സംസ്ഥാനത്ത് ചെങ്കണ്ണ് പകരുന്നു; ആശങ്ക വേണ്ട, രോഗലക്ഷണങ്ങളും പ്രതിവിധികളും

0
32

 ജില്ലയിലും സംസ്ഥാനത്തും കൻജൻക്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ് രോഗം വ്യാപകമായി പടരുകയാണ്. കഴിഞ്ഞ വർഷം കൂടുതലും വൈറസ് ആയിരുന്നു പടർന്നുകൊണ്ടിരുന്നത് എങ്കിൽ ഇത്തവണ ബാക്‌ടീരിയ കാരണം ഉണ്ടാകുന്ന ചെങ്കണ്ണെന്ന അസുഖമാണ് വ്യാപിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ രോഗികൾ ഇതിനകം ആശുപത്രിയിൽ ചികിത്സ തേടി കഴിഞ്ഞു.

സാധാരണയായി ഒരാഴ്‌ച കൊണ്ട് ഭേദമായിരുന്ന രോഗം ഇപ്പോൾ മാറാൻ രണ്ടാഴ്‌ച വരെ എടുക്കുന്നു എന്നതാണ് പ്രത്യേകത. തന്നെയുമല്ല, മഴക്കാലത്താണ് രോഗം കൂടുതലായും വ്യാപിച്ച് കാണുന്നത്. കാരണം മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം വളരെ കൂടുതലാണ്. ഇത് വൈറസുകളും ബാക്‌ടീരിയകളും വളരെയധികം സജീവമാകാൻ കാരണമാകുന്നു.

പെട്ടെന്ന് പടരാൻ സാധ്യതയുള്ള നേത്ര രോഗമാണിത്. അസുഖത്തിൻ്റെ ഭാഗമായി കണ്ണിൽ പീള അടിയുന്നതാണ് കൂടുതലായി കാണുന്നത്. ഒരാൾക്ക് രോഗം ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും വരാൻ സാധ്യത ഏറെയാണ്. എങ്കിലും ശ്രദ്ധിച്ചാൽ രോഗം തടയാൻ സാധിക്കുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. അശ്രദ്ധ കാണിച്ചാൽ രോഗം സങ്കീർണമാകാനും സാധ്യതയുണ്ട്. ചെങ്കണ്ണ് വന്നാൽ നേത്ര രോഗ വിദഗ്‌ധൻ്റെ സേവനം തേടണമെന്നും കൃത്യമായി മരുന്ന് ഉപയോഗിക്കുകയും വേണമെന്ന് നേത്രരോഗ വിദഗ്‌ധ ശരണ്യ വിജേഷ് പറയുന്നു.

എന്താണ് ചെങ്കണ്ണ് അഥവാ കൻജൻക്റ്റിവൈറ്റിസ്?

കൻജൻക്റ്റിവൈറ്റിസിന് ‘പിങ്ക് ഐ’ എന്നും പറയുന്നു. നേത്രപടലത്തിൽ ബാധിക്കുന്ന വൈറസ്‌, ബാക്‌ടീരിയ, അലർജി, അണുബാധ എന്നിവ മൂലം ഉണ്ടാകുന്ന രോഗമാണിത്. രോഗം ബാധിച്ചുകഴിഞ്ഞാൽ കണ്ണിൽ ചുവന്ന നിറം കാണപ്പെടുന്നു.

രോഗലക്ഷണങ്ങൾ

  • കണ്ണിൽ ചുവപ്പു നിറം
  • കണ്ണീരൊലിക്കുക
  • ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുക
  • കൺപോളകളിൽ തടിപ്പ്
  • രാവിലെ എഴുന്നേൽക്കുമ്പോൾ പീള കാരണം കണ്ണ് തുറക്കാൻ പ്രയാസം അനുഭവപ്പെടുക
  • പ്രകാശം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത തോന്നുക
  • കണ്ണിൽ കരട് പോയത് പോലെയുള്ള തോന്നൽ

രോഗികൾ ചെയ്യേണ്ടത്

ചെങ്കണ്ണ് രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ രോഗിക്ക് പൂർണവിശ്രമമാണ് അത്യാവശ്യം. ഈ സമയം
കണ്ണിന് ആയാസം നൽകുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണം. മൊബൈൽ, ടിവി എന്നിവ നോക്കിയിരിക്കരുത്. ഡോക്‌ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും തുള്ളിമരുന്നുകൾ യഥാസമയം കണ്ണിൽ ഒഴിക്കുകയും വേണം.

ചെങ്കണ്ണിനെ എങ്ങനെ പ്രതിരോധിക്കാം?

  • ഏറ്റവും ഫലപ്രദമായ പ്രതിരോധം വ്യക്തി ശുചിത്വമാണ്.
  • കൈ വൃത്തിയായി കഴുകാതെ കണ്ണിലോ മൂക്കിലോ തൊടരുത്.
  • രോഗി മറ്റുള്ളവരുമായി ഇടപഴകരുത്.
  • രോഗം ബാധിച്ച ആളുകളുമായി ശാരീരിക അകലം പാലിക്കുക
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
  • രോഗി ഉപയോഗിച്ച തൂവാല, ടൗവൽ, സോപ്പ്, മൊബൈൽഫോൺ, പേന, പേപ്പർ തുടങ്ങിയ വസ്‌തുക്കൾ ഉപയോഗിക്കാതിരിക്കുക.
  • പ്ലെയിൻ കണ്ണട അല്ലെങ്കിൽ സൺഗ്ലാസ് ധരിക്കുക.
  • ചെങ്കണ്ണ് ബാധിച്ച കുട്ടികളെ രോഗം ഭേദമാകും വിധം വരെ സ്‌കൂളിലേക്ക് വിടാതിരിക്കുക.
  • പൊടിയോ മഴവെള്ളമോ എന്തെങ്കിലും കണ്ണിൽ വീണാൽ ശുദ്ധ ജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.

LEAVE A REPLY

Please enter your comment!
Please enter your name here