ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. യുവവോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി ‘വോട്ട് സ്വീറ്റൻഡ് കേരള ക്യാമ്പയിൻ’ (Vote Sweetened Kerala Campaign) എന്ന പേരിൽ പ്രത്യേക പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു ഖേൽക്കർ മാർച്ച് 29-ന് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ വേറിട്ട നീക്കത്തിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നത്.ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിൽ എത്തുന്ന കന്നിവോട്ടർമാർക്ക് പ്രത്യേക ബ്രാൻഡഡ് ഹൽവ പാക്കറ്റുകളാണ് വിതരണം ചെയ്യുക. ഇതിനായി ഓരോ ജില്ലാ ഇലക്ടറൽ ഓഫീസർമാർക്കും 200 ഹൽവ പാക്കറ്റുകൾ വീതം കൈമാറാൻ നിർദ്ദേശമുണ്ട്.
ഏത് ബൂത്തുകളിലാണ് വിതരണം വേണ്ടതെന്ന് ജില്ലാ ഇലക്ടറൽ ഓഫീസർമാർ തീരുമാനിക്കും. ബൂത്ത് ലെവൽ ഓഫീസർമാരും (BLO) വോളന്റിയർമാരും വോട്ടർമാരെ പരിശോധിച്ച് കന്നിവോട്ടർമാരാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മധുരം നൽകുക.
വോട്ടിംഗ് നടപടികൾക്ക് യാതൊരുവിധ തടസ്സവും ഉണ്ടാകാത്ത രീതിയിലായിരിക്കണം വിതരണമെന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇതിനായി കൂടുതൽ വോളന്റിയർമാരെ നിയോഗിക്കാനും അനുമതിയുണ്ട്. പദ്ധതിയുടെ പ്രചാരണാർത്ഥം വിതരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്താനും ഡിഇഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി 10,900 പേർ
കേരളത്തിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഏർപ്പെടുത്തിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള (Home Voting) സൗകര്യം തിങ്കളാഴ്ച ആരംഭിച്ചു. ആദ്യദിനം തന്നെ 10,922 പേർ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിൽ 7,561 പേർ മുതിർന്ന പൗരന്മാരും (AVSC) 3,361 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ് (AVPD). സംസ്ഥാനത്താകെ 85 വയസ്സിന് മുകളിലുള്ള 1,45,598 വോട്ടർമാരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 62,159 വോട്ടർമാരുമാണുള്ളത്.
തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വീട്ടിലിരുന്ന് വോട്ട് ചെയ്തത്. കോട്ടയത്ത് 2,228 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം (1,749), എറണാകുളം (1,550), കണ്ണൂർ (1,141) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. അതേസമയം പാലക്കാട് ജില്ലയിൽ ആദ്യദിനം ഹോം വോട്ടിംഗ് നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ പ്രക്രിയ സുഗമമാക്കുന്നതിനായി 2,468 പ്രത്യേക സംഘങ്ങളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. ഇവർ വോട്ടർമാരുടെ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്താൻ സഹായിക്കും. ഏപ്രിൽ 9-നാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.





