സൂര്യാഘാതവും താപാക്ഷീണവും ഒന്നല്ല; ലക്ഷണങ്ങളും മുൻകരുതലുകളും മനസിലാക്കാം

0
50

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വേനലില്‍ വെന്തുരുകുകയാണ്. മുൻവർഷത്തേക്കാൾ ചൂട് ഇനിയും കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പകലും രാത്രിയും ഒരുപോലെ ചൂട് അനുഭവപ്പെടുകയാണ്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

എന്നാൽ പലപ്പോഴും ആളുകൾക്ക് സൂര്യാഘാതം, താപാക്ഷീണം എന്നിവ തിരിച്ചറിയാൻ സാധിക്കാതെ വരുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ ജീവനും രക്ഷിക്കാം. സൂര്യാഘാതം, താപാക്ഷീണം എന്നിവ തമ്മിലുള്ള വ്യത്യാസവും സുരക്ഷാമുൻകരുതലുകളും എന്തെല്ലാമാണെന്ന് നോക്കാം.

താപാക്ഷീണം (Heat Exhaustion)

ശരീരം അമിതമായി ചൂടാകുകയും ശരീരത്തിന് തണുപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് താപാക്ഷീണം. ചൂട് കൂടുമ്പോൾ അത് നിയന്ത്രണവിധേയമാക്കാൻ ശരീരം തന്നെ ശ്രമിക്കും; വിയർക്കുന്നത് അതിന് ഉദാഹരണമാണ്. എന്നാൽ ശരീരം സ്വയം നിയന്ത്രിക്കാനോ തണുപ്പിക്കാനോ സാധിക്കാതെ വരുമ്പോൾ അത് താപാക്ഷീണമായി മാറും. തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചിലർക്ക് ചർമ്മം വിളറുകയോ ചുവക്കുകയോ ചെയ്യാം. ഇത്തരം ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ശരീരം ഉടനടി തണുപ്പിക്കാനും വിശ്രമിക്കാനും ശ്രമിക്കണം. തണലുള്ള സ്ഥലങ്ങളിലേക്ക് മാറിനിൽക്കുക, പുറത്തിറങ്ങുമ്പോൾ കുടയോ മറ്റോ ഉപയോഗിക്കുക എന്നിവയിലൂടെ താപാക്ഷീണം കുറയ്ക്കാൻ സാധിക്കും.

സൂര്യാഘാതം (Sunstroke/Heatstroke)

ശരീരതാപം 104°F അല്ലെങ്കിൽ 40°C ന് മുകളിലെത്തുന്ന അതീവ ഗുരുതരമായ അവസ്ഥയാണ് സൂര്യാഘാതം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിൻ്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കുകയും ചെയ്യും. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ടതും ചുവന്നു ചൂടായതുമായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ തുടങ്ങിയവ ഉണ്ടായേക്കാം. ഇത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. താപാക്ഷീണം വളരെ പെട്ടെന്ന് മാറ്റാൻ സാധിക്കുമെങ്കിലും സൂര്യാഘാതം തലച്ചോറിന്‍റെ പ്രവർത്തനത്തെ പെട്ടെന്ന് ബാധിക്കുമെന്ന് സീനിയർ കൺസൾട്ടന്‍റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുഡെ പറയുന്നു.

സൂര്യാഘാതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങുകൾ

  • ദാഹം തോന്നുന്നില്ലെങ്കിലും ഓരോ മണിക്കൂറിലും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും നിർജ്ജലീകരണം തടയുകയും ചെയ്യും.
  • ഉചിതമായ വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
  • പുറത്തുപോകേണ്ടി വന്നാൽ എപ്പോഴും വാട്ടർ ബോട്ടിൽ കരുതുക. സൺഗ്ലാസ്, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ധരിക്കുകയും സൺസ്ക്രീൻ ഉപയോഗിക്കുകയും ചെയ്യുക.
  • തൈര്, പഴങ്ങൾ അല്ലെങ്കിൽ സാലഡുകൾ പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. കനത്തതും എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ശരീരത്തിന് കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണമാകും.
  • യാത്ര ചെയ്യുമ്പോൾ വാട്ടർ ബോട്ടിൽ, ORS സാഷെ, നനഞ്ഞ ടിഷ്യു പേപ്പറുകൾ എന്നിവ കരുതുക.
  • തലകറക്കം, ബലഹീനത, ആശയക്കുഴപ്പം അല്ലെങ്കിൽ ഛർദ്ദി എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അത് സൂര്യാഘാതമാകാം. ഉടൻ തണലിലേക്ക് മാറുക, വെള്ളം കുടിക്കുക, വിശ്രമിക്കുക.
  • തിടുക്കത്തില്‍ വെള്ളം കുടിക്കരുത്. വെള്ളം പതുക്കെ കുടിക്കുക, തണുത്ത സ്ഥലത്ത് കിടക്കുക, ശരീരതാപനില കുറയ്ക്കാൻ നെറ്റിയിൽ നനഞ്ഞ തുണി അല്ലെങ്കിൽ ടിഷ്യു വയ്ക്കുക.
  • അസ്വസ്ഥത മാറുന്നില്ലെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.
  • കൊടുംചൂടിൽ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക.
  • തേങ്ങാവെള്ളം, മോര്, നാരങ്ങാവെള്ളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here