ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി.ജി പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി;

0
34

എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ 2026-2027 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള സമയപരിധി നീട്ടി നിശ്ചയിച്ചു. എം എ , എം എസ്‌സി, എം എസ്‌ ഡബ്ല്യു, എം എഫ്എ , എം പി ഇ എസ്. എന്നിവയ്ക്ക് പുറമെ മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്മെൻ്റ്, വിവിധ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ എന്നിവയിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 22 വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്.

ഉന്നത പഠനത്തിന് കൂടുതൽ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് സർവ്വകലാശാലയുടെ ഈ തീരുമാനം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാമെന്നതിനൊപ്പം തന്നെ, അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും എന്നത് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ്.

സർവ്വകലാശാലയുടെ കലണ്ടർ പ്രകാരം പ്രവേശന പരീക്ഷകൾ മെയ് നാലിന് കാലടിയിലുള്ള മുഖ്യ ക്യാമ്പസിലും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലുമായി ആരംഭിക്കുന്നതാണ്. പരീക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം മെയ് 18-ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. എറണാകുളം ജില്ലയിലെ കാലടിയിലുള്ള പ്രധാന ക്യാമ്പസിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പന്മന, കോട്ടയത്തെ ഏറ്റുമാനൂർ, മലപ്പുറത്തെ തിരൂർ, കോഴിക്കോട്ടെ കൊയിലാണ്ടി, കണ്ണൂരിലെ പയ്യന്നൂർ എന്നിവിടങ്ങളിലായി ആറ് പ്രാദേശിക ക്യാമ്പസുകളാണ് സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നത്.

സംസ്‌കൃത പഠനത്തിന് പുറമെ സാമൂഹിക ശാസ്ത്രം, കല, കായികം തുടങ്ങിയ മേഖലകളിൽ നൂതനമായ കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്. താല്‍പര്യമുള്ള വിദ്യാർഥികൾ www.ssus.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷകൾ സമർപ്പിക്കാൻ. അപേക്ഷാ ഫീസ്, പ്രവേശന പരീക്ഷയുടെ സിലബസ്, ഓരോ ക്യാമ്പസിലെയും സീറ്റുകളുടെ എണ്ണം തുടങ്ങിയ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഏപ്രിൽ 22-ന് മുൻപായി അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

സംസ്‌കൃതത്തിൻ്റെ വിവിധ ശാഖകൾ, ഭാരതസംസ്‌കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്‌ത്രം എന്നീ മേഖലകളിൽ അറിയപ്പെടുന്ന സര്‍വ്വകലാശാലയാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം, ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here