പാൻക്രിയാസ് അപകടത്തിലാണോ? ഈ ലക്ഷണങ്ങൾ പറയും,

0
28

പാൻക്രിയാസ് സംബന്ധമായ രോഗങ്ങൾ മറ്റ് അവസ്ഥകളുമായി തെറ്റുധരിക്കപ്പെടാറുണ്ട്. ഇത് രോഗനിർണയം വൈകാനും പാൻക്രിയാറ്റിസ്, പ്രമേഹം, പാൻക്രിയാറ്റിക് കാൻസർ തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യുന്നു.

രീരത്തിൽ വയറിന് പിൻഭാഗത്തും കരൾ, പിത്താശയം എന്നിവയ്ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഗ്രന്ഥിയാണ് പാൻക്രിയാസ്. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ എൻസൈമുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ എന്നിവ ഉത്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്. ശരീരത്തിലെ പ്രധാന അവയവമായതിനാൽ പാൻക്രിയാസിന് ഏതെങ്കിലും തരത്തിൽ തകരാർ സംഭവിക്കുമ്പോൾ മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കും. നേരത്തെ കണ്ടെത്താൻ കഴിയാത്തതും ചികിത്സ വൈകുന്നതും പാൻക്രിയാസ് പ്രശ്‌നങ്ങൾ ഗുരുതരമാകാൻ കാരണമാകുന്നു. ഇത് പാൻക്രിയാറ്റിസ്, പ്രമേഹം, പാൻക്രിയാറ്റിക് കാൻസർ പോലുള്ള അപകടകരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ശരീരം നേരത്തെ തന്നെ ചില സൂചനകൾ നൽകുമെങ്കിലും പാൻക്രിയാസ് സംബന്ധമായ രോഗങ്ങൾ മറ്റു അവസ്ഥകളുമായി തെറ്റുധരിക്കപ്പെടാറുണ്ട്. ഇത് രോഗനിർണയം വൈകാൻ കാരണമാകുന്നു. പാൻക്രിയാസ് തകരാറുകളുടെ ചില പ്രാരംഭ ലക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

പുറകിലേക്ക് പ്രസരിക്കുന്ന വയറുവേദന
പാൻക്രിയാസിന്‍റെ പ്രവർത്തനം തകരാറിലാണെന്നതിന്‍റെ ഏറ്റവും സാധാരണമായ ഒരു ലക്ഷണമാണ് കഠിനമായ വയറുവേദന. പ്രത്യേകിച്ച് വയറിന്‍റെ മുകൾ ഭാഗത്ത്. ഭക്ഷണ ശേഷമോ വെള്ളം കുടിച്ചതിന് ശേഷമോ വേദന വഷളാവുകയും പുറകിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. പാൻക്രിയാസിന് വീക്കം ഉണ്ടെന്നതിന്‍റെ പ്രധാന സൂചനയാണിത്. കൃത്യസമയത്ത് ചികിത്സ തേടാതിരുന്നാൽ വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുകയും ദീർഘകാല നാശത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ ഭക്ഷണം കഴിച്ച ശേഷം കഠിനമായതും ആവർത്തിച്ചുള്ളതും വയറുവേദന അനുഭവപ്പെട്ടാൽ ഒരിക്കലും അവഗണിക്കരുത്.

ശരീരഭാരം കുറയുക
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്‌മയുമാണ് പാൻക്രിയാസിന്‍റെ പ്രവർത്തനം തകരാറിലാണെന്നതിന്‍റെ മറ്റൊരു ലക്ഷണം. പാൻക്രിയാസ് ആവശ്യത്തിന് ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുകയും പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നതിനാലുമാണ് ഇത് സംഭവിക്കുന്നത്. ശരീരഭാരം കുറയുന്നതിനോടൊപ്പം വയറിളക്കം, വിളർച്ച, മലത്തിൽ കൊഴുപ്പ് എന്നീ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. സ്റ്റീറ്റോറിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. കൊഴുപ്പ് ഫലപ്രദമായി ദഹിക്കുന്നില്ലെന്നതിന്‍റെ ഒരു സൂചന കൂടിയാണിത്. പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നത് ക്ഷീണം, ബലഹീനത, അവശ്യ വിറ്റാമിനുകളുടെ കുറവ് എന്നീ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

