ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി ഇറാൻ. കപ്പൽ സുരക്ഷയും സാമ്പത്തിക ക്രമീകരണവും ലക്ഷ്യമിട്ടുള്ള പുതിയ നടപടിക്ക് ഇറാൻ്റെ പാർലമെൻ്റ് സുരക്ഷാ സമിതി ഔദ്യോഗിക അംഗീകാരം നൽകി. കടലിടുക്കിൽ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുക, പരിസ്ഥിതി സംരക്ഷണം, റിയാൽ അടിസ്ഥാനമാക്കിയുള്ള ടോൾ സംവിധാനം എന്നിവയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
അമേരിക്കൻ, ഇസ്രയേൽ കപ്പലുകൾക്ക് നിരോധനം
പുതിയ നടപടിയുടെ ഭാഗമായി അമേരിക്കൻ, ഇസ്രയേൽ കപ്പലുകളുടെ കടന്നുപോക്ക് പൂർണമായി നിരോധിച്ചു. ഇറാൻ്റെ പരമാധികാരം ശക്തിപ്പെടുത്തുകയും കടലിടുക്കിനുള്ള നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കുന്നതിൽ ഒമാനുമായുള്ള സഹകരണം വീണ്ടെടുക്കുകയും ചെയ്യുകയെന്നതാണ് പുതിയ നീക്കത്തിന് പിന്നിൽ.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് ഈ നടപടി വലിയ തിരിച്ചടിയാകും. കഴിഞ്ഞ മാസം ആരംഭിച്ച ഇറാന്‍ ഇസ്രയേല്‍ യുഎസ് യുദ്ധത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ സഞ്ചാരം വലിയ തോതിൽ തടസപ്പെട്ടിരുന്നു. ആഗോളതലത്തിൽ എല്‍എന്‍ജി, വളം, എണ്ണ ഉത്പന്നങ്ങളുടെ നാലിലൊന്ന് കടന്നുപോകുന്നത് ഇതിലൂടെയാണ്. പ്രതിദിനം ലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഈ പാത വഴി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുന്നത്.
സമാധാന ചർച്ചകൾക്ക് തിരിച്ചടി
പശ്ചിമേഷ്യയിൽ യുദ്ധം ഇനിയും നീളുമെന്ന സൂചനകളാണ് പുതിയ സംഭവവികാസങ്ങളിലൂടെ പുറത്തുവരുന്നത്. സമാധാന ശ്രമങ്ങളുടെ മറവിൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ ഒരു കാരണവശാലും പൊറുക്കില്ലെന്നാണ് ഇറാൻ്റെ ശക്തമായ നിലപാട്. ആക്രമണം നിർത്തിവയ്ക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയാറല്ല. ഇത്തരം മധ്യസ്ഥ ചർച്ചകളിൽ അർഥമില്ലെന്നും ഇറാൻ സുരക്ഷാ കൗൺസിൽ അറിയിച്ചു.
തുർക്കിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭയുമായും യുഎസുമായും നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ സഹകരിക്കാനുള്ള സാധ്യതയും കുറവാണ്. ഇറാനിലേക്ക് സൈന്യത്തെ അയക്കാൻ ബ്രിട്ടൻ തയാറല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അമേരിക്കൻ യുദ്ധവിമാനങ്ങൾക്കായി തങ്ങളുടെ എയർസ്‌പേസ് തുറന്നുകൊടുക്കാൻ താത്പര്യമില്ലെന്ന് സ്പെയിനും വ്യക്തമാക്കി. ചർച്ചകൾക്ക് സാധ്യതയില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ ഇസ്രയേലിന് നേരെയുള്ള ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കി. ഹൈഫയിലെ ഓയിൽ റിഫൈനറിക്കും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം വ്യാപിപ്പിക്കുകയാണ്.
കടുത്ത നിലപാടുമായി അമേരിക്ക
ഹോർമുസിൻ്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിക്കുമെന്നും മേഖലയിലൂടെയുള്ള നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് വ്യക്തമാക്കി. അമേരിക്കൻ എസ്കോർട്ട് കപ്പലുകൾ നൽകിയോ ബഹുരാഷ്ട്ര സേനയിലൂടെയോ കടലിടുക്കിൻ്റെ നിയന്ത്രണം വീണ്ടെടുക്കാൻ യുഎസ് പദ്ധതിയിടുന്നുണ്ട്. ഇറാൻ്റെ ആണവ, ഊർജ കേന്ദ്രങ്ങളും വൈദ്യുതി നിലയങ്ങളും വരും ദിവസങ്ങളിൽ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയത്. ഹോർമുസ് തുറന്നു നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്ന് ട്രംപും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ഹോർമുസ് കടലിടുക്ക്?
പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ലോകഭൂപടത്തിലെ ഏറ്റവും തന്ത്രപ്രധാന സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. ഒരു വശത്ത് ഇറാനും മറുവശത്ത് യുഎഇയും ഒമാൻ്റെ ഭാഗമായ മുസന്ദം ഉപദ്വീപുമാണ്. ലോകത്തിൻ്റെ സാമ്പത്തിക ഞരമ്പ് എന്നാണ് ഈ പാതയെ വിശേഷിപ്പിക്കുന്നത്.
ലോകത്ത് ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിൻ്റെ 30 ശതമാനം വരെ ഇതിലൂടെയാണ് കൊണ്ടുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്കും ഖത്തറിൽ നിന്നുള്ള പ്രകൃതിവാതക കപ്പലുകൾക്കും പുറംലോകത്തേക്ക് കടക്കാൻ ഈയൊരു വഴി മാത്രമേയുള്ളൂ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെയും പാചകവാതകത്തിൻ്റെയും വലിയൊരു ഭാഗം ഇതുവഴിയാണ് വരുന്നത്. അതിനാൽ പാതയിലെ തടസം ചരക്കുനീക്കച്ചെലവ് കുത്തനെ ഉയർത്തും. ഇത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിക്കാനും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകും.






