കൊച്ചി: ലയണല്‍ മെസ്സിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തില്‍ വീണ്ടും അനിശ്ചിതത്വം. നവംബറില്‍ അങ്കോളയില്‍ മാത്രമാണ് മത്സരമെന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കഴിഞ്ഞ ദിവസം അസോസിയേഷന്‍ പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളില്‍ കേരളമില്ല.
നവംബറില്‍ ഒറ്റ മത്സരം മാത്രമാണ് അര്‍ജന്‍റീനക്ക് ഉള്ളത്. ഇത് നവംബര്‍ 14നാണെന്നും അസോസിയേഷന്‍ പറഞ്ഞു. നവംബറില്‍ അര്‍ജന്‍റീന ആദ്യമെത്തുക സ്‌പെയിനിലേക്കാവും. അവിടെ ടീമിന് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയില്‍ വച്ച് സൗഹൃദ മത്സരം നടക്കും. തുടര്‍ന്ന് സ്‌പെയിനിലേക്ക് തിരിച്ചെത്തുന്ന ടീം നവംബര്‍ 18 വരെ പരിശീലനം തുടരും.
നവംബര്‍ 18 വരെയാണ് സൗഹൃദ മത്സരങ്ങള്‍ക്കായി ഫിഫയുടെ വിന്‍ഡോയുള്ളത്. ഇതോടെ ഈ വര്‍ഷം മെസ്സിപ്പട കേരളത്തില്‍ എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതേസമയം ഓസ്‌ട്രേലിയയും അവരുടെ നവംബറിലെ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. നവംബറില്‍ അര്‍ജന്‍റീനയും ഓസ്‌ട്രേലിയയും കൊച്ചിയില്‍ കളിക്കുമെന്നാണ് ടീമുകളെ കേരളത്തിലെത്തിക്കുമെന്ന് അവകാശപ്പെട്ട സ്‌പോണ്‍സര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ നവംബറില്‍ യുഎസിലേക്കാകും യാത്ര തിരിക്കുക. അവിടെ വെനസ്വേലക്കെതിരെ നവംബര്‍ 14നാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. രണ്ടാമത്തേത് 18ന് കൊളംബിയയ്‌ക്കെതിരെയും.
ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും കൊച്ചിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. അര്‍ജന്‍റീന സംഘത്തിന് കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണം ആരംഭിച്ചിരുന്നു. 70 കോടി ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യ സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 50,000 പേർക്ക് മത്സരം കാണാനാകുംവിധം ഫിഫ മാനദണ്ഡം പാലിച്ചാണ് നിർമാണം തുടങ്ങിയത്.
അതേസമയം ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ യുടെ ഭാഗമായി ലയണൽ മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഡിസംബർ 12 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനത്തില്‍ മുംബൈ, അഹമ്മദാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളില്‍ താരം പങ്കെടുക്കും.








