തേനിയിൽ 4000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങൾ കണ്ടെത്തി;

0
2

തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ നാലായിരം വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും പ്രാചീന മനുഷ്യർ താമസിച്ചിരുന്ന ഗുഹകളും കണ്ടെത്തി. ആണ്ടിപ്പെട്ടിക്ക് സമീപമുള്ള പ്രദേശത്ത് നിന്നാണ് ഇരുമ്പും ഉരുക്കും ഉപയോഗിച്ചുള്ള വസ്തുക്കളും മൺകുഴലുകളും ഉൾപ്പെടെയുള്ള സുപ്രധാന ചരിത്രശേഷിപ്പുകൾ കണ്ടെത്തിയത്. കീഴടിയേക്കാൾ പഴക്കമുള്ള തമിഴ് സംസ്കാരത്തിൻ്റെ തെളിവുകളാണിതെന്നാണ് ചരിത്രഗവേഷകരുടെ പ്രാഥമിക നിഗമനം.

തേനി ജില്ലയിലെ ആണ്ടിപ്പെട്ടി താലൂക്കിൽ കടമലക്കുണ്ടിൽ നിന്ന് കുമണന്തൊഴുവിലേക്ക് പോകുന്ന വഴിയിലുള്ള ചങ്ങിലിക്കരട് എന്ന സ്ഥലത്താണ് പുതിയ കണ്ടെത്തലുകൾ നടത്തിയത്. ഈ മലയടിവാരത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന കൂറ്റൻ പാറയിലാണ് പ്രാചീന തമിഴ് ജനതയുടെ ജീവിതം വരച്ചുകാട്ടുന്ന ചിത്രങ്ങളുള്ളത്.

മധ്യശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വരച്ചതെന്ന് കരുതപ്പെടുന്ന വെളുത്ത നിറത്തിലുള്ള പാറച്ചിത്രങ്ങളും അവർ താമസിച്ചിരുന്ന ഗുഹകളുമാണ് ഇവിടെയുള്ളത്. നവീനശിലായുഗം മുതൽ ചരിത്രകാലഘട്ടം വരെ ഈ പ്രദേശങ്ങളിൽ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിൻ്റെ വ്യക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുരാവസ്തു ഗവേഷണത്തിൽ അതീവ താത്പര്യമുള്ള കടമലക്കുണ്ട് സർക്കാർ സ്കൂളിലെ അധ്യാപകനായ സെൽവമാണ് തൻ്റെ അന്വേഷണങ്ങൾക്കൊടുവിൽ ഈ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയത്.

ചങ്ങിലിക്കരട് മലയടിവാരത്തിലെ കൂറ്റൻ പാറയുടെ ഒരു ഭാഗത്താണ് മധ്യശിലായുഗത്തിലെ മനുഷ്യരുടെ വെളുത്ത നിറത്തിലുള്ള ചിത്രങ്ങൾ പതിഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലുകൾ അകത്തിനിൽക്കുന്ന മനുഷ്യരുടെ രൂപങ്ങളും വേട്ടയാടുന്ന ദൃശ്യങ്ങളുമാണ് ഈ പാറകളിൽ പ്രധാനമായും വരച്ചുവച്ചിരിക്കുന്നത്. അക്കാലത്തെ മനുഷ്യർ നടത്തിയ വേട്ടയാടലുകളോ അല്ലെങ്കിൽ അവർ അനുഷ്ഠിച്ചിരുന്ന പ്രത്യേക ആചാരങ്ങളോ ആകാം ഈ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തൽ.

നവീനശിലായുഗം മുതൽ പ്രാചീന തമിഴ് ജനത ഉപയോഗിച്ചിരുന്ന ഇരുമ്പ് ഉരുക്കുന്നതിനുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇരുമ്പ് ഉരുക്കാൻ ഉപയോഗിച്ചിരുന്ന ചൂടുള്ള മൺകുഴലുകൾ, ഉരയ്ക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധങ്ങൾ തുടങ്ങിയവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ഈ പാറച്ചിത്രങ്ങൾക്ക് കുറഞ്ഞത് നാലായിരം വർഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് അധ്യാപകനായ സെൽവം ചൂണ്ടിക്കാട്ടുന്നത്.

കീഴടിയെ വെല്ലുന്ന ചരിത്രം

പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുൻപും സമാനമായ രീതിയിൽ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും വ്യക്തമായ ഗുഹാചിത്രങ്ങളും ഇരുമ്പ് യുഗത്തിൻ്റെ തുടക്കത്തെ സൂചിപ്പിക്കുന്ന തെളിവുകളും ഒരുമിച്ച് ലഭിക്കുന്നത് അപൂർവമാണ്. മധുരയ്ക്ക് സമീപമുള്ള കീഴടിയിൽ നടന്ന ഉദ്ഖനനങ്ങളിൽ സംഘകാലഘട്ടത്തിലെ നഗരസംസ്കാരത്തിൻ്റെ തെളിവുകളാണ് ലഭിച്ചതെങ്കിൽ, ആണ്ടിപ്പെട്ടിയിലെ കണ്ടെത്തലുകൾ അതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യരുടെ ജീവിതരീതികളിലേക്കാണ് വെളിച്ചം വീശുന്നത്. കൃഷി, വേട്ടയാടൽ, ലോഹങ്ങളുടെ ഉപയോഗം എന്നിവയിൽ പ്രാചീന മനുഷ്യർ കൈവരിച്ച പുരോഗതി മനസ്സിലാക്കാൻ ഈ തെളിവുകൾ സഹായിക്കും.

ഈ സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിൻ്റെ പുരാവസ്തു വകുപ്പ് പ്രദേശത്ത് കൃത്യമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ശാസ്ത്രീയമായ പരിശോധനകൾ നടത്തിയാൽ കീഴടിയേക്കാൾ പഴക്കമുള്ളതും സമ്പന്നവുമായ മറ്റൊരു തമിഴ് സംസ്കാരത്തിൻ്റെ ചരിത്രം ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ കഴിയുമെന്നാണ് പുരാവസ്തു ഗവേഷകരുടെ പ്രതീക്ഷ. ചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും വലിയ മുതൽക്കൂട്ടാകുന്ന ഈ പ്രദേശം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here