ഇന്‍ഡിഗോ ഇന്നലെ റദ്ദാക്കിയത് 550 സര്‍വീസുകള്‍

0
39

വിമാനങ്ങളുടെ റദ്ദാക്കല്‍ തുടര്‍ന്ന് ഇന്‍ഡിഗോ. പൈലറ്റുമാര്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണമെന്ന് കേന്ദ്രം. ആവശ്യമായ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ സമയം ആവശ്യപ്പെട്ട് എയര്‍ലൈന്‍സ്.

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ തുടരുന്നു. ഡിസംബർ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. സര്‍വീസുകള്‍ പൂര്‍ണ നിലയിലാക്കാന്‍ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. തത്‌കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിയിൽ താത്‌കാലിക ഇളവ് അടക്കം ശുപാർശ നല്‍കാന്‍ കേന്ദ്ര സർക്കാർ നിർദേശിച്ചു. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും അനുകൂലമായ നടപടികളെടുക്കുമെന്നും സമയം ആവശ്യമാണെന്നും എയര്‍ലൈന്‍സ് കേന്ദ്രത്തെ അറിയിച്ചു. കൂട്ട റദ്ദാക്കലില്‍ യാത്രക്കാരോട് വാക്ക് പാലിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ പറഞ്ഞു. അതേസമയം ഇന്നലെ വരെ റദ്ദാക്കിയത് 550 സര്‍വീസുകളാണ്. റദ്ദാക്കലുകള്‍ ഇന്ന് വരെ തുടരും.

“കഴിഞ്ഞ രണ്ട് ദിവസമായി ഇൻഡിഗോയുടെ നെറ്റ്‌വർക്കിലും പ്രവർത്തനങ്ങളിലും വ്യാപകമായ തടസങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങൾ ബാധിച്ച എല്ലാ ഉപഭോക്താക്കളോടും വ്യവസായ പങ്കാളികളോടും ഞങ്ങൾ ഹൃദയംഗമമായി ക്ഷമ ചോദിക്കുന്നു. ഈ കാലതാമസങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ഇൻഡിഗോ ടീമുകൾ എംഒസിഎ, ഡിജിസിഎ, ബിസിഎഎസ്, എഎഐ, വിമാനത്താവള ഓപ്പറേറ്റർമാർ എന്നിവരുടെ പിന്തുണയോടെ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു” ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങളിലെ എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നത് തുടരുകയും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://goindigo.in/check-flight-status.html എന്ന വെബ്‌സൈറ്റിൽ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കാൻ അവരെ ഉപദേശിക്കുകയും ചെയ്‌തു.

പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ വീഴ്‌ചയാണ് ഇന്‍ഡിഗോയ്‌ക്ക് നിലവില്‍ വിനയായത്. പ്രതിസന്ധി രൂക്ഷമായതോട സിഇഒ കാര്യങ്ങളില്‍ ഗൗരവമായി ഇടപെടാന്‍ കേന്ദ്രം നിര്‍ദേശിച്ചു. കൂടാതെ പൈലറ്റുമാര്‍ക്ക് പര്യാപ്‌തമായ വിശ്രമ സമയം നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കിടയിലും ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഇന്‍ഡിഗോയ്‌ക്ക് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് അറിയിച്ചു.

കൂട്ടത്തോടെയുള്ള റദ്ദാക്കല്‍ സംബന്ധിച്ച് ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ കിഞ്ജരാപ്പു റാം മോഹൻ നായിഡു വിമര്‍ശിച്ചു. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി വിമാന നിരക്കുകള്‍ വർധിക്കുന്നതിനിടയാക്കരുതെന്നും അദ്ദേഹം അറിയിച്ചു. സര്‍വീസുകളെ നിരീക്ഷിക്കാനായി ഡിജിസിഎയ്‌ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഈ വിമാനക്കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. തുടര്‍ടച്ചയായ മൂന്നാം ദിവസമാണ് ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നത്. കൂട്ടത്തോടെയുള്ള റദ്ദാക്കലുകള്‍ നിരവധി ചര്‍ച്ചകള്‍ക്കിടയാക്കി. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രതിസന്ധിയെ കുറിച്ച് ചർച്ച നടത്തി. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്‌നങ്ങളും അടക്കം നിരവധി ഘടകങ്ങളിലേക്കാണ് ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നെല്ലാം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായതിനാല്‍ മിക്ക യാത്രക്കാരും ഇന്‍ഡിഗോയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അടുത്തിടെ വിമാനം വൈകുന്നതും റദ്ദാക്കുന്നതും വഴിതിരിച്ചു വിടുന്നതുമായ പ്രശ്‌നങ്ങള്‍ യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടരെ തുടരെയുള്ള റദ്ദാക്കല്‍ യാത്രക്കാരിലും പ്രതിസന്ധി സൃഷ്‌ടിച്ചതോടെയാണ് കേന്ദ്രം ഇടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here