ശരീരത്തിന് “ഷോക്കടിക്കും”, വെയിലത്ത് തണുത്ത വെള്ളം കുടിക്കല്ലേ…

0
35

ഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടി നമ്മളിൽ ഭൂരിഭാഗം പേരും അഭയം പ്രാപിക്കുന്നത് ഐസ് വെള്ളത്തിലോ ഫ്രിഡ്‌ജിലെ തണുത്ത വെള്ളത്തിലോ ആണ്. എന്നാൽ, ഈ തൽക്ഷണ ആശ്വാസം അത്ര നല്ലതല്ലെന്ന് നോയിഡ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (NIIMS) ഡോ. എസ്.എ. റഹ്മാൻ മുന്നറിയിപ്പ് നൽകുന്നു.

തണുത്ത വെള്ളം കുടിക്കുമ്പോള്‍ താത്ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ശരീരത്തിന് ഇതിന് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ പലര്‍ക്കുമറിയില്ലെന്നും അതിനെ കുറിച്ച് വിശദീകരിക്കുകയുമാണ് ഡോക്‌ടര്‍.

തണുത്ത വെള്ളം കുടിക്കുമ്പോഴുള്ള പ്രധാന പ്രശ്നങ്ങൾ

  • രക്തക്കുഴലുകളുടെ സങ്കോചം: തണുത്ത വെള്ളം കുടിക്കുമ്പോൾ രക്തക്കുഴലുകൾ വല്ലാതെ ചുരുങ്ങുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണത്തെ ദോഷകരമായി ബാധിക്കുമെന്നും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ഇത് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും ഡോ. എസ്.എ. റഹ്മാൻ വ്യക്തമാക്കി.
  • ദഹനപ്രശ്‌നങ്ങൾ: ഭക്ഷണത്തിലെ കൊഴുപ്പ് തണുത്ത വെള്ളത്തി സാന്നിധ്യത്തിൽ കട്ടിയാകാൻ സാധ്യതയുണ്ട്. ഇത് ദഹനം പ്രയാസകരമാക്കുകയും വയറുവേദന, ഗ്യാസ്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
  • ജലാംശം നിലനിർത്തുന്നതിലെ താമസം: ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കാൻ തണുത്ത വെള്ളം തടസ്സമായേക്കാം. തണുത്ത വെള്ളം കുടിക്കുമ്പോൾ ശരീരം അതിൻ്റെ താപനില ക്രമീകരിക്കാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കുന്നതിനാൽ, വെള്ളം വലിച്ചെടുക്കപ്പെടാൻ താമസമെടുക്കുന്നുവെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.
  • ഹൃദയമിടിപ്പിനെ ബാധിക്കുന്നു: തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ ‘വാഗസ് നാഡി’യെ ഉത്തേജിപ്പിക്കാൻ കാരണമാകും. ഇത് ഹൃദയമിടിപ്പിൻ്റെ വേഗത കുറയ്ക്കാൻ ഇടയാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
  • തൊണ്ടവേദനയും ജലദോഷവും: ചൂടിൽ നിന്ന് പെട്ടെന്ന് തണുത്ത വെള്ളം കുടിക്കുമ്പോൾ ശ്വസനനാളിയിൽ അമിതമായി കഫം ഉൽപ്പാദിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് തൊണ്ടവേദന, മൂക്കടപ്പ്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
  • ശരീരത്തിന് ലഭിക്കുന്ന ‘ഷോക്ക്’: വെയിലത്ത് നടന്നു വരുമ്പോൾ ശരീരതാപനില ഉയർന്നിരിക്കും. ഈ സമയത്ത് ഐസ് വെള്ളം കുടിക്കുന്നത് ആന്തരാവയവങ്ങൾക്ക് ഒരുതരം താപനില ഷോക്ക് നൽകുന്നതിന് തുല്യമാണ്. ഇത് പേശികൾ ചുരുങ്ങുന്നതിനും വയറുവേദനയ്ക്കും കാരണമാകാറുണ്ട്.
  • തലവേദന: ഐസ് ക്രീം കഴിക്കുമ്പോഴുണ്ടാകുന്ന ‘ബ്രെയിൻ ഫ്രീസ്’ പോലെ, പെട്ടെന്ന് തണുത്ത വെള്ളം കുടിക്കുന്നത് തലയിലെ നാഡികളെ ബാധിക്കുകയും കടുത്ത തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും.

വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട മികച്ച ശീലങ്ങള്‍

  • മുറിയിലെ താപനിലയിലുള്ള വെള്ളം: ദഹനത്തിനും ജലാംശം കൃത്യമായി ലഭിക്കുന്നതിനും മുറിയിലെ താപനിലയിലുള്ളതോ നേരിയ തണുപ്പുള്ളതോ ആയ വെള്ളമാണ് ഏറ്റവും അനുയോജ്യം.
  • ജലാംശമുള്ള പഴങ്ങൾ: തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ വിറ്റാമിനുകളും ധാതുക്കളും നൽകുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
  • മൺപാത്രത്തിലെ വെള്ളം: തണുപ്പ് വേണമെന്നുണ്ടെങ്കിൽ ഫ്രിഡ്ജിന് പകരം മൺകൂജയിലെ വെള്ളം ഉപയോഗിക്കുക. ഇത് ശരീരത്തിന് ഗുണകരമായ രീതിയിൽ സ്വാഭാവികമായ തണുപ്പ് നൽകുന്നു.
  • ഇടവേളകളിൽ വെള്ളം കുടിക്കുക: ദാഹം തോന്നുന്നത് വരെ കാത്തുനിൽക്കാതെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
  • ഇലക്‌ട്രോലൈറ്റുകൾ: വെയിലത്ത് ജോലി ചെയ്യുന്നവരോ വ്യായാമം ചെയ്യുന്നവരോ ആണെങ്കിൽ ഉപ്പും ധാതുക്കളും അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ഊർജ്ജം തിരിച്ചുപിടിക്കാൻ സഹായിക്കും.

ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയും പ്രായവും വ്യത്യസ്‌തമാണ്. എങ്കിലും, വേനൽക്കാലത്ത് അമിത തണുപ്പുള്ള വെള്ളം ഒഴിവാക്കുന്നത് ശരീരത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ദാഹം തീർക്കുന്നതിലുപരി ആരോഗ്യത്തെ സംരക്ഷിക്കുന്ന രീതിയിലുള്ള പാനീയങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും ഡോക്‌ടര്‍ പറഞ്ഞുനിര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here