ആരോഗ്യ സംരക്ഷണം നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം അർഹിക്കുന്നു. ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യത്തെ സ്വാധീനിക്കുകയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യം നിലനിർത്താൻ വിദഗ്‌ധർ നിർദേശിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ…..
1. വെള്ളം കുടിച്ച് ദിവസം ആരംഭിക്കാം
രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ ദഹനത്തെ പിന്തുണയ്ക്കുന്നു. വെള്ളത്തിൽ അൽപം നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കുടിക്കുന്നത് വിറ്റാമിൻ സിയുടെ അളവ് വർധിപ്പിക്കുകയും ദഹനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.
2. ദിവസവും ചെറിയ വ്യായാമങ്ങൾ ശീലിക്കുക
ചെറിയ നടത്തം അല്ലെങ്കിൽ ലളിതമായ വ്യായാമമുറകൾ തുടങ്ങിയവ ശീലിക്കുക. ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ, പേശികളെ ശക്തിപ്പെടുത്തുകയും ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
3. ആഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ആഹാരം കഴിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക. സാവധാനം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.
4. ഉറക്കത്തിന് മുൻഗണന നൽകുക
സ്ഥിരമായുള്ള ഉറക്കം നിങ്ങളുടെ ഓർമ്മശക്തി, മാനസികാവസ്ഥ, രോഗപ്രതിരോധ പ്രവർത്തനം എന്നിവയെ മെച്ചപ്പെടുത്തുന്നു. ദിവസേന 7-8 മണിക്കൂർ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. ഉറങ്ങുന്നതിന് മുൻപ് ശാന്തമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രദ്ധിക്കുക.
5. മാനസിക ഇടവേളകൾ എടുക്കുക
ദിവസേനയുള്ള സ്‌ക്രീൻ സമയം കുറയ്‌ക്കുക. ശ്വസനം, ധ്യാനം, യോഗ എന്നിവ ശീലിക്കുക. ഇത് നിങ്ങളുടെ മാനസിക സമ്മർദം കുറയ്‌ക്കുകയും ഏകാഗ്രത മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. മാനസികാരോഗ്യത്തിനും നല്ലതാണ്.
6. ബന്ധം നിലനിർത്തുക
നിങ്ങളുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കൂടുതൽ സമയം ചെലവഴിക്കുക. സാമൂഹിക ബന്ധം മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഒറ്റപ്പെടലിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഇത് മൊത്തത്തിലുള്ള ജീവിത സംതൃപ്‌തി വർധിപ്പിക്കും.
7. നന്ദി പറയാൻ ശീലിക്കുക
നല്ല കാര്യങ്ങൾക്ക് നന്ദി പറയുക. ജീവിതത്തിൽ നിങ്ങൾക്ക് ലഭിച്ച നല്ല കാര്യങ്ങൾക്ക് നന്ദി പറയുന്നത് പോസിറ്റിവിറ്റി വർധിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും വൈകാരിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.






