ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സെപ്‌റ്റംബറിൽ;ചന്ദ്രൻ സൂര്യനെ മറയ്‌ക്കും

0
35

ചന്ദ്രഗ്രഹണത്തിന് പിന്നാലെ ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2025 സെപ്‌റ്റംബർ 21ന് നടക്കും. എവിടെയൊക്കെ ദൃശ്യമാകും? ഇന്ത്യക്കാർക്ക് ദൃശ്യമാകുമോ? വിശദമായി അറിയാം.

ഹൈദരാബാദ്: ഓരോ വർഷവും നിരവധി വിസ്‌മയങ്ങൾക്കാണ് ആകാശം സാക്ഷ്യം വഹിക്കുന്നത്. പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം നടക്കാനിരിക്കുകയാണ്. ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണം 2025 സെപ്റ്റംബർ 21, 22 തീയതികളിലാണ് (ഞായർ, തിങ്കൾ) നടക്കുക.

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണിത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ചന്ദ്രന്‍റെ ചലനം മൂലമുണ്ടാകുന്ന സൂര്യഗ്രഹണം ഒരു പ്രധാന ജ്യോതിശാസ്‌ത്ര സംഭവമായും കണക്കാക്കപ്പെടുന്നു. യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പറയുന്നതനുസരിച്ച് സെപ്റ്റംബർ 21ന് നടക്കാനിരിക്കുന്നത് ഭാഗിക സൂര്യഗ്രഹണമാണ്.

അതായത് ചന്ദ്രൻ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ മറയ്ക്കൂ. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സൂര്യനായിരിക്കും ദൃശ്യമാവുക. എന്താണ് ഭാഗിക സൂര്യഗ്രഹണമെന്നും എവിടെയൊക്കെ, ഏത് സമയത്ത് ദൃശ്യമാകുമെന്നും നോക്കാം.

എന്താണ് ഭാഗിക സൂര്യഗ്രഹണം?

ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം നടക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശത്തെ ഭാഗികമായി ചന്ദ്രൻ മറയ്‌ക്കും. സൂര്യന്‍റെ കുറച്ച് ഭാഗം മാത്രമേ ചന്ദ്രൻ മറയ്‌ക്കൂ എന്നതിനാലാണ് ഇതിനെ ഭാഗിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കാത്തതിനാൽ തന്നെ ചന്ദ്രക്കലയുടെ ആകൃതിയിലായിരിക്കും ഭൂമിയിലുള്ളവർക്ക് ദൃശ്യമാവുക.

ഏതൊക്കെ രാജ്യങ്ങളിൽ ദൃശ്യമാകും?

ഈ ഭാഗിക സൂര്യഗ്രഹണം പ്രധാനമായും ദക്ഷിണാർദ്ധഗോളത്തിലുള്ള ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അന്‍റാർട്ടിക്ക, പസഫിക് ദ്വീപുകൾ, അറ്റ്ലാന്‍റിക് സമുദ്രം എന്നിവിടങ്ങളിലാവും ദൃശ്യമാവുക. അന്‍റാർട്ടിക്കയിലാണ് ഇത്തവണ ഏറ്റവും ദൈർഘ്യമേറിയ കാണാനാവുക (04:49 DDUT മുതൽ 18:53 CLST വരെ).

ഇന്ത്യയിൽ ദൃശ്യമാകുമോ?

നാസ പറയുന്നതനുസരിച്ച് സെപ്റ്റംബർ 21ന് നടക്കാനിരിക്കുന്ന ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ചന്ദ്രന്‍റെ നിഴലിന്‍റെ പാത ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മറയ്‌ക്കാത്തത് കാരണമാണ് സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തത്.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ, വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ വടക്കൻ അർദ്ധഗോളത്തിന് പുറത്തുള്ള പല പ്രദേശങ്ങളും ഈ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കില്ല. ഈ പ്രദേശങ്ങൾ ദൃശ്യപരത പരിധിക്ക് പുറത്താണെങ്കിലും തത്സമയ സ്ട്രീമിങ് ഓൺലൈനായി കാണാൻ സാധിക്കും.

ദൃശ്യമാകുന്ന സമയം?

EarthSky.org പറയുന്നതനുസരിച്ച്, ഭാഗിക ഗ്രഹണം ആരംഭിക്കുക സെപ്‌റ്റംബർ 21ന് UTC(ഏകീകൃത സാർവത്രിക സമയം) 17:29ന് ആണ്. ഇത് ഇന്ത്യൻ സമയത്തേക്കാൾ 5 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. UTC 19.41ന് മാക്‌സിമം ദൃശ്യമാവുകയും UTC 21.53ന് അവസാനിക്കുകയും ചെയ്യും. 4 മണിക്കൂറും 24 മിനിറ്റും ദീർഘമുള്ളതായിരിക്കും ഇത്തവണത്തെ ഭാഗിക സൂര്യഗ്രഹണം. ഇത് ഇന്ത്യൻ സമയത്തിലേക്ക് മാറ്റുമ്പോൾ സെപ്‌റ്റംബർ 21ന് രാത്രി 10.59 മുതൽ സെപ്‌റ്റംബർ 22 പുലർച്ചെ 3.23 വരെയായിരിക്കും ദ്യശ്യമാവുക.

ഘട്ടങ്ങൾ സമയം (UTC) സമയം (IST)
ഭാഗികമായ തുടക്കം സെപ്‌റ്റംബർ 21, 17:29 സെപ്‌റ്റംബർ 21, 10.59 pm
പൂർണത സെപ്‌റ്റംബർ 21, 19.41 സെപ്‌റ്റംബർ 22, 1.11 am
അവസാനം സെപ്‌റ്റംബർ 21, 21.53 സെപ്‌റ്റംബർ 22, 3.23 am

LEAVE A REPLY

Please enter your comment!
Please enter your name here