കണ്ണൂര്‍: മഴക്കാലം ആസ്വദിക്കാന്‍ സഞ്ചാരികള്‍ വയനാട്ടിലേക്ക് കുതിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍. കോടമഞ്ഞും മഴയും തലോടുന്ന പര്‍വ്വത നിരകള്‍… ഇങ്ങനെ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭൂതി പകരുന്ന നിരവധി ഇടങ്ങള്‍.
ഇത്തവണ പെരുമഴ ഇല്ലാത്തതിനാല്‍ വയനാട്ടിലേക്ക് സഞ്ചാരികള്‍ പ്രവഹിക്കുകയാണ്. ഒരു ഭാഗത്ത് അംബരചുംബികളായ മലനിരകള്‍. മറുഭാഗത്ത് ജലാശയങ്ങളും വെളളച്ചാട്ടങ്ങളും. വര്‍ണനകള്‍ക്ക് അപ്പുറമാണ് വയനാടിന്‍റെ പ്രകൃതി സൗന്ദര്യം. മഴക്കാലത്ത് വയനാട്ടിലേക്കുള്ള ചുരം കയറുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന കാലമെല്ലാം കഴിഞ്ഞു. എന്നാല്‍ ഇന്ന് അതെല്ലാം മാറി.
മഴക്കാലം ആസ്വദിക്കാന്‍ പ്രായഭേദമന്യേ സഞ്ചാരികള്‍ എത്തുന്നു. മണ്‍സൂണ്‍ ആസ്വദിക്കാന്‍ വയനാടിനെ മറികടക്കാന്‍ മലബാറില്‍ മറ്റൊരിടമില്ല എന്നാണ് സഞ്ചാരികളുടെ ഭാഷ്യം. ശനിയും ഞായറും അവധിയുളളവര്‍ വെള്ളിയാഴ്‌ച വൈകീട്ട് തന്നെ വയനാട്ടിലേക്ക് വണ്ടി കയറും. തുടര്‍ന്നുളള രണ്ട് ദിനങ്ങള്‍ കാഴ്‌ചകളുടെ പൂരം ആസ്വദിച്ചാണ് മടങ്ങുക.
മാസ് ടൂറിസമാണ് വയനാട്ടില്‍ കൂടുതലായി കണ്ടുവരുന്നത്. സംഘങ്ങളായി എത്തി ഇക്കോ ടൂറിസത്തിന്‍റെ സൗന്ദര്യം പരമാവധി ആസ്വദിക്കുന്നു. യാത്രകള്‍ക്കും താമസത്തിനും വിപുലമായ സജ്ജീകരണങ്ങളുള്ളത് കൊണ്ട് തന്നെ കേട്ടറിഞ്ഞ് എത്തുന്ന ടൂറിസ്റ്റുകള്‍ അനുദിനം കൂടി വരുന്നു. ബാഹ്യ ഇടപെടല്‍ കൊണ്ട് കാര്യമായ ക്ഷതം സംഭവിക്കാത്ത വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിലാണ് യുവാക്കള്‍ ഇവിടെ എത്തുന്നത്.
പ്രകൃതിയേയും പരിസ്ഥിതിയേയും കണ്ടറിയാനും ആസ്വദിക്കാനുമുളള ഒരിടം എന്ന നിലയില്‍ വയനാടിന് ഏറെ പ്രസക്തിയുണ്ട്. വയനാടിന്‍റെ ഏത് ഭാഗത്തൂടെ യാത്ര ചെയ്‌താലും പ്രകൃതി സഞ്ചാരികളെ നിരാശപ്പെടുത്താറില്ല. അവധി ദിനങ്ങള്‍ ആസ്വദിക്കാന്‍ സമീപ ജില്ലകളില്‍ നിന്നുളള വിദ്യാര്‍ഥികളും യുവാക്കളും വയനാടിന്‍റെ വിവിധ ഭാഗങ്ങളിലെത്തുന്നു.
കാറുകളിലും ഇരുചക്ര വാഹനങ്ങളിലും വയനാടിന്‍റെ വിവിധ ഇടങ്ങളിലൂടെ സഞ്ചരിച്ച് പോകുന്നവരും നിരവധിയാണ്. പകല്‍ സഞ്ചാരികള്‍ അധികം പേരും ഇരുചക്ര വാഹനങ്ങളിലാണ് എത്തുന്നത്. മധ്യവയസ്‌കരും വയോധികരും മഴക്കാലത്ത് വയനാട്ടിലെത്തുന്നത് അപൂര്‍വ്വമായിരുന്നു. എന്നാല്‍ വയോധികരുടെ സഞ്ചാരവും ഇത്തവണ കാണാന്‍ കഴിയുന്നു.
മഴയും മഞ്ഞും സംഗമിക്കുന്ന അത്യപൂര്‍വ്വ കാഴ്‌ച റോഡുകളില്‍ നിന്ന് തന്നെ ദര്‍ശിക്കാന്‍ കഴിയും. ഹരിതാഭ തീര്‍ക്കുന്ന ചെമ്പ്രപീക്ക് തല ഉയര്‍ത്തി നില്‍ക്കുന്നു. തോല്‍പ്പെട്ടി വന്യജീവി സങ്കേതം, നീലിമല, കാരാപ്പുഴ, പൂക്കോട് തടാകം, ബാണാസുര സാഗര്‍, സൂചിപ്പാറ, കാന്തപ്പാറ വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി നിരവധി സഞ്ചാര കേന്ദ്രങ്ങള്‍. സാഹസികതയ്‌ക്കും വിജ്ഞാനത്തിനും വിനോദത്തിനും തീര്‍ഥാടനത്തിനുമെല്ലാം വയനാട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മണ്‍സൂണില്‍ മഴ ആസ്വദിക്കാന്‍ എത്തുന്നവരാണ് ഭൂരിഭാഗവും.
കുന്നുകളെ പൊതിയുന്ന നിരനിരയായി നട്ട് വളര്‍ത്തിയ തേയില തോട്ടങ്ങളില്‍ മഴയും മഞ്ഞും പെയ്യുന്നത് ആസ്വാദനത്തിന്‍റെ മൂര്‍ദ്ധന്യത്തിലെത്തിക്കുന്നു. അടുത്ത അവധിക്ക് വീണ്ടും വരാമെന്ന് മോഹത്തോടെയാണ് വയനാടിനോട് ഗുഡ്‌ബൈ പറയുന്നത്.