ഓക്കാനവും ഛർദ്ദിയും
പാൻക്രിയാസ് പ്രവർത്തനം തകരാറിലാണെന്നതിന്‍റെ മറ്റൊരു സൂചനയാണ് വിട്ടുമാറാത്ത ഓക്കാനം, ഛർദ്ദി, വയറു വീർക്കൽ തടുങ്ങിയവ. സുഗമമായ ദഹനത്തിന് പാൻക്രിയാസ് പ്രധാന പങ്ക് വഹിക്കുന്നു. പാൻക്രിയാസിന് ഏതെങ്കിലും തരത്തിൽ പ്രശ്‌നം ഉണ്ടായാൽ ദഹനപ്രക്രിയ മന്ദഗതിയിലാകുകയോ തടസപ്പെടുകയോ ചെയ്തേക്കാം. ചെറിയ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും വയറിന് ഭാരമോ വയർ നിറഞ്ഞതായോ തോന്നാം. ഇത് ആസിഡ് റിഫ്ലക്‌സ്, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ അവസ്ഥകളുടെ ലക്ഷണമായി തെറ്റിധരിക്കുന്നതിനാൽ രോഗനിണയവും ചികിത്സയും വൈകാൻ കാരണമാകുന്നു. അതിനാൽ പതിവായി ദഹന അസ്വസ്ഥത, അകാരണമായി ശരീരഭാരം കുറയുക, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ നിസാരമായി തള്ളിക്കളയരുത്.

രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ
പാൻക്രിയാസിന് ശരിയായി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ക്ഷീണം, ദാഹം, മൂത്രത്തിന്‍റെ അളവ് വർധിക്കുക, ഊർജ്ജം കുറയുക തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകും. പതിവായി രക്തത്തിലെ പഞ്ചസാര ക്രമരഹിതമാകുന്നത് പ്രമേഹത്തിലേക്ക് നയിച്ചേക്കാം. പാൻക്രിയാസിന് ഏതെങ്കിലും തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഇൻസുലിൻ ഉത്പാദനത്തെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം സംഭവിക്കാൻ കാരണമാകുകയും ചെയ്യുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്‌നി ഡിസീസസ് പറയുന്നു.

മഞ്ഞപ്പിത്തം
ചർമത്തിലും കണ്ണുകളിലും പെട്ടന്ന് മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നതും പാൻക്രിയാസ് പ്രശ്‌നത്തിന്‍റെ മറ്റൊരു ലക്ഷണമാണ്. പിത്തരസം നാളത്തിലെ തടസം സാധാരണ പിത്തരസപ്രവാഹത്തെ തടയുകയും ശരീരത്തിലുടനീളം മഞ്ഞ നിറത്തിലുള്ള പിഗ്മെന്‍റായ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയ്യും. പാൻക്രിയാറ്റിക് ബ്ലോക്ക്, പാൻക്രിയാറ്റിക് കാൻസർ എന്നീ അവസ്ഥകളുടെ ഒരു ലക്ഷണമാണിത്. മഞ്ഞപിത്തത്തോടൊപ്പം മൂത്രത്തിനും മലത്തിനും നിറവ്യത്യാസം, ചർമത്തിൽ ചൊറിച്ചിൽ എന്നിവയും കണ്ടുവന്നേക്കാം.

പാൻക്രിയാറ്റിക് പ്രശ്‌നങ്ങളുടെ കാരണങ്ങൾ

  • അമിതമായ മദ്യപാനം
  • പിത്താശയക്കല്ലുകൾ
  • ഉയർന്ന ട്രൈഗ്ലിസറൈഡ് അളവ്
  • പുകവലി
  • ജനിതക ഘടകങ്ങൾ
  • വൈറൽ അണുബാധകൾ
  • മരുന്നുകളും വിഷവസ്‌തുക്കളും
  • മോശം ഭക്ഷണക്രമം

പ്രതിരോധ മാർഗങ്ങൾ

  • മദ്യപാനം പരിമിതപ്പെടുത്തുക
  • പുകവലി ഉപേക്ഷിക്കുക
  • സമീകൃതാഹാരം കഴിക്കുക
  • ഉയർന്ന കൊഴുപ്പും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക
  • ജലാംശം നിലനിർത്തുക
  • പതിവായി വ്യായാമം ചെയ്യുക
  • ആരോഗ്യകരമായ ഭാരം നിലനിർത്തുക
  • കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് നിരീക്ഷിക്കുക
  • രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക
  • പതിവായി വൈദ്യപരിശോധന നടത്തുക

LEAVE A REPLY

Please enter your comment!
Please enter your name here