പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി ഇനി വലിച്ചെറിയല്ലേ; അറിയാം ഈ അത്ഭുത ഗുണങ്ങൾ

0
39

ഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പ് തൊലി കളയുന്നതാണ് ഭൂരിഭാഗം ആളുകളുടെയും ശീലം. എന്നാൽ മാലിന്യമെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന ഈ തൊലികൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് യഥാർഥ വസ്തുത.

ഇവ ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ സഹായകരമാണ്. പല പഴങ്ങളും പച്ചക്കറികളും തൊലി കളയാതെ കഴിച്ചാൽ ഏകദേശം 33 ശതമാനം കൂടുതൽ പോഷകങ്ങൾ ശരീരത്തിന് ലഭിക്കും. ആപ്പിൾ, ഓറഞ്ച്, ഉരുളക്കിഴങ്ങ്, കാരറ്റ്, വെള്ളരി, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും പഴങ്ങളും തൊലിയോടെ കഴിക്കാൻ ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും ശിപാർശ ചെയ്യുന്നുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിൻ്റെ മെറ്റബോളിസം ശക്തിപ്പെടുത്താനും ഇവ സഹായിക്കും.

ഭക്ഷ്യമാലിന്യവും പരിസ്ഥിതിയും

ലോകമെമ്പാടും ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും പാഴാകുകയോ നശിച്ചുപോകുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇത് പ്രതിവർഷം 1.3 ബില്യൺ ടൺ വരും. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൻ്റെ എട്ട് ശതമാനവും ഇത്തരം ഭക്ഷ്യനഷ്ടവും മാലിന്യങ്ങളുമാണ്. വ്യോമയാന മേഖലയുടെ സംഭാവനയേക്കാൾ മൂന്നിരട്ടി കൂടുതലാണിത്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ അഴുകുന്ന ജൈവവസ്തുക്കൾ വലിയ അളവിൽ മീഥേൻ പുറത്തുവിടുന്നുണ്ട്. ഇരുപത് വർഷത്തെ കാലയളവിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 80 മടങ്ങ് കൂടുതൽ ശക്തിയുള്ള വാതകമാണ് മീഥേൻ. ലാൻഡ്‌ഫില്ലിലേക്ക് അയയ്ക്കുന്നതിന് പകരം ഭക്ഷണ മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുന്നത് മീഥേൻ പുറത്തുവിടുന്നത് കുറയ്ക്കാൻ സഹായിക്കും.

വാഴപ്പഴം പോലെയുള്ളവയുടെ തൊലിയും ഭക്ഷ്യയോഗ്യമാണ്. ഒരു വാഴപ്പഴത്തിൻ്റെ ശരാശരി ഭാരത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും അതിൻ്റെ തൊലിയാണ്. ഓറഞ്ചിൽ 20 ശതമാനവും തൊലിയാണ്. 2018ൽ ഏകദേശം 15.1 ദശലക്ഷം ടൺ ഓറഞ്ച് തൊലിയാണ് മാലിന്യമായി മാറിയത്. എൺപതിനായിരം നീലത്തിമിംഗലങ്ങളുടെ ഭാരത്തിന് തുല്യമാണിത്. കിവിയുടെ ഒൻപത് മുതൽ 13 ശതമാനം വരെ തൊലിയാണ് ഉൾപ്പെടുന്നത്. മാതളനാരങ്ങയിലാകട്ടെ കുരുവിനൊപ്പം തന്നെ തൊലിയുമുണ്ട്. വാഴപ്പഴത്തിൻ്റെ തൊലി കഴുകി വൃത്തിയാക്കിയ ശേഷം അരിഞ്ഞോ അരച്ചോ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കാവുന്നതാണ്.

