ജോഹന്നാസ്ബർഗ്: ഭീകരവാദ ധനസഹായം തടയുന്നതിന് ഇന്ത്യ- ഇറ്റലി സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തതിൻ്റെ ഭാഗമായാണ് സുപ്രധാന തീരുമാനം എടുത്തത്. ഇരു രാജ്യങ്ങളും പരസ്‌പര സഹകരണം ഉറപ്പാക്കുമെന്നും ഇരുനേതാക്കളും അറിയിച്ചു.
വ്യാപാരം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു. തുടർന്ന് ഭീകരതയ്ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം ഇരുവരും ആവർത്തിച്ചു. തീവ്രവാദ പ്രവർത്തനത്തിനുള്ള ധനസഹായം തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭമാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ചയ്‌ക്കിടെ അംഗീകരിച്ചത്.
ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. “ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി വളരെ നല്ലയൊരു കൂടിക്കാഴ്‌ചയ്‌ക്ക് സാധിച്ചു. ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമായി വളരുകയാണ്. ഇത് നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും” എന്ന് മോദി എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യ- ഇറ്റലിയും സംയുക്ത സംരംഭം
“ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് ഇന്ത്യയും ഇറ്റലിയും ഒരു സംയുക്ത സംരംഭം പ്രഖ്യാപിക്കുന്നു. ഭീകരതയ്ക്കും അതിനെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെയും മനുഷ്യരാശിയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് തികച്ചും ആവശ്യമായ ഒരു ശ്രമമാണ്” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, നവീകരണം, എഐ, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു. ഡൽഹിയിലെ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി മെലോണി ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഭീകരതയുടെ വിപത്തിനെ ചെറുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇറ്റലിയുടെ ശക്തമായ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്‌തു. ഈ വർഷം ജൂൺ തുടക്കത്തിൽ കാനഡയിലെ കനനാസ്‌കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
എംഇഎ പ്രസ്‌താവന പുറത്തിറക്കി
ഇരു രാജ്യങ്ങളുടേയും സംയുക്ത സംരംഭത്തെ കുറിച്ച് വിശദമായ പ്രസ്‌താവന വിദേശകാര്യ മന്ത്രാലയം (എംഇഎ) പുറത്തിറക്കി. “ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനെതിരെ പോരാടുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരു നേതാക്കളും അംഗീകരിച്ചു. ഭീകരതയെ നേരിടുന്നതിൽ ഉഭയകക്ഷി സഹകരണവും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്), ഗ്ലോബൽ കൗണ്ടർ ടെററിസം ഫോറം (ജിസിടിഎഫ്) എന്നിവയുൾപ്പെടെയുള്ള ആഗോള, ബഹുമുഖ പ്ലാറ്റ്‌ഫോമുകളിലെ സഹകരണം വർധിപ്പിക്കുക എന്നതാണ് സംരംഭം ലക്ഷ്യമിടുന്നത്” എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഈ വർഷം ന്യൂഡൽഹിയിലും ഇറ്റലിയിലും നടന്ന രണ്ട് ബിസിനസ് ഫോറങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്‌തു. രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും ഭാവി ലക്ഷ്യമിട്ട് വ്യവസായം, സാങ്കേതികവിദ്യ, നവീകരണം, നിക്ഷേപ പങ്കാളിത്തം എന്നിവ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവർ ചർച്ച ചെയ്‌തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അവസാനിപ്പിക്കുന്നതിനും 2026 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ (AI) ഇംപാക്‌ട് ഉച്ചകോടിയുടെ വിജയത്തിനും ഇറ്റലിയുടെ ശക്തമായ പിന്തുണ പ്രധാനമന്ത്രി മെലോണി ആവർത്തിച്ചു.
ജനാധിപത്യം, നിയമവാഴ്‌ച, സുസ്ഥിര വികസനം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ബഹുമുഖ, ആഗോള വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും താത്‌പര്യം അറിയിച്ചു. 2023-2024 ൽ ഇന്ത്യ-ഇറ്റലി വ്യാപാരം ഏകദേശം 15 ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. 2000 മുതൽ ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ഏകദേശം 4 ബില്യൺ യുഎസ് ഡോളറായിരുന്നു.







