ചൊവ്വയില്‍ ‘സ്വാൻ-വുൾഫ് പ്രതിഭാസം’ (Zwan-Wolf Effect)

0
12
ചൊവ്വാഗ്രഹത്തിന്റെ (Mars) അന്തരീക്ഷത്തിൽ സൗരവാതങ്ങളും (Solar winds) അവിടുത്തെ വാതകങ്ങളും തമ്മിലുണ്ടാകുന്ന സവിശേഷമായ ഇടപെടലുകളെയാണ് ‘സ്വാൻ വുൾഫ് പ്രതിഭാസം’ (Zwan-Wolf Effect) എന്ന് വിളിക്കുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ‘സ്വാൻ-വുൾഫ് പ്രതിഭാസം’ (Zwan-Wolf phenomenon) എന്ന അപൂർവ പ്രക്രിയ ആദ്യമായി ഒരു ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. സൂര്യനിൽ നിന്ന് പുറപ്പെടുന്ന ചാർജ് ചെയ്‌ത കണങ്ങളായ സൗരകാറ്റും (solar wind) കാന്തികതടസ്സങ്ങളും തമ്മിലുള്ള ഇടപെടലിലൂടെ പ്ലാസ്‍മ സങ്കോചിച്ച് ‘ഫ്ലക്സ് ട്യൂബ്’ എന്ന ഘടനകൾ രൂപപ്പെടുന്ന പ്രതിഭാസം ആണിത്. 
1976-ൽ സിദ്ധാന്തമായി മുന്നോട്ടുവച്ച ഈ പ്രതിഭാസം, ശക്തമായ ആഗോള കാന്തികക്ഷേത്രമുള്ള ഗ്രഹങ്ങളിൽ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ഇതുവരെ ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ.നാസയുടെ (NASA) മാവെൻ (MAVEN) ദൗത്യമാണ് ഈ അപൂർവ്വ പ്രതിഭാസം ചൊവ്വയിൽ ആദ്യമായി കണ്ടെത്തിയത്. വെസ്റ്റ് വർജീനിയ സർവകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റഫർ ഫൗളറിന്‍റെ നേതൃത്വത്തിലുള്ള സംഘം 2023 ഡിസംബറിൽ ചൊവ്വയെ ബാധിച്ച ശക്തമായ സൗര കൊടുങ്കാറ്റിന് ഇടയിലുണ്ടായ അസാധാരണ കാന്തിക ഡാറ്റ പരിശോധിച്ചപ്പോഴാണ് ഈ പുതിയ നിർണായക കണ്ടെത്തലിലേക്ക് എത്തിയത്.
 ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ: 
  • പശ്ചാത്തലം: ഭൂമിയെപ്പോലെ ശക്തമായ ആഗോള കാന്തികക്ഷേത്രം (Global magnetic field) ചൊവ്വയ്ക്കില്ല. അതുകൊണ്ടുതന്നെ സൗരവാതങ്ങൾ ചൊവ്വയുടെ അന്തരീക്ഷത്തെ ബാധിക്കാറുണ്ടെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ പ്രാഥമിക ധാരണ.
  • കണ്ടെത്തൽ: കാന്തികക്ഷേത്രത്തിന്റെ അഭാവത്തിലും സൗരവാതങ്ങൾ ഗ്രഹത്തിന്റെ അന്തരീക്ഷവുമായി അസാധാരണമായി ഇടപഴകുന്നുവെന്ന് ഈ പ്രതിഭാസം തെളിയിക്കുന്നു. 
  • പ്രാധാന്യം: കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വയിലെ അന്തരീക്ഷം എങ്ങനെ ബഹിരാകാശത്തേക്ക് ചോർന്നുപോയി എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ കണ്ടെത്തൽ നിർണ്ണായകമാണ്.

ഭാവിയിൽ ഗ്രഹങ്ങളുടെ അന്തരീക്ഷ നഷ്‍ടവും ബഹിരാകാശ കാലാവസ്ഥയും വിലയിരുത്തുന്ന മാതൃകകളിൽ ഈ പഠനം നിർണായക സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here