ഫുട്‌ബോള്‍ ലോകകപ്പിൽ നിന്ന് പിന്മാറി ഇറാൻ.അമേരിക്കൻ മണ്ണിൽ കളിക്കാനില്ല;

0
7

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അമേരിക്ക വധിച്ച പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനമെന്ന് ഇറാന്‍റെ കായിക മന്ത്രി അഹമ്മദ് ദുന്യാമാലി ബുധനാഴ്‌ച പ്രഖ്യാപിച്ചു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.

‘അഴിമതി ഭരണകൂടത്തിനൊപ്പം സഹകരിക്കാനില്ല’

‘ഞങ്ങളുടെ പരമോന്നത നേതാവിനെ വധിച്ച ആ അഴിമതി ഭരണകൂടം (അമേരിക്ക) ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഒരു സാഹചര്യത്തിലും ഞങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ല,” എന്ന് അഹമ്മദ് ദുന്യാമാലി സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഒരു വശത്തും ഇറാൻ മറുവശത്തുമായി ഫെബ്രുവരി 28 മുതൽ ആരംഭിച്ച സംഘർഷം ലോകകപ്പ് പങ്കാളിത്തത്തെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. ഈ പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ വിതരണ ശൃംഖലയെപ്പോലും തകിടം മറിച്ചിട്ടുണ്ട്.

കളിക്കാരുടെ സുരക്ഷയിൽ ആശങ്ക

ലോകകപ്പിൽ പങ്കെടുക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ദുന്യാമാലി ആവർത്തിച്ചു. “ഞങ്ങളുടെ മക്കൾ അവിടെ സുരക്ഷിതരല്ല. കഴിഞ്ഞ എട്ടു ഒൻപത് മാസങ്ങളായി ഇറാനുമേൽ രണ്ട് യുദ്ധങ്ങൾ അവർ അടിച്ചേൽപ്പിച്ചു. ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും രക്തസാക്ഷികളാക്കുകയും ചെയ്‌തു. ഇത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾക്ക് അവിടെ സാന്നിധ്യം അറിയിക്കാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ നഗരങ്ങളിലെ മത്സരങ്ങൾ

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് വേദിയാകുന്നത്. 104 മത്സരങ്ങൾ നീണ്ടുനിൽക്കുന്ന ടൂർണമെന്‍റ് ജൂൺ 11-ന് മെക്‌സിക്കോ സിറ്റി സ്റ്റേഡിയത്തിൽ തുടങ്ങി ജൂലൈ 19-ന് ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് അവസാനിക്കുന്നത്. ഇതിൽ ഇറാന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം നിശ്ചയിച്ചിരുന്നത് ലോസ് ഏഞ്ചൽസ്, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളിലായിരുന്നു. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായത്.

ഫിഫയുടെയും ട്രംപിന്‍റേയും നിലപാട്

ഇറാന്‍റെ പിന്മാറ്റത്തിന് തൊട്ടുമുമ്പ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്‌തിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇറാന്‍റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്നായിരുന്നു ഇൻഫാന്‍റിനെ കുറിച്ചത്. എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം ഇറാൻ തള്ളിക്കളഞ്ഞു.

ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങൾക്ക് ശേഷം ലോകകപ്പിനെ പ്രതീക്ഷയോടെ കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്തരമൊരു ആക്രമണത്തിന് ശേഷം ആരെങ്കിലും സ്വന്തം ദേശീയ ടീമിനെ അവിടേക്ക് അയക്കുമോ?” എന്ന് അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here