സ്വാഭാവിക എണ്ണ മാത്രമാണ് പെട്രോളിയത്തിലടങ്ങിയിരിക്കുന്നത്. എന്നാൽ, സാധാരണഗതിയിൽ പെട്രോളിയത്തിൽ സ്വാഭാവിക എണ്ണയും പ്രകൃതിവാതകവും അടങ്ങിയിരിക്കുന്ന രീതിയിലായിരിക്കും. സ്വാഭാവിക എണ്ണയും (ക്രൂഡ് ഓയിൽ) പ്രകൃതിവാതകവും ഹൈഡ്രോകാർബൺ മിശ്രിതങ്ങളാണ്. ലളിത ഹൈഡ്രോകാർബണുകളായ മീഥെയ്ൻ, എഥെയ്ൻ, പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവ ഭൗമോപരിതല മർദ്ദത്തിലും താപനിലയിലും വാതകരൂപത്തിലാണെങ്കിൽ, പെന്റെയ്ൻ മുതലങ്ങോട് ഭാരം കൂടിയ ഹൈഡ്രോകാർബണുകൾ ദ്രാവകരൂപത്തിലും ഖരരൂപത്തിലുമായിരിക്കും. എന്നാൽ ഭൂമിക്കടിയിൽ അവയുടെ സ്ഥാനത്തിന്റെ ചുറ്റുപാടനുസരിച്ച് അവയുടെ പദാർത്ഥനിലയിൽ മാറ്റം വരുന്നതാണ്.
ഒരു എണ്ണക്കിണറിന്റെ ഉല്പാദനത്തിന്റെ ഗണ്യഭാഗവും സ്വാഭാവിക എണ്ണയായിരിക്കും, ഇതിൽ അല്പം പ്രകൃതിവാതകം ലയിച്ചു ചേർന്നിരിക്കും. ഭൗമോപരിതലത്തിലെ മർദ്ദം ഭൂമിക്കടിയിലേതിനേക്കാൾ കുറഞ്ഞ രീതിയിലായതിനാൽ ലയിച്ചു ചേർന്നിരിക്കുന്ന ഹൈഡ്രോകാർബൺ വാതകങ്ങൾ മിശ്രിതത്തിൽ നിന്ന് പുറത്തു കടന്ന് വാതകരൂപം പ്രാപിക്കും. എണ്ണക്കിണറിൽ നിന്നും ലഭിക്കുന്ന വാതകങ്ങളിൽ കൂടുതലും പ്രകൃതിവാതകമായിരിക്കുമെങ്കിലും ഉപരിതലത്തേക്കാൾ താപനിലയും മർദ്ദവും ഭൗമാന്തർഭാഗത്ത് കൂടുതലായതിനാൽ പെന്റെയ്ൻ, ഹെക്സെയ്ൻ, ഹെപ്റ്റെയ്ൻ എന്നിവ വാതകരൂപത്തിൽ ലഭിക്കുന്ന വാതകങ്ങളിൽ അടങ്ങിയിരിക്കും. ഭൗമോപരിതല സാഹചര്യത്തിൽ ഇവ ഘനീഭവിക്കും, ഇവയെ കണ്ടൻസേറ്റ് (condensate) എന്നു വിളിക്കുന്നു. ഇത് കാഴ്ചയിൽ ഗാസോലീനെ (പെട്രോളിനെ) പോലെയായിരിക്കും കാണപ്പെടുക.
അടങ്ങിയിരിക്കുന്ന ഹൈഡ്രോകാർബണുകളുടെ അളവിൽ വലിയ മാറ്റമുണ്ടാകാറുണ്ട്, നേർമയായ എണ്ണയിൽ ഭാരത്തിന്റെ 97% വും ഘന എണ്ണയിലും ബിറ്റുമിനിലും ഭാരത്തിന്റെ 50% വരെ ഹൈഡ്രോകാർബണുകൾ കാണപ്പെടുന്നു. പെട്രോളിയത്തിൽ അടങ്ങിയിട്ടുള്ള ഹൈഡ്രോകാർബണുകൾ കൂടുതലായും ആൽക്കെയ്നുകൾ, സൈക്ലോആൽക്കെയ്നുകൾ, ആരോമാറ്റിക്ക് ഹൈഡ്രോകാർബണുകൾ എന്നിവയാണ്, മറ്റുള്ള ജൈവസംയുക്തങ്ങളിൽ കൂടുതലായും നൈട്രജൻ, ഓക്സിജൻ, സൾഫർ എന്നിവയും നേരിയതോതിൽ ഇരുമ്പ്, നിക്കൽ, ചെമ്പ്, വനേഡിയം തുടങ്ങിയ ലോഹങ്ങളും കാണപ്പെടുന്നു. തന്മാത്രകളുടെ കൃത്യമായ അനുപാതം വളരെ വ്യത്യാസപ്പെടാറുണ്ട്, അടങ്ങിയിരിക്കുന്ന രാസമൂലകങ്ങളുടെ ഏകദേശ അനുപാതം.