ഓറഞ്ച് മാർമാലേഡ്

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ തൊലിയും നീരും ചേർത്തുണ്ടാക്കുന്ന ഒരുതരം ജാം ആണ് മാർമാലേഡ്. ബിബിസി ഗുഡ് ഫുഡിലെ പാഡിംഗ്ടൺ ബെയർ റെസിപ്പി പ്രകാരം വളരെ ലളിതമായി ഇത് തയ്യാറാക്കാം. 1.3 കിലോ ഓറഞ്ച്, രണ്ട് നാരങ്ങയുടെ നീര്, 2.3 കിലോ പഞ്ചസാര എന്നിവയാണ് ഇതിനാവശ്യം. ഓറഞ്ച് തൊലിയുടെ പിൻഭാഗത്തുള്ള വെള്ള ഭാഗം ചുരണ്ടിക്കളഞ്ഞ ശേഷം നേർത്തതായി മുറിച്ച് സോസ് പാനിൽ ഇടുക.

ഇത് രണ്ട് മണിക്കൂർ വേവിച്ചെടുത്ത് അതിലെ പെക്റ്റിൻ ലഭിക്കാനായി പൾപ്പ് അരിച്ചെടുക്കണം. പിന്നീട് പഞ്ചസാരയും അരിഞ്ഞ തൊലിയും ചേർത്ത് മിശ്രിതം 20 മിനിറ്റ് വീണ്ടും തിളപ്പിച്ചെടുക്കാം. ഈ മാർമാലേഡ് ഗ്രീക്ക് തൈരിനൊപ്പം കഴിക്കാൻ മികച്ചതാണ്. ഓറഞ്ച് തൊലി 10 മിനിറ്റ് തിളപ്പിച്ച് തണുത്ത വെള്ളത്തിൽ കഴുകുന്ന പ്രക്രിയ മൂന്ന് തവണ ആവർത്തിച്ചാൽ മധുരമുള്ള സിറപ്പും സ്നാക്കും തയ്യാറാക്കാം. ഈ സിറപ്പ് പാനീയങ്ങളിലും ഉപയോഗിക്കാൻ സാധിക്കും.

പൈനാപ്പിൾ ടെപാച്ചെ

പൈനാപ്പിളിൻ്റെ കാമ്പും തൊലിയും മുകൾഭാഗവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഒരു മെക്സിക്കൻ പുളിപ്പിച്ച പാനീയമാണ് ടെപാച്ചെ. ഇത് പ്രോബയോട്ടിക്സിൻ്റെ മികച്ച ഉറവിടം കൂടിയാണ്. ഇതിൽ വളരെ കുറഞ്ഞ അളവിൽ മദ്യത്തിൻ്റെ സാന്നിധ്യവുമുണ്ട്. ഓർഗാനിക് പൈനാപ്പിൾ കഴുകി തൊലി മാറ്റിയ ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ഒരു പാനിൽ ബ്രൗൺ ഷുഗർ അല്ലെങ്കിൽ മെക്സിക്കൻ കരിമ്പ് പഞ്ചസാരയായ പൈലോൺസില്ലോ വെള്ളത്തിൽ ലയിപ്പിച്ച് സാവധാനം ചൂടാക്കണം.

ഈ മിശ്രിതം ചൂടാറുമ്പോൾ പൈനാപ്പിൾ കാമ്പും തൊലികളും ഇതിലേക്ക് ചേർത്ത് 3.8 ലിറ്റർ പാത്രത്തിലാക്കാം. ഈ പാത്രം മസ്‌ലിൻ തുണിയോ കിച്ചൺ പേപ്പറോ ഉപയോഗിച്ച് മൂടിവയ്ക്കണം. 21 മുതൽ 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഇത് പുളിക്കാൻ അനുവദിക്കുക. 24 മുതൽ 36 മണിക്കൂറിന് ശേഷം വെളുത്ത നുര കാണുമ്പോൾ അരിച്ചെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കൂടുതൽ രുചിക്കായി ഇഞ്ചി, നാരങ്ങ എന്നിവയും ചേർക്കാമെങ്കിലും പുളിക്കൽ പ്രക്രിയ വൈകാതിരിക്കാൻ നാരങ്ങ മിശ്രിതം തയ്യാറായ ശേഷം മാത്രം ചേർക്കാൻ ശ്രദ്ധിക്കുക.

