുടെ ഭക്ഷണക്രമത്തിന് ഇതിൽ വലിയൊരു പങ്കുണ്ട്.
ലൈഫ്സ്റ്റൈൽ വിദഗ്ധൻ ലൂക്ക് കുട്ടീഞ്ഞോ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു പാനീയം നിർദേശിച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല, നമ്മുടെ വീട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ബീറ്റ്‌റൂട്ട് ജ്യൂസ് ആണ്. ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ആണ് ഇതിന്റെ പ്രധാന ഗുണം. ഇത് ശരീരത്തിലെത്തുമ്പോൾ നൈട്രിക് ഓക്സൈഡ് ആയി മാറുന്നു. രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും ഈ തന്മാത്ര സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസ് വെറുമൊരു പാനീയമല്ല, ആരോഗ്യഗുണങ്ങളുടെ ഒരു കലവറ തന്നെയാണ്. ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ അറിയാം.
രക്തസമ്മർദം നിയന്ത്രിക്കുന്നു
ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകൾ ശരീരത്തിൽ വെച്ച് നൈട്രിക് ഓക്സൈഡ് ആയി മാറുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദയത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇതിന് ശേഷിയുണ്ട്.
ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നു
രക്തം ശുദ്ധീകരിക്കാനുള്ള കഴിവ് ബീറ്റ്‌റൂട്ടിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.