| കാർബൺ | 83-87% |
| ഹൈഡ്രജൻ | 10-14% |
| നൈട്രജൻ | 0.1-2% |
| ഓക്സിജൻ | 0.1-1.5% |
| സൾഫർ | 0.5-6% |
| ലോഹങ്ങൾ | <1000 ppm |
നാല് വ്യത്യസ്ത തരത്തിൽപ്പെട്ട ഹൈഡ്രോകാർബൺ തൻമാത്രകളാണ് സ്വാഭാവിക എണ്ണയിൽ കാണപ്പെടുന്നത്. ഒരോ മേഖലയിൽ നിന്നും ലഭിക്കുന്ന എണ്ണയിൽ ഇവയുടെ അനുപാതത്തിൽ മാറ്റമുണ്ടാകും ഇത് എണ്ണയുടെ ഗുണങ്ങളെ നിശ്ചയിക്കുന്നു.
| ഭാരത്തിനനുസരിച്ചുള്ള ചേരുവ | ||
| ഹൈഡ്രോകാർബൺ | ശരാശരി | കാണപ്പെടാവുന്ന പരിധി |
| Paraffins | 30% | 15 to 60% |
| Naphthenes | 49% | 30 to 60% |
| Aromatics | 15% | 3 to 30% |
| Asphaltics | 6% | Remainder |
അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്കനുസരിച്ച് സ്വാഭാവിക എണ്ണയ്ക്ക് കാഴ്ചയിൽ വ്യത്യാസമുണ്ടാകാറുണ്ട്. സാധാരണയായി കറുപ്പ് അല്ലെങ്കിൽ കടും തവിട്ട് നിറമാണിവയ്ക്ക് (മഞ്ഞ കലർന്ന അല്ലെങ്കിൽ പച്ച കലർന്ന നിറവും ഉണ്ടാകും). പ്രകൃതിവാതകവും ഇവയുടെ നിക്ഷേപങ്ങളിൽ കാണപ്പെടുന്നു, മുകൾഭാഗം വാതകത്തിന്റെ നേരിയ പാളിയുണ്ടാകും, കൂടുതൽ ഘനത്വമുള്ള ഒരായ ജലം പെട്രോളിയത്തിന് താഴെയായി കാണപ്പെടാറുണ്ട്. മണലുമായി കൂടിച്ചേർന്ന് അർദ്ധഘരരൂപത്തിലും ഇവ കണ്ടുവരാറുണ്ട്, കാനഡയിലെ അതബാസ്ക എണ്ണ മണലുകൾ ഇതിന് ഉദാഹരണമാണ്, ഇത്തരത്തിലുള്ളവയെ സ്വാഭാവിക ബിറ്റുമിൻ (crude bitumin) എന്ന് പറയുന്നു.
പെട്രോളിയം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പ്രധാന ഊർജ സ്രോതസ്സായ ഗാസോലീൻ (പെട്രോൾ) ഉല്പാദിപ്പിക്കുവാനാണ്‌പെട്രോളിയത്തിലടങ്ങിയിരിക്കുന്ന ഹൈഡ്രോകാർബണുകളുടെ 84% വും ഉപയോഗിക്കപ്പെടുന്നത് പെട്രോൾ, ഡീസൽ, ദ്രവീകരിച്ച പെട്രോളിയം വാതകം തുടങ്ങിയ ഊർജ സമ്പുഷ്ട ഇന്ധനങ്ങൾ ഉല്പാദിപ്പിക്കുവാനാണ്. ലഘുവിഭാഗത്തിൽപ്പെട്ട എണ്ണയിൽ നിന്നാണ് ഈ ഇന്ധനങ്ങൾ എളുപ്പത്തിൽ ഉല്പാദിപ്പിക്കുവാനാകുക. പക്ഷെ ലോകത്തുള്ള ലഘു എണ്ണ നിക്ഷേപങ്ങൾ ഉപയോഗിച്ചു തീർന്നുകൊണ്ടിരിക്കുന്നതിനാൽ, ഇനി ലഭിക്കുന്ന ഘന എണ്ണയേയും ബിറ്റുമിനേയും ഓയിൽ റിഫൈനറികൾവെച്ച് കൂടുതൽ സംസ്കരണ പ്രവർത്തനങ്ങൾക്ക് വിധേയമാക്കേണ്ടി വരുകയും, ആവശ്യമുള്ള ഉല്പന്നങ്ങളുടെ ഉല്പാദനത്തിന് കൂടുതൽ ചെലവുള്ളതും സങ്കീർണ്ണവുമായ പ്രക്രിയകൾ നടത്തേണ്ടിയും വരുന്നു.
