തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,15,160 രൂപയും ഒരു ഗ്രാമിന് 14, 395 രൂപയുമായി ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം വർധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും വില കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
മറ്റ് കാരറ്റുകളുടെ വില
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11, 830 രൂപയും പവന് 94,640 രൂപയുമാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്. ഇതോടെ പവന് 73. 680 രൂപയും ഗ്രാമിന് 9,210 രൂപയുമാണ് വില. അതേസമയം 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. പവന് 47,520 രൂപയും ഗ്രാമിന് 5,940 രൂപയുമാണ് ഇതോടെ ഇന്നത്തെ വിപണി വില.
ആഗോള വിപണിയുടെ സ്വാധീനം
ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതാണ് സ്വർണ വിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിൻ്റെ വില ബാരലിന് 100 ഡോളറിൽ താഴെയാണ്. അമേരിക്കയും ഇറാനും ഉടൻ സമാധാന കരാറിലെത്തുമെന്ന പ്രതീക്ഷ എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജിക്കുമെന്ന പ്രവചനങ്ങളും സ്വർണ വിലയെ ബാധിക്കുന്നുണ്ട്.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ തീരുമാനം വന്നാൽ ഡോളറിൻ്റെ മൂല്യം വീണ്ടും ഉയരും. ഇത് വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. രാജ്യാന്തര തലത്തിൽ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നതും വിലക്കയറ്റത്തിന് വഴിവെക്കുന്നുണ്ട്.
വിപണിയിലെ പ്രതീക്ഷകൾ
വരും ദിവസങ്ങളിലും സ്വർണവിലയിൽ വ്യതിയാനം പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ നൽകുന്ന സൂചന. വിപണിയിൽ ഏഷ്യൻ രാജ്യങ്ങളുടെ സജീവ ഇടപെടലുകൾ വരും ആഴ്‌ചകളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും. ജനുവരി 29ന് രേഖപ്പെടുത്തിയ ഉയർന്ന നിരക്കിൽ നിന്നാണ് വിലയിൽ നിലവിൽ മാറ്റം വന്നത്. സ്വർണവില അടിക്കടി മാറുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ വിപണിയിലെ കച്ചവടത്തെയും സ്വാധീനിക്കും.
പ്രാദേശിക വിപണിയിലെ ആവശ്യകതയും രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളും പ്രധാന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താത്പര്യം നിക്ഷേപകർക്കിടയിൽ ഇപ്പോഴും കൂടുതലാണ്. ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും ആഭ്യന്തര വിപണിയിലെ സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വരും മാസങ്ങളിൽ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളും സ്വർണവിപണിക്ക് നിർണായകമാകും.
നിക്ഷേപകരുടെ ജാഗ്രത
ആഭരണങ്ങൾക്കപ്പുറം വലിയ നിക്ഷേപ സാധ്യതകളാണ് സ്വർണം ഇപ്പോൾ നൽകുന്നത്. ഉയർന്ന വില തുടർന്നാൽ സ്വർണ വിൽപ്പനയെ ബാധിക്കുമെന്ന ചെറിയ ആശങ്ക വ്യാപാരികൾക്കുമുണ്ട്. എങ്കിലും ദീർഘകാല നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. വരും ദിവസങ്ങളിലെ വില വ്യതിയാനങ്ങൾ വ്യക്തമായി നിരീക്ഷിക്കാനാണ് സാമ്പത്തിക വിദഗ്ധർ സാധാരണക്കാരോടും നിക്ഷേപകരോടും നിർദേശിക്കുന്നത്. പലിശനിരക്കും നാണയപ്പെരുപ്പവും അടിസ്ഥാനമാക്കിയാകും സ്വർണ വിപണിയുടെ ഇനിയുള്ള മുന്നേറ്റം.







