ആരോഗ്യകരമായ ഗർഭപാത്രം സ്ത്രീകളുടെ പ്രത്യുത്‌പാദന പ്രവർത്തനത്തിനും ആർത്തവ ക്രമീകരണത്തിനും ഒരുപാട് ഗുണം ചെയ്യും. സ്ത്രീകളുടെ പ്രത്യുത്‌പാദന അവയവങ്ങളെ ബാധിക്കുന്ന രോഗത്തെക്കുറിച്ച് മനസിലാക്കേണ്ടതും അനിവാര്യമാണ്. ഗർഭപാത്രം, അണ്ഡാശയം, സെർവിക്‌സ് (ഗർഭാശയമുഖം) തുടങ്ങിയ സ്ത്രീകളുടെ പ്രത്യുത്‌പാദന അവയവങ്ങളെ ബാധിക്കുന്ന അർബുദ രോഗമാണ് ഗൈനക്കോളജിക്കൽ ക്യാൻസറുകൾ. ആദ്യ ഘട്ടത്തിൽ തന്നെ രോഗാവസ്ഥയെക്കുറിച്ച് മനസിലാക്കുന്നത് കൃത്യമായ ചികിത്സ തേടാൻ സഹായിക്കുന്നു.
”പ്രത്യുത്‌പാദന ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ലജ്ജാകരമായി ഒന്നുമില്ല. ക്യാൻസർ എല്ലായ്‌പ്പോഴും കഠിനമായ വേദനയോടെയായിരിക്കില്ല ആരംഭിക്കുന്നത്. ചിലപ്പോൾ നിങ്ങൾ അവഗണിക്കുന്ന ചെറിയ വേദനയോടെയായിരിക്കും ക്യാൻസറിൻ്റെ ആരംഭം. നിങ്ങൾ എത്ര വേഗത്തിൽ പരിഹാരം തേടുന്നുവോ അത്രയും വേഗത്തിൽ മികച്ച ഫലം ലഭിക്കും” – ഡൽഹിയിലെ സാകേതിലെ മാക്‌സ് ഹോസ്‌പിറ്റലിലെ ഗൈനഓങ്കോളജി മേധാവി ഡോ. കനിക ബത്ര മോദി പറയുന്നു. അണ്ഡാശയ അർബുദമോ സ്‌തനാർബുദമോ കുടുംബത്തിൽ പാരമ്പര്യമായുള്ള സ്ത്രീകൾക്ക് ജനിതക കൗൺസിലിങും കടുത്ത നിരീക്ഷണവും ആവശ്യമായി വന്നേക്കാമെന്നും വിദഗ്‌ധർ പറയുന്നു.
നാല് വ്യത്യസ്‌ത ഗൈനക്കോളജിക് കാൻസറുകൾ ഏതൊക്കയാണെന്ന് നോക്കാം
1. സെർവിക്കൽ ക്യാൻസർ
ഗർഭാശയത്തിൻ്റെ താഴത്തെ ഭാഗമായ യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്‌സിൽ നിന്നാണ് സെർവിക്കൽ ക്യാൻസർ ആരംഭിക്കുന്നത്. സെർവിക്കൽ ക്യാൻസറിനുള്ള പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമ (HPV) എന്ന വൈറസാണ്.
ലൈംഗിക ബന്ധത്തിനിടയിലൂടെ ചർമ്മവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പടരുന്നത്. പല സന്ദർഭങ്ങളിലും ശരീരം സ്വയം വൈറസിനെ നീക്കം ചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ, ചിലതരം HPV സെർവിക്‌സിലെ കോശങ്ങളിൽ മാറ്റങ്ങൾ വരുത്തും. കാലക്രമേണ, ഈ മാറ്റങ്ങൾ ക്യാൻസറായി മാറും.
എന്നാൽ സെർവിക്കൽ ക്യാൻസർ രോഗ ശാന്തി നേടാൻ കഴിയുന്ന കാൻസറുകളിൽ ഒന്നാണ്. ക്യാൻസറായി മാറുന്നതിന് മുൻപ് തന്നെ കോശങ്ങളിലെ മാറ്റങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്നതാണ്. ഒരു HPV പരിശോധനയിലൂടെ വൈറസിൻ്റെ അപകടസാധ്യതയുള്ള വകഭേദങ്ങളെ തിരിച്ചറിയാൻ കഴിയും. ഇത് നേരത്തെ കണ്ടെത്തിയാൽ ചികിത്സ വളരെ ഫലപ്രദമാണ്.
പ്രാരംഭഘട്ടങ്ങളിൽ പലപ്പോഴും ലക്ഷണങ്ങൾ ഉണ്ടാകില്ല. രോഗം മൂർച്ഛിക്കുമ്പോൾ, ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം.
- ആർത്തവ സമയത്ത് രക്തസ്രാവം
- ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം
- ആർത്തവവിരാമത്തിനു ശേഷം രക്തസ്രാവം
- അസാധാരണമായ വെള്ളപോക്ക്
- അടിവയറ്റിലും നടുവിനും വേദന
എച്ച്പിവി വാക്‌സിൻ എടുക്കുന്നത് ഗർഭാശയ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ചെറുപ്പത്തിൽ തന്നെ ഇത് എടുക്കുന്നത് വളരെ നല്ലതാണ്.
2. അണ്ഡാശയ അർബുദം
ഗർഭാശയത്തിൻ്റെ ഇരുവശത്തുള്ള ചെറിയ അവയവങ്ങളായ അണ്ഡാശയങ്ങളെ ബാധിക്കുന്ന രോഗമാണ് അണ്ഡാശയ അർബുദം. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അവയവമാണ് അണ്ഡാശയം. ലക്ഷണങ്ങൾ വ്യക്തമാകാത്തതിനാൽ അണ്ഡാശയ അർബുദത്തെ ചിലപ്പോൾ നിശബ്‌ദ കാൻസർ എന്ന് വിളിക്കുന്നു. പല സ്ത്രീകളും അവയെ സാധാരണ ദഹന പ്രശ്‌നങ്ങളാണെന്ന് കരുതി അവഗണിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
- വയറു വീർക്കൽ
- ഇടുപ്പുവേദന അല്ലെങ്കിൽ വയറുവേദന
- പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നൽ
- വിശപ്പിലുണ്ടാകുന്ന മാറ്റങ്ങൾ
- ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ട ആവശ്യം
ഈ ലക്ഷണങ്ങൾ നിസാരമായി തോന്നിയേക്കാം, പക്ഷേ അവ രണ്ടാഴ്‌ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയോ വീണ്ടും വരികയോ ആണെങ്കിൽ അവഗണിക്കരുത്. അണ്ഡാശയ കാൻസറിന് ലളിതമായ ഒരു സ്ക്രീനിങ് പരിശോധനയില്ല. ഇക്കാരണത്താൽ, ഇത് പലപ്പോഴും അവണിക്കപ്പെടുകയും രോഗം പടർന്നു കഴിഞ്ഞാൽ മാത്രം രോഗനിർണയം നടത്തുകയും ചെയ്യുന്നു.
3. ഗർഭാശയ അർബുദം
ഗർഭാശയ അർബുദം മിക്കപ്പോഴും ഗർഭാശയത്തിൻ്റെ പാളിയിലാണ് ആരംഭിക്കുന്നത്. എൻഡോമെട്രിയം എന്നും ഇതിനെ വിളിക്കുന്നു. അതുകൊണ്ടാണ് ഇത് എൻഡോമെട്രിയൽ കാൻസർ എന്നും അറിയപ്പെടുന്നത്. സ്ത്രീകളിൽ, പ്രത്യേകിച്ച് ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഗൈനക്കോളജിക്കൽ കാൻസറുകളിൽ ഒന്നാണിത്. ഗർഭാശയ അർബുദവുമായി ബന്ധപ്പെട്ട ലക്ഷണം അസാധാരണമായ രക്തസ്രാവമാണ്.
ലക്ഷണങ്ങൾ
- ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം
- അമിതമായ ആർത്തവരക്തസ്രാവം
- ആർത്തവ സമയത്ത് രക്തസ്രാവം
ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം അവഗണിക്കരുത്. ഒരു ഡോക്‌ടറെ കണ്ട് ഉടൻ പരിശോധിക്കണം. ചിലപ്പോൾ അടിവയറ് വേദനയും അനുഭവപ്പെട്ടേയ്‌ക്കാം. അസാധാരണമായ രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ഡോക്‌ടറെ സമീപിക്കേണ്ടതാണ്.
4. വൾവർ, യോനി കാൻസറുകൾ
യോനിയുടെ പുറംഭാഗത്തെ (Vulva) വൾവാർ ക്യാൻസറും, യോനിനാളത്തെ (Vagina) വജൈനൽ ക്യാൻസറും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സ്ത്രീ ജനനേന്ദ്രിയത്തിൻ്റെ പുറം ഭാഗമാണ് വൾവ. സെർവിക്‌സിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന ഒരു ആന്തരിക കനാലാണ് യോനി.
ലക്ഷണങ്ങൾ
- സ്ഥിരമായ ചൊറിച്ചിൽ
- വേദനയോ മൃദുത്വമോ അനുഭവപ്പെടുന്നത്
- ഉണങ്ങാത്ത വ്രണങ്ങൾ
- അസാധാരണമായ രക്തസ്രാവം
ഈ ലക്ഷണങ്ങൾ നിസാരമെന്ന് കരുതി പല സ്‌ത്രീകളും വൈദ്യസഹായം തേടുന്നത് വൈകിപ്പിക്കാറുണ്ട്. എന്നാൽ ചൊറിച്ചിൽ, വേദന, അല്ലെങ്കിൽ വ്രണങ്ങൾ എന്നിവ ദീർഘനേരം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഉടൻ പരിശോധിക്കേണ്ടതാണ്. “ചില കാൻസറുകൾ HPV അണുബാധയുമായും ബന്ധപ്പെട്ടിരിക്കുന്നു. പതിവായി ഗൈനക്കോളജിക്കൽ പരിശോധനകൾ നടത്തുന്നത് ശരീരത്തിലെ മാറ്റങ്ങളേയും രോഗസാധ്യതകളേയും നേരത്തെ കണ്ടെത്താൻ സഹായിക്കും” – ഡോ. കനിക ബത്ര മോദി പറഞ്ഞു.
സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗൈനക്കോളജിക് ക്യാൻസറുകൾ എല്ലാ വർഷവും ആയിരക്കണക്കിന് സ്ത്രീകളെ ബാധിക്കുന്നു. എന്നാൽ പല കേസുകളും നേരത്തെ കണ്ടെത്തിയാൽ ചികിത്സിക്കാൻ കഴിയാവുന്നതാണ്. രോഗനിർണയത്തിനായി ഓരോ സ്ത്രീയും സ്വീകരിക്കേണ്ട ചില എളുപ്പ കാര്യങ്ങൾ ഇതാ
- പതിവായി ഗൈനക്കോളജിക്കൽ പരിശോധനയ്ക്ക് വിധേയയാവുക.
- ശിപാർശ ചെയ്യുന്നതുപോലെ പാപ് സ്‌മിയറുകളും HPV പരിശോധനയും നടത്തുക.
- HPV വാക്‌സിൻ എടുക്കുക.
- നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക.
- അസാധാരണമായ രക്തസ്രാവം, വേദന, വയറു വീർക്കൽ, അല്ലെങ്കിൽ
- വെള്ളപോക്ക് എന്നിവയുണ്ടെങ്കിൽ ഉടനടി വൈദ്യ സഹായം തേടുക.
- നിങ്ങളുടെ കുടുംബ പാരമ്പര്യത്തെക്കുറിച്ച് അറിയുക.






