പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ മരിച്ചു. സംഘടനയുടെ ഔദ്യോഗിക ചാനൽ വഴിയാണ് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രി ബഹാവൽപൂരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ സംസ്കാരം നടന്നതായും അറിയിച്ചു. എന്നാൽ മരണ കാരണത്തെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
ജെയ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന താഹിർ അൻവർ, വർഷങ്ങളായി സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മരണത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. രോഗ വിവരങ്ങളോ മറ്റു പ്രത്യേക സാഹചര്യങ്ങളോ റിപ്പോർട്ട് ചെയ്യാത്തത് മരണത്തിൽ ദുരൂഹത ഉയർത്തുന്നുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ട്. 2001-ൽ രാജ്യത്തെ നടുക്കിയ പാർലമെൻറ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 19 സൈനികർ വീരമൃത്യു വരിച്ച ഉറി ആക്രമണം, 40 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ട 2019-ലെ പുൽവാമ ആക്രമണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പാക്കിസ്ഥാനിലെ ബാഹാവൽപൂരിലുള്ള ജെയ്ഷെ ആസ്ഥാനം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന നേരത്തെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂരിൽ മസൂദിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സംഘടന പരോക്ഷമായി സമ്മതിച്ചിരുന്നു. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ഇന്ത്യൻ ആക്രമണത്തിൽ നിരവധി ഭീകരകേന്ദ്രങ്ങൾ തകർന്നിരുന്നു. ആക്രമണത്തിൽ ബഹാവൽപൂരിലെ ജാമിയ മസ്ജിദ് സുബഹാനള്ള എന്ന കേന്ദ്രത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. മസൂദ് അസ്ഹറിന്റെ സഹോദരി, സഹോദരി ഭർത്താവ്, അനന്തരവൻ അനന്തരവൾ, മറ്റു കുടുംബാംഗങ്ങൾ ഉൾപ്പെടെ പത്തോളം ബന്ധുക്കളും നിരവധി സഹായികളും ആ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.








