ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍; താരിഖ് റഹ്‌മാന്‍റെ സത്യപ്രതിജ്ഞ ഇന്ന്,

0
19

ബംഗ്ലാദേശിന്‍റെ പുതിയ പ്രധാനമന്ത്രിയാകാന്‍ താരിഖ് റഹ്‌മാന്‍. സത്യപ്രതിജ്ഞ ഇന്ന് 9.30ന്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ വൈകിട്ട് നാലിന്. ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല, പകരം സ്‌പീക്കര്‍ ഓം ബിര്‍ള ചടങ്ങിനെത്തും.

ധാക്ക: ചരിത്രപരമായ നേട്ടത്തിനൊടുവിൽ ബംഗ്ലാദേശിൻ്റെ നിയുക്ത പ്രധാനമന്ത്രിയായി നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്യത്തെ നിയമ നിർമാണ പ്രവർത്തനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജനപ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 9.30ന് പാർലമെൻ്റ് ഭവനിൽ നടക്കും. വൈകിട്ട് 4 മണി മുതലാകും മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കുകയെന്ന് ബിഎൻപിയുടെ നിയുക്ത എംപി റാഷിദ്‌ ഉസ്‌മാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയും പാക് പ്രധാനമന്ത്രിയും ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നും റാഷിദ്‌ ഉസ്‌മാൻ കൂട്ടിച്ചേർത്തു.

ജാതിയ സങ്‌സാദ് (പാർലമെൻ്റ്) സമുച്ചയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുമെന്നും സ്‌പീക്കർ ഷിരിൻ ഷാർമിൻ ചൗധരിക്ക് പകരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) എഎംഎം നാസിർ ഉദ്ദീൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റിന് സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ അനുസരിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും അഭാവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കാണ് സത്യ വാചകം ചൊല്ലിക്കൊടുക്കേണ്ടതിന്‍റെ ചുമതലയുള്ളത്.

രാജ്യത്തെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായുള്ള ഭരണഘടനാ പരിഷ്‌കരണ കൗൺസിൽ ഉടൻ രൂപീകരിക്കുമോ എന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ നിലവിലുള്ള ഭരണഘടനാ നിർദേശങ്ങൾ പാലിക്കുന്നതാണ് ഉചിതമെന്ന് ബിഎൻപിയിൽ അഭിപ്രായം നിലനിൽക്കുന്നതായും മാധ്യമങ്ങൾ കൂട്ടിച്ചേർത്തു.

മോദിയില്ല, പകരം സ്‌പീക്കർ: ബംഗ്ലാദേശിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം ലോക്‌സഭ സ്‌പീക്കർ ഓം ബിർള പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ പരന്നിരുന്നു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ജനാധിപത്യ മൂല്യത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉറപ്പിക്കാനുള്ള ചടങ്ങായി ബംഗ്ലാദേശിലെ സത്യപ്രതിജ്ഞ ചടങ്ങിനെ കണക്കാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

2024ലുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് പാർട്ടി നേതാവുമായ ഷെ്യ്‌ഖ് ഹസീനയെ രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ എത്തിയിരുന്നത്. എന്നാൽ രാജ്യത്ത് പുതിയ ഭരണാധികാരികൾ വേണമെന്ന ആവശ്യത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

2026 ഫെബ്രുവരി 12ന് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ചരിത്ര വിജയം നേടിയാണ് ബിഎൻപി അധികാരത്തിൽ എത്തുന്നത്. 299 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 209 സീറ്റുകളാണ് ബിഎൻപി നേടിയത്. 20 വർഷത്തിന് ശേഷമാണ് ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുന്നത്.

നീണ്ട 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്‌മാൻ ബംഗ്ലാദേശിലേക്ക് തിരികെയെത്തുന്നത്. ഇന്ത്യയുമായി സൗഹൃദപരമായ ബന്ധം നിലനിർത്തുമെന്നാണ് പ്രതീക്ഷയെന്ന് നയതന്ത്ര നിരീക്ഷർ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here