ഇഞ്ചിയും മത്തങ്ങയും

ആൻ്റി ഓക്സിഡൻ്റ്, ആൻ്റിമൈക്രോബയൽ, കാൻസർ വിരുദ്ധ ഫലങ്ങൾ എന്നിവ ഉൾപ്പെടുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ഇഞ്ചിത്തൊലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്. തൊലിയോടുകൂടിയ ഇഞ്ചി സൂപ്പുകളിലും മറ്റും നേരിട്ട് ചേർക്കാവുന്നതാണ്. ഇഞ്ചിത്തൊലി തിളപ്പിച്ചെടുക്കുന്ന വെള്ളം ജ്യൂസ്, സ്മൂത്തി, കോക്ടെയിൽ, സ്പാർക്ലിംഗ് വാട്ടർ എന്നിവയിൽ ഉപയോഗിക്കാൻ മികച്ചതാണ്. ഇഞ്ചിത്തൊലി ഓവനിൽ വറുത്ത് പൊടിച്ചെടുത്ത ശേഷം ചായ ഉണ്ടാക്കാനും പാചകത്തിനും ഉപയോഗിക്കാവുന്നതാണ്. കത്തിക്ക് പകരം ഒരു ചെറിയ സ്പൂൺ ഉപയോഗിച്ച് ഇഞ്ചിത്തൊലി കളയുന്നതാണ് കൂടുതൽ എളുപ്പം.

മത്തങ്ങയുടെ തൊലിയും കുരുവും നാരുകളുടെയും വിറ്റാമിനുകളുടെയും ഉറവിടമാണ്. ഇവ നേർത്തതായി അരിഞ്ഞെടുത്ത് ഉപ്പ്, പാപ്രിക, ജീരകം, മുളക്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് 170 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് എയർ ഫ്രയറിൽ പാകം ചെയ്താൽ മികച്ച സ്നാക്ക് ആയി ഉപയോഗിക്കാം. കട്ടിയുള്ള പച്ചക്കറി തൊലികൾ ഫ്രീസറിൽ സൂക്ഷിച്ച് വെജിറ്റബിൾ സ്റ്റോക്ക് ഉണ്ടാക്കാനും കഴിയും. ഇതിനുപുറമെ മധുരക്കിഴങ്ങിൻ്റെ തൊലികളിൽ നാരുകൾ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

ഉള്ളിത്തൊലിയിലെ ഉപയോഗങ്ങൾ

ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഫ്ലേവനോയ്ഡുകൾ ഉള്ളിത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഉള്ളിത്തൊലി ഉണക്കിപ്പൊടിച്ച് പാചകത്തിൽ ഉപയോഗിക്കുന്നതിന് പുറമെ, ഇതിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ ഉപയോഗിച്ച് കോട്ടൺ, ലിനൻ തുണികളിൽ നിറം നൽകാനും സാധിക്കും. ഇതിനായി തുണികൾ ചൂടുവെള്ളത്തിൽ കഴുകി എണ്ണയും അഴുക്കും നീക്കി ഉണക്കിയെടുക്കണം.

ഉള്ളിത്തൊലി രണ്ട് കപ്പ് വെള്ളത്തിൽ 15 മിനിറ്റ് തിളപ്പിക്കുമ്പോൾ ഇരുണ്ട ആംബർ നിറത്തിലുള്ള ലായനി ലഭിക്കും. ഇതിലേക്ക് തുണി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മുക്കിവയ്ക്കണം. ശേഷം തണുത്ത സ്ഥലത്ത് പിഴിയാതെ ഉണക്കാനിട്ടാൽ മികച്ച നിറം ലഭിക്കും. ഉപയോഗിക്കുന്ന ഉള്ളിയുടെ വ്യത്യാസമനുസരിച്ച് മഞ്ഞ മുതൽ പച്ച വരെയുള്ള നിറങ്ങൾ തുണികൾക്ക് നൽകാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here