ഘന എണ്ണയിൽ കാർബൺ കൂടുതലും ഹൈഡ്രജൻ കുറഞ്ഞ അളവിലുമായതിനാൽ, ഇത്തരം പ്രക്രിയകളിൽ കൂടുതലും എണ്ണയിലെ തന്മാത്രകളിൽനിന്ന് ഒന്നുകിൽ അധികമുള്ള കാർബൺ നീക്കം ചെയ്യുകയോ ആവശ്യത്തിന് ഹൈഡ്രജൻ ചേർക്കുകയോ ചെയ്യുകയും. പിന്നീട് നീളം കൂടിയ ഹൈഡ്രോകാർബൺ തന്മാത്രകളെ ഇന്ധനങ്ങളിൽ കാണപ്പെടുന്ന ലഘുവും നീളം കുറഞ്ഞതുമായ തന്മാത്രകളാക്കുന്നതിന് വേണ്ടി ദ്രവ്യോല്പ്രേരിത വിഘടനത്തിന് (fluid catalytic cracking) വിധേയമാക്കുകയും ചെയ്യുന്നു.
ഉയർന്ന ഊർജദായക ശേഷി, കൈമാറ്റം ചെയ്യപ്പെടാനുള്ള കഴിവ്, സമൃദ്ധമായ ലഭ്യത തുടങ്ങിയവ പെട്രോളിയത്തെ ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ സ്രോതസ്സാക്കി മാറ്റി. 1950 കളിലാണ് ഇവ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയത്. ഔഷധങ്ങൾ, ലായകങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, പലതരം പ്ലാസ്റ്റിക്കുകൾ തുടങ്ങി പല രാസ ഉല്പന്നങ്ങളുടെയും അസംസ്കൃതവസ്തുവാണ് പെട്രോളിയം; ഊർജ്ജോത്പാദനത്തിന് ഉപയോഗിക്കപ്പെടാത്ത 16% മേൽ വിവരിച്ച മറ്റുപല വസ്തുക്കളും നിർമ്മിക്കുവാനാണുപയോഗിക്കുന്നത്.
ഭൂമിയുടെ പുറംപാളിയിൽ രൂപപ്പെടുന്ന ശിലകൾക്കിടയിലായാണ് പെട്രോളിയം കൂടുതലും കാണപ്പെടുന്നത്. എണ്ണ മണലുകളിലും (tar sands) ഇവ കാണപ്പെടാറുണ്ട്. എണ്ണ മണലുകൾ കൂടാതെ ഇപ്പോഴുള്ള പെട്രോളിയം നിക്ഷേപം 190 ക്യുബിക് കി.മീ (1.2 ട്രില്യൺ (ചെറിയ അളവിലുള്ള) വീപ്പകൾ) എന്നും, എണ്ണമണലുകൾ ഉൾപ്പെടെ ഇത് 595 ക്യുബിക് കി.മീ (3.7 ട്രില്യൺ വീപ്പകൾ) എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ഉപഭോഗം ഒരു ദിവസം 84 മില്യൺ വീപ്പകൾ ( 13.4×106 ക്യുബിക് മീറ്റർ) അഥവാ വർഷത്തിൽ 4.9 ക്യുബിക് കി.മീ ആണ്. പെട്രോളിയം നിക്ഷേപങ്ങളിൽ നിന്നെടുക്കാവുന്ന പെട്രോളിന്റെ അളവ് കാലക്രമേണ കുറഞ്ഞ് വരുന്നുണ്ട് , ഉപഭോഗത്തിൽ ഗണ്യമായ വർദ്ധനവ് സംഭവിച്ചിട്ടുമുണ്ട് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത് ശേഖരിച്ച് വച്ചിട്ടുള്ള എണ്ണയാണ്, പെട്രോളിന്റെ ശേഖരം 2039 ആവുന്നതോടെ ഉപയോഗിച്ച് തീരുമെന്നും കണക്കാക്കുന്നു, ഇതെല്ലാം ലോകത്തെ വൻ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് കണക്കാക്കുന്നു.








