നവംബറില്‍ അര്‍ജന്‍റീന കേരളത്തില്‍ കളിക്കില്ല; സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍

0
30

നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്‍റീന ഓസ്‌ട്രേലിയ്‌ക്കെതിരെ കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചത്.

കൊച്ചി: ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയും അര്‍ജന്‍റീന ടീമും നവംബറില്‍ കേരളത്തില്‍ കളിക്കാനെത്തില്ലെന്ന് സ്‌പോണ്‍സര്‍ തന്നെ (റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്റ്റ് കോര്‍പറേഷന്‍) ഒടുവില്‍ സ്ഥിരീകരിച്ചു. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (എഎഫ്‌എ) ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നും പ്രഖ്യാപനം ഉടനെയെന്നുമാണ് പറയുന്നത്.

നേരത്തെ നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്‍റീന ഓസ്‌ട്രേലിയ്‌ക്കെതിരെ കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചത്. അതിനിടെ ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴെല്ലാം സ്‌പോണ്‍സര്‍മാര്‍ അത് നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമം വഴി അര്‍ജന്‍റീന എത്തില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കി. അതേസമയം 2026 ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ മാര്‍ച്ചിലെ വിന്‍ഡോയില്‍ മെസ്സിപ്പടയെ കേരളത്തിലേക്കെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കേണ്ട. ലോകകപ്പ് കഴിയുന്നത് വരെ ടീമിനെ സൗഹൃദ മത്സരത്തിനായി ലഭിക്കാന്‍ സാധ്യതയില്ല.

കഴിഞ്ഞ ദിവസം എഫ്‌എ പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളില്‍ കേരളമില്ല. നവംബറില്‍ അങ്കോളയില്‍ മാത്രമാണ് മത്സരമെന്നാണ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ നവംബറില്‍ ഒറ്റ മത്സരം മാത്രമാണ് അര്‍ജന്‍റീനക്ക് ഉള്ളതെന്ന് വ്യക്തമായി. നവംബറില്‍ അര്‍ജന്‍റീന സ്‌പെയിനില്‍ പരിശീലനത്തിനായെത്തും. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയില്‍ വച്ച് സൗഹൃദ മത്സരം നടക്കും.

തുടര്‍ന്ന് സ്‌പെയിനിലേക്ക് തിരിച്ചെത്തുന്ന ടീം നവംബര്‍ 18 വരെ പരിശീലനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 18 വരെയാണ് സൗഹൃദ മത്സരങ്ങള്‍ക്കായി ഫിഫയുടെ വിന്‍ഡോയുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയ യുഎസിലേക്കാണ് യാത്ര തിരിക്കുക. നവംബര്‍ 14ന് വെനസ്വേലയേയും 18ന് കൊളംബിയയേയും ഓസ്‌ട്രേലിയ നേരിടും. ലോകകപ്പ് വിജയിച്ച അര്‍ജന്‍റീന ടീം നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രഖ്യാപനം.

ഇതിനായി അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കൊച്ചി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. കൂടാതെ ടീം വരുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കലൂര്‍ സ്റ്റേഡിയം യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണം ആരംഭിച്ചിരുന്നു. 70 കോടി ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യ സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ യുടെ ഭാഗമായി ലയണൽ മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here