ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) എത്തുന്നതിനായി കാത്തിരിക്കുന്നതിനിടെ ഇത്തവണ മൺസൂൺ മഴ സാധാരണയിലും കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). എൽ നിനോ പ്രതിഭാസത്തിൻ്റെ ഫലമായിട്ടാണ് ഈ സീസണിൽ മഴ കുറയുകയെന്ന് ഐഎംഡി വെള്ളിയാഴ്ച അറിയിച്ചു.
ഈ വർഷം മൺസൂൺ മഴ ‘സാധാരണയിലും താഴെ’ ആയിരിക്കുമെന്ന പ്രവചനമാണ് ഐഎംഡി വെള്ളിയാഴ്ച നടത്തിയത്. തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ കുറവുണ്ടാകാനുള്ള സാധ്യത 60 ശതമാനമാണ്. ഇതോടെ പല പ്രദേശങ്ങളും സാധാരണയേക്കാൾ വരണ്ട അവസ്ഥയോ വരൾച്ചയോ നേരിട്ടേക്കാം. ജൂണിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയും ഉയർന്ന താപനിലയും രാജ്യത്തെ പല പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന ഉഷ്ണതരംഗങ്ങൾക്ക് കാരണമാകും.
മെയ് 26ന് കേരളത്തിൽ മൺസൂൺ എത്തുമെന്ന പ്രവചനം ഐഎംഡി മുൻപ് പ്രവചിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഏത് ദിവസവും കേരളത്തിൽ മൺസൂൺ എത്തുമെന്നാണ് നിലവിലെ പ്രവചനം. ജൂൺ ആദ്യ ആഴ്ചയിൽ തന്നെ സംസ്ഥാനത്ത് മൺസൂൺ എത്താനുള്ള സാധ്യതയാണുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. അഞ്ച് ദിവസം മഴ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
ജൂൺ മാസത്തിൽ ദുർബലമായ എൽ നിനോ ക്രമേണ ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ മിതമാകുകയും സെപ്റ്റംബറിൽ ശക്തമായി മഴയെ ബാധിക്കുമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ മൊഹാപത്ര പറഞ്ഞു. മഴ കുറയുന്ന സാഹചര്യം കാർഷിക മേഖലയേയും ജലസംഭരണികളെയും ഭൂഗർഭജല സാന്നിധ്യത്തെയും ജലവൈദ്യുത സാധ്യതയെയും പ്രതികൂലമായി ബാധിച്ചേക്കാം. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ സാന്നിധ്യമാണ് മൺസൂൺ മഴ കുറയാൻ കാരണമായി ഐഎംഡി പറയുന്നത്. അതനുസരിച്ച്, രാജ്യത്ത് ജൂൺ മാസത്തിൽ ചൂട് കൂടുതലായിരിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നുണ്ട്.
യുപി, ഹരിയാന, പഞ്ചാബ്, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും ജൂണിൽ ‘സാധാരണയേക്കാൾ’ ഉയർന്ന ഉഷ്ണതരംഗ ദിനങ്ങൾ പ്രവചിക്കുന്നുണ്ട്. രാജസ്ഥാനിലും ജാർഖണ്ഡിലും ഉഷ്ണതരംഗ ദിനങ്ങൾ അനുഭവപ്പെടാം. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് എൽ നിനോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ മാതൃക പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണമായും തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കർഷകർക്ക് മതിയായ വിത്തുകളും വളങ്ങളും ലഭ്യമാക്കുന്നതിലും മറ്റ് ഇടപെടലുകൾ നടത്തുന്നതിലും ഒപ്പമുണ്ടാകും. വരൾച്ചയെ പ്രതിരോധിക്കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ വിളകൾ കർഷകർക്ക് അഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.









