മേരി ക്യൂറി പിഎച്ച്ഡി സ്കോളർഷിപ്പ് യൂറോപ്പിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പൂർണ്ണമായും ധനസഹായം നൽകുന്ന ഏറ്റവും അഭിമാനകരമായ സ്കോളർഷിപ്പുകളിൽ ഒന്നാണ്.
യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ്, ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമുന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക്. പോർച്ചുഗലിലെ മിൻഹോ സർവകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ലഭിച്ചത്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്.
തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന നേടിയിരുന്നു. ബെസ്റ്റ് ഓവറോൾ ഫെർമോർമർക്കുള്ള സമ്മാനവും ഏറ്റവും മികച്ച പ്രൊജക്ടിനുള്ള ഒന്നാം സ്ഥാനവും യു.കെ യിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാത്തിമ ഷഹ്സീന കരസ്ഥമാക്കിയിട്ടുണ്ട്.
അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 – ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.
രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) വാഴ്സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ് ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭർത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെൻട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.
റേഡിയോ ആക്റ്റിവിറ്റി (ഈ പ്രയോഗം ക്യൂറിയുടെ സംഭാവനയാണ്) സംബന്ധിച്ച ഒരു സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേർതിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളിൽ പെടുന്നു. റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും വാഴ്സോയിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി. താൻ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നൽകിയത്. ഇത് 1898-ലായിരുന്നു വേർതിരിച്ചെടുത്തത്.
1934-ലാണ് മേരി ക്യൂറി മരിച്ചത്. പരീക്ഷണങ്ങളുടെ ഭാഗമായി വർഷങ്ങളോളം റേഡിയേഷൻ ഏറ്റതുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയയായിരുന്നു മരണകാരണം.





