സിദ്ധാന്തങ്ങൾ പഠിക്കുന്നതിനൊപ്പം അത് ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കണമെന്ന് രീതിയിലേക്ക് കേരളം മാറുകയാണ്. അതുകൊണ്ട് തന്നെ റോഡ് സുരക്ഷാ സംസ്കാരം ഇനി ക്ലാസ് മുറികളിൽ നിന്നും തുടങ്ങും
തിരുവനന്തപുരം: സ്‌കൂളില്‍ നിന്ന് പഠിച്ച Xഉം Yഉം ഒന്നും ജീവിതത്തില്‍ എവിടെയും പ്രയോജനപ്പെട്ടില്ല എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് തന്നെ പാഠഭാഗങ്ങള്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന തലത്തിലേക്ക് കൂടി മാറ്റേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. ഗതാഗത നിയമങ്ങള്‍, സിപിആര്‍ കൊടുക്കുന്ന രീതി, പ്രഥമ ശുശ്രൂഷ ഉള്‍പ്പെടെ ഇതില്‍ മുൻപന്തിയില്‍ നില്‍ക്കുന്നു. റോഡിലേക്ക് ഇറങ്ങുന്ന കുട്ടികളുടെ സുരക്ഷയും, പൊടുന്നനെ ഹൃദയാഘാതം മൂലം തളര്‍ന്നുവീഴുന്നവര്‍ക്കും രക്ഷകരായി എത്തുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
ചെറുപ്രായം മുതല്‍ വിദ്യാര്‍ഥികളില്‍ ഇത് ശീലിപ്പിക്കേണ്ടതുണ്ട്. കേരളത്തിൽ ഓരോ മണിക്കൂറിലും ശരാശരി 5 അപകടങ്ങൾ നടക്കുകയും പ്രതിദിനം ഏകദേശം 10 മുതൽ 12 വരെ ആളുകൾ വാഹനാപകടങ്ങളിൽ മരിക്കുകയും ചെയ്യുന്നുവെന്നാണ് കേരള സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍. അതുകൊണ്ട് തന്നെ നിത്യജീവിതത്തില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ട ആവശ്യകതയേറയാണ്. ഇതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.
സിദ്ധാന്തങ്ങൾ പഠിക്കുന്നതിനൊപ്പം അത് ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കണമെന്ന് രീതിയിലേക്ക് കേരളം മാറുകയാണ്. അതുകൊണ്ട് തന്നെ റോഡ് സുരക്ഷാ സംസ്കാരം ഇനി ക്ലാസ് മുറികളിൽ നിന്നും തുടങ്ങും. ഒരാളുടെ ജീവൻ എത്രത്തോളം വിലപ്പെട്ടതാണ് അത്രത്തോളം പ്രാധാന്യമുള്ളതാണ് റോഡ് സുരക്ഷയെന്ന് ഇനി കുട്ടികളെ പഠിപ്പിക്കും.
സുരക്ഷിതമായ ഒരു റോഡ് സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർക്കുന്ന ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാമിന് തുടക്കമാവുകയാണ്. റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന സർക്കാർ നയത്തിൻ്റെ സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്. ഈ മാസം മാവേലിക്കരയിൽ വെച്ച് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.
മാവേലിക്കര താലൂക്കിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ഇവിടെ പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിനത്തിലെ പ്രധാന ആകർഷണമായിരിക്കും. ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കാണ് മുൻഗണന. വരാനിരിക്കുന്ന അദ്ധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ഇത് വ്യാപകമാക്കും.
ഒരു ബാച്ചിൽ 30 വിദ്യാർത്ഥികൾ (ആൺകുട്ടികളും പെൺകുട്ടികളും തുല്യ അനുപാതത്തിൽ) ഉണ്ടായിരിക്കും. 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്. റോഡ് നിയമങ്ങൾക്ക് പുറമെ, അഗ്നിശമന സേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും കേഡറ്റുകൾക്ക് പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ഇവർക്ക് ലഭിക്കും.
സ്കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. കൂടാതെ, റോഡ് അപകടങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിൽ എം.വി.ഡി ഉദ്യോഗസ്ഥരെ ഇവർ സഹായിക്കും. ചുവപ്പിൽ കറുപ്പും മഞ്ഞയും വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ് കേഡറ്റുകളുടെ യൂണിഫോം.
ഇതിനായി KRSA ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ഇവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. നമ്മുടെ കുഞ്ഞുങ്ങളിലൂടെ സുരക്ഷിതമായ ഒരു കേരളം കെട്ടിപ്പടുക്കാൻ ഈ പദ്ധതി വലിയൊരു മുതൽക്കൂട്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